മെയ് 18: വിശുദ്ധ ഒന്നാം യോഹന്നാന്‍ മാര്‍പാപ്പ
വളരെ കഷ്ടപ്പെട്ടിട്ടുള്ള ഒരു മാര്‍പാപ്പയാണു ജോണ്‍ ഒന്നാമന്‍. അദ്ദേഹം ടസ്‌കനിയില്‍ ജനിച്ചു. റോമന്‍ പുരോഹിതനായി സേവനമാരംഭിച്ച് ആദ്യം ആര്‍ച്ചുഡീക്കനും 523-ല്‍ മാര്‍പാപ്പായുമായി. ഓസ്ട്രൗഗോത്തുകളുടെ രാജാവായ തെയോഡോറിക്ക് ആര്യന്‍ അനുഭാവിയായിരുന്നു. അദ്ദേഹം ജോണ്‍ മാര്‍പാപ്പയോടു കോണ്‍സ്റ്റാന്റിനോപ്പിളില്‍ പോയി ജസ്റ്റിന്‍ ചക്രവര്‍ത്തിയെ കണ്ട് ആര്യന്‍പാഷണ്ഡികളോടു അനുകമ്പാപൂര്‍വം പെരുമാറാന്‍ അഭ്യര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു.
മാര്‍പാപ്പാ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പോയി. അവിടെ അദ്ദേഹത്തിന് വമ്പിച്ച ഒരു സ്വീകരണം ലഭിച്ചു. ലത്തീന്‍ റീത്തില്‍ കുര്‍ബാന ചൊല്ലാനും അനുമതി നല്കി. ജസ്റ്റിന്‍ ചക്രവര്‍ത്തിയോടു ക്രിസ്ത്യാനികളെ മര്‍ദ്ദിക്കരുതെന്നു മാത്രമേ മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചുളളൂ.
മാര്‍പ്പാപ്പാ മടങ്ങിവന്നപ്പോള്‍ തെയോഡോറിക്കു രാജാവ് മാര്‍പാപ്പായുടെ മൈത്രിയെപ്പറ്റി സംശയിക്കുകയും, അദ്ദേഹം ജസ്റ്റിന്‍ ചക്രവര്‍ത്തിയോടു യോജിച്ചു തനിക്കെതിരായി ഉപജാപകവൃത്തി അനുഷ്ഠിക്കുകയാണെന്നു കരുതി മാര്‍പാപ്പായെ റവേന്നാ ജയിലില്‍ അടയ്ക്കുകയും ചെയ്തു. ജയിലിലെ ക്രൂരമായ പെരുമാറ്റം കൊണ്ടായിരിക്കാം മാര്‍പാപ്പാ ജയിലില്‍ വച്ചു നിര്യാതനായത്. അധികാരഭ്രമിയായ ചക്രവര്‍ത്തിയുടെ ക്രൂരതയ്ക്കു നിഷ്‌കളങ്കനായ മാര്‍പാപ്പാ വിധേയനായി. ആവലാതികൂടാതെ സഹിച്ച് അദ്ദേഹം വിശുദ്ധനായി.