Daily Saints

മാര്‍ച്ച് 25: മംഗളവാര്‍ത്ത തിരുനാള്‍


ദാവീദിന്റെ ഗോത്രത്തില്‍പ്പെട്ട യൊവാക്കിമിന്റേയും അന്നയുടേയും മകള്‍ മറിയത്തില്‍ നിന്ന് പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമനായ പുത്രന്‍ തമ്പുരാന്‍ മനുഷ്യാവതാരം ചെയ്യുമെന്ന സന്ദേശമാണ് ഇന്നത്തെ തിരുനാളിന്റെ അടിസ്ഥാനം. ഗബ്രിയേല്‍ ദൈവദൂതന്‍ കന്യകാമറിയത്തെ സമീപിച്ച് അഭിവാദനം ചെയ്തു. ‘നന്മനിറഞ്ഞവളേ, സ്വസ്തി സ്ത്രീകളില്‍ അനുഗൃഹീതേ കര്‍ത്താവ് നിന്നോടുകൂടെ.’ ദൈവദൂതന്റെ വാക്കുകള്‍ കേട്ട് അവള്‍ അസ്വസ്ഥയായി. ഈ അഭിവാദനത്തിന്റെ അര്‍ത്ഥമെന്തെന്ന് അവള്‍ ചിന്തിച്ചു കൊണ്ടിരുന്നു. അപ്പോള്‍ ദൈവദൂതന്‍ അവളോടു പറഞ്ഞു: ‘മറിയമേ ഭയപ്പടേണ്ട, ദൈവം നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ശിശുവിന് ഈശോ എന്ന് പേരിടണം. അവിടുന്ന് മഹാനാ യിരിക്കും. അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. ദൈവമായ കര്‍ത്താവ് പിതാവായ ദാവീദിന്റെ സിംഹാസനം അവിടുത്തേക്കു നല്‍കും, യാക്കോബിന്റെ ഗോത്രത്തില്‍ അവിടുന്ന് എന്നെന്നേക്കും രാജാവായി വാഴും. അവിടുത്തെ രാജ്യത്തിന് അന്ത്യമില്ലായിരിക്കും.’

അപ്പോള്‍ മറിയം ദൈവദൂതനോട് ചോദിച്ചു ‘ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.’ ദൈവദൂതന്‍ പ്രതിവചിച്ചു: ‘പരിശുദ്ധാത്മാവ് നിന്റെമേല്‍ എഴുന്നെള്ളും. അത്യുന്നതന്റെ ശക്തി നിന്റെമേല്‍ പ്രവര്‍ത്തിക്കും. തന്നിമിത്തം നിന്നില്‍നിന്നുത്ഭവിക്കുന്ന പരിശുദ്ധന്‍ ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടും. ഇതാ നിന്റെ ചാര്‍ച്ചക്കാരിയായ എലിസബത്ത് വാര്‍ദധക്യത്തില്‍ ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്ന് അറിയപ്പെട്ടിരുന്നവള്‍ക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ലല്ലോ.’

ഉടനെ മറിയം പ്രതിവചിച്ചു: ‘ഇതാ കര്‍ത്താവിന്റെ ദാസി! അങ്ങ് പറഞ്ഞതുപോലെ എന്നില്‍ സംഭവിക്കട്ടെ.’ അത്യുന്നതമായ ദൈവമാതൃസ്ഥാനം മറിയം അഗാധമായ എളിമയോടെ സ്വീകരിച്ചതു ധ്യാനിക്കാം. സന്തോഷത്തിലും സങ്കടത്തിലും ദൈവ തിരുമനസ്സിന് കീഴ്്‌വഴങ്ങുവാന്‍ നമുക്ക് സന്നദ്ധരാകാം.


Leave a Reply

Your email address will not be published. Required fields are marked *