ഫാ. മാത്യു മാവേലിക്ക് താമരശ്ശേരി രൂപതയുടെ അശ്രുപൂജ:സംസ്‌ക്കാരം നാളെ കൈനകരിയില്‍

താമരശ്ശേരി രൂപത മുന്‍ വികാരി ജനറലും, മുന്‍ കോര്‍പ്പറേറ്റ് മാനേജരും, കല്ലുരുട്ടി സെന്റ് തോമസ് ഇടവകയുടെ ഇപ്പോഴത്തെ വികാരിയുമായിരുന്ന ഫാ. മാത്യു മാവേലിയുടെ സംസ്‌ക്കാരം നാളെ (07-05-2024) നടക്കും. നാളെ ആലപ്പുഴ കൈനകരിയിലുള്ള സഹോദരന്‍ സഖറിയാസ് മാവേലിയുടെ ഭവനത്തില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ സഹോദരന്റെ ഭവനത്തില്‍ നിന്ന് ആരംഭിച്ച് അറുനൂറ്റംപാടം സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കും അനുബന്ധ ശുശ്രൂഷകള്‍ക്കും ശേഷം കൈനകരിയിലുള്ള സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

സ്വഭവനമായ കൈനകരിയിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനില്‍ ദേഹാസ്ഥ്വാഥ്യം അനുഭവപ്പെട്ട ഫാ. മാത്യു മാവേലിയെ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നു രാവിലെ 07.41 ന് മരണമടയുകയായിരുന്നു.

1949 ജൂണ്‍ 19ന് ചങ്ങനാശ്ശേരി അതിരൂപതയിലെ കൈനകരി ഇടവകയിലെ പരേതരായ മാവേലില്‍ മാത്യു – അന്നമ്മ ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലാമത്തെ മകനായി ജനിച്ചു. കൈനകരിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1964-ല്‍ അഭിഭക്ത തലശ്ശേരി രൂപത മൈനര്‍ സെമിനാരിയില്‍ വൈദിക പഠനം ആരംഭിച്ചു. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ തത്വശാസ്ത്ര – ദൈവശാസ്ത്ര പഠനം നടത്തി. തലശ്ശേരി രൂപതയ്ക്കുവേണ്ടി 1973 ഡിസംബര്‍ 18ന് കൈനകരി സെന്റ് ഏലിയാസ് ആശ്രമത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളയില്‍ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു.

1974-ല്‍ കൂടരഞ്ഞി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ചു. പേരാവൂര്‍, ആലക്കോട് എന്നിവടങ്ങളിലും അസിസ്റ്റന്റ് വികാരിയായി. തുടര്‍ന്ന് വാലില്ലാപ്പുഴ, തലയാട്-വയലിട, റയറോം, വിളക്കാംതോട്, തേക്കുംകുറ്റി, കൂമുള്ളി, ആനക്കാംപൊയില്‍, കൂരാച്ചുണ്ട്, താമരശ്ശേരി എന്നിവിടങ്ങളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു. തലശ്ശേരി രൂപത മൈനര്‍ സെമിനാരിയില്‍ സ്പിരിച്ച്വല്‍ ഡയറക്ടറായും താമരശ്ശേരി രൂപത മൈനര്‍ സെമിനാരിയില്‍ റെക്ടറായും സ്പിരിച്ച്വല്‍ ഡയറക്ടറായും താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 മുതല്‍ 2018 വരെ താമരശ്ശേരി രൂപതയുടെ വികാരി ജനറാലായിരുന്നു. 2022 മുതല്‍ കല്ലുരുട്ടി സെന്റ് തോമസ് ഇടവകയിലെ വികാരിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

സഹോദരങ്ങള്‍: പരേതനായ ജോസഫ് മാത്യു കൈതവന, പരേതനായ തോമസ് മാത്യു കൈനകരി, സഖറിയാസ് മാത്യു കൈനകരി, തങ്കമ്മ ജെയിംസ് കൂപ്ലിക്കാട്.

Exit mobile version