മെയ് 5: ജെറുസലേമിലെ വിശുദ്ധ ആഞ്ചെലൂസ്
ക്രിസ്തുമതത്തിലേക്ക് മാനസാന്തരപ്പെട്ട യഹൂദ മാതാപിതാക്കന്മാരില്‍ നിന്ന് വിശുദ്ധ നഗരമായ ജെറുസലേമില്‍ ആഞ്ചെല്ലൂസ് ജനിച്ചു. ഏകാന്തതയോട് ബാലനായ ആഞ്ചെല്ലൂസ് പ്രത്യേക താല്‍പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. അതിനാല്‍ ആഞ്ചെലൂസ് കാര്‍മെല്‍ മലയില്‍ താമസിച്ചിരുന്ന സന്യാസികളുടെ ഗണത്തില്‍ ചേര്‍ന്നു. അന്ന് പ്രിയോരായിരുന്ന വിശുദ്ധ ബ്രോക്കാര്‍ഡ് കര്‍മ്മലീത്താ സഭ സ്ഥാപിച്ചുവെന്നു പറയാം. ജെറൂസലേമിലെ പേട്രിയാര്‍ക്ക് വിശുദ്ധ ആള്‍ബെര്‍ട്ട് പുതിയ സഭയ്ക്കുവേണ്ട നിയമം എഴുതിയുണ്ടാക്കി. 1203 പുതിയ സഭ രൂപംകൊണ്ടപ്പോള്‍ ആഞ്ചെലൂസ് ആ സഭയില്‍ അംഗമായി.
പുതിയ നിയമ സംഹിതയ്ക്ക് അംഗീകാരം വാങ്ങിക്കാന്‍ നിയുക്തനായത് ഫ്രായര്‍ ആഞ്ചെലൂസാണ്. അദ്ദേഹം റോമില്‍ പോയി മൂന്നാം ഹൊണോരിയൂസു മാര്‍പ്പാപ്പായെ കണ്ട് കാര്യം ബോധിപ്പിച്ചു. അവിടെനിന്ന് അദ്ദേഹം സിസിലിയില്‍ പോയി സുവിശേഷ പ്രസംഗം നടത്തി. അവിടെ അദ്ദേഹം സ്‌നാപക യോഹന്നാനെപ്പോലെ ഒരു ദുര്‍മ്മാര്‍ഗ്ഗിയെ ശാസിച്ചു. കുപിതനായ പാപി ഫ്രയര്‍ ആഞ്ചെലൂസിനെ വധിച്ചു.