Daily Saints

മെയ് 21: വിശുദ്ധ ഗോഡ്രിക്ക്


ഇംഗ്ലണ്ടില്‍ നോര്‍ഫോള്‍ക്കില്‍ താഴ്ന്ന ഒരു കുടുംബത്തില്‍ ഗോഡ്രിക്ക് ജനിച്ചു. യുവാവായിരിക്കുമ്പോള്‍ സാധനങ്ങള്‍ വീടു തോറും കൊണ്ടുനടന്ന് വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്. യാത്രകളില്‍ വിശുദ്ധ കുത്ത്ബര്‍ട്ടിന്റെ അന്തിമ വിശ്രമകേന്ദ്രം സന്ദര്‍ശിച്ച് ആ വിശുദ്ധനെ അനുകരിക്കാനുള്ള അനുഗ്രഹം പ്രാര്‍ത്ഥിച്ചു. അതോടെ ഒരു പുതിയ ജീവിതമാരംഭിച്ചു. പ്രായശ്ചിത്തബഹുലമായ ഒരു തീര്‍ത്ഥയാത്ര ജറുസലേമിലേക്കു നടത്തി.

നോര്‍ഫോള്‍ക്കില്‍ തിരിച്ചെത്തിയശേഷം ഒരു മുതലാളിയുടെ വീട്ടില്‍ കുറെനാള്‍ കാര്യസ്ഥനായി നിന്നു. മറ്റു ഭ്യത്യരെ നയിക്കാന്‍ കഴിയാഞ്ഞതുകൊണ്ട് ആ ഉദ്യോഗം അധികം നാള്‍ നീണ്ടുനിന്നില്ല. റോമയും ഫ്രാന്‍സില്‍ വിശുദ്ധ ഗൈല്‍സിന്റെ തീര്‍ത്ഥ കേന്ദ്രവും സന്ദര്‍ശിച്ചശേഷം ഗോഡ്രിക്ക് നോര്‍ഫോള്‍ക്കിലേക്ക് തിരിയെ വന്നു.

ഡര്‍ഹാം ആശ്രമത്തില്‍ കുറെനാള്‍ താമസിച്ചിരുന്ന ഗോഡ്വിന്‍ എന്ന ഒരു ഭക്തന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം കാര്‍ലൈലിന് വടക്കുള്ള ഒരു വനാന്തരത്തില്‍ സന്യാസമുറയനുസരിച്ച് ഗോഡ്രിക്ക് താമസിച്ചു. രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ ഗോഡ്വിന്‍ മരിച്ചു. അനന്തരം രണ്ടാംപ്രാവശ്യം ജറുസലേമിലേക്ക് ഗോഡ്രിക്ക് ഒരു തീര്‍ത്ഥാടനം നടത്തി. മടങ്ങി വന്നശേഷം വിറ്റ്ബിക്കു സമീപമുള്ള ഏകാന്തത്തില്‍ ഒന്നരവര്‍ഷത്തോളം ചെലവഴിച്ചു അവിടെനിന്നു ഡര്‍ഹാമില്‍ വിശുദ്ധ ഡര്‍ഹാമിന്‍ തീര്‍ത്ഥത്തില്‍ കുറെനാള്‍ താമസിച്ചശേഷം അഞ്ചു കിലോമീറ്റര്‍ ദൂരെയുളള ഹിറ്റ്‌ലി മരുഭൂമിയില്‍ താമസംതുടങ്ങി. അവിടെ അദ്ദേഹം അനുഷ്ഠിച്ച പ്രായശ്ചിത്തങ്ങള്‍ അനുകരണാതീതമായിത്തോന്നുന്നു. പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും തന്നെയായിരുന്നു ജീവിതം. ധ്യാനത്തിന് പകലും രാത്രിയും മതിയാകാഞ്ഞപോലെയാണ് അദ്ദേഹത്തിന് തോന്നിയത്. രോഗങ്ങളും വ്രണങ്ങളുടെ വേദനയും മറ്റു ക്ലേശങ്ങളും സസന്തോഷം സഹിച്ച അദ്ദേഹത്തിന്റെ ക്ഷമ അസാധാരണവും എളിമയും ശാന്തതയും വിസ്മയാവഹവുമായിരുന്നു.

ഡര്‍ഹാമിലെ പ്രിയോരുടെ അനുവാദത്തോടുകൂടെ വന്നിരുന്നവര്‍ക്ക് അദ്ദേഹം ഉപദേശം നല്കിയിരുന്നതുകൊണ്ട് തന്റഎ കഴിവുകള്‍ മുഴുവനും അദ്ദേഹത്തിന് മറച്ചുവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. മരിക്കുന്നതിനു മുമ്പ് ദീര്‍ഘനാള്‍ തളര്‍ന്നു കിടന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ നാവു ദൈവത്തിന്റെ സ്തുതികള്‍ പ്രകീര്‍ത്തിക്കുന്നതില്‍ നിന്നു വിരമിച്ചില്ല. അങ്ങനെ 1170-ല്‍ ഗോഡ്രിക്ക് സ്വര്‍ഗ്ഗപ്രാപ്തനായി.


Leave a Reply

Your email address will not be published. Required fields are marked *