ജൂണ്‍ 6: വിശുദ്ധ നോര്‍ബെര്‍ട്ട് മെത്രാന്‍


പ്രിമോണ്‍സ്‌ട്രൈന്‍സെസ് എന്ന ഉച്ചാരണക്ലിഷ്ടമായ നാമധേയമുള്ള സന്യാസസഭയുടെ സ്ഥാപകനാണു വിശുദ്ധ നോര്‍ബെര്‍ട്ട്. അദ്ദേഹം റൈന്‍ലാന്റില്‍ രാജകുടുംബത്തില്‍ ജനിച്ചു. പഠനത്തിനു സമര്‍ത്ഥനായിരുന്നു. സുഖമായി ജീവിക്കണമെന്നതു മാത്രമായിരുന്നു ചിന്ത. ഉല്ലാസപ്രിയനായ നോര്‍ബെര്‍ട്ട് കൂടുതല്‍ നിയന്ത്രണം വന്നേക്കുമെന്നുള്ള ഭയത്താല്‍ അഞ്ചാം പട്ടം കഴിഞ്ഞു മുന്നോട്ടു പോയില്ല.

അദ്ദേഹത്തെ ബന്ധിച്ചിരുന്ന അലസതാശൃംഖലയെ ഭേദിക്കാന്‍ ഒരു അസാധാരണാനുഗ്രഹം വേണ്ടിയിരുന്നു. ഒരിക്കല്‍ ഒരു മൈതാനത്തുകൂടെ കുതിരപ്പുറത്തു സവാരിചെയ്യുമ്പോള്‍ കാറും കോളും വരുകയും കുതിര ഭയന്നു കുതിരക്കാരനെ തള്ളി
താഴെ ഇടുകയും അവിടെ ബോധമില്ലാതെ രണ്ടുമണിക്കൂര്‍ കിടക്കുകയും ചെയ്തു. ബോധം വന്നപ്പോള്‍ സാവൂളിനെപ്പോലെ ചോദിച്ചു: ‘കര്‍ത്താവേ, ഞാന്‍ എന്തുചെയ്യണമെന്നാണ് അങ്ങയുടെ തിരുമനസ്സ്?’ ആന്തരികമായ ഒരു സ്വരം ശ്രാവ്യമായി ‘തിന്മയില്‍നിന്ന് അകന്ന് നന്മ ചെയ്യുക; പിന്തുടരുക.’ സമാധാനത്തെ അനുതാപപൂരിതനായ നോര്‍ബെര്‍ട്ട് കൊട്ടാരത്തിലേക്കു തിരിച്ചു പോകുന്നതിനുപകരം മൗനവും ഏകാന്തവും ഭജിച്ചു; രോമച്ചട്ട ധരിച്ചു; പ്രാര്‍ത്ഥനയിലും ധ്യാനത്തിലും നിമഗ്നനായി. വിശുദ്ധ സിഗ്‌ബെര്‍ട്ടിന്റെ സെമിനാരിയില്‍ വച്ചുനടത്തിയ ധ്യാനംകൊണ്ടു മാനസാന്തരം പൂര്‍ത്തിയായി. രണ്ടു കൊല്ലവും കൂടി ഒരുങ്ങിയ ശേഷം പുരോഹിതപട്ടം സ്വീകരിച്ചു നാല്പതുദിവസത്തെ ഒരു ധ്യാനവും കഴിഞ്ഞാണ് പ്രഥമ ദിവ്യബലി അര്‍പ്പിച്ചത്. സുവിശേഷ വായനയ്ക്കുശേഷം ലൗകികസുഖങ്ങളുടെ മായാസ്വഭാവത്തെപ്പറ്റി അദ്ദേഹം സംസാരിച്ചു. തനിക്കുണ്ടായിരുന്ന സമ്പാദ്യ മെല്ലാം ദരിദ്രര്‍ക്കു കൊടുത്തശേഷം ജെലാസിയൂസു പാപ്പായുടെ അടുക്കല്‍ ഒരു മുഴുവന്‍ കുമ്പസാരം കഴിച്ചു. സൗകര്യമുള്ളിടങ്ങളിലെല്ലാം സുവിശേഷം പ്രസംഗിക്കാനുള്ള അനുവാദം അദ്ദേഹം വാങ്ങി. ഞായറാഴ്ചകളിലൊഴികെ മറ്റു ദിവസങ്ങളില്‍ സന്ധ്യാസമയംവരെ ഒന്നും ഭക്ഷിച്ചിരുന്നില്ല.

അക്കാലത്തു മാര്‍പ്പാപ്പായുടെ അനുവാദത്തോടുകൂടെ പിമോണ്‍സിയന്‍ സന്യാസസഭ അദ്ദേഹം ആരംഭിച്ചു. ഇടവകവൈദികരുടെ ജോലിയും ചെയ്യണം; സന്യാസനിയമങ്ങള്‍ പാലിക്കുകയും വേണം അഗസ്റ്റീനിയന്‍ സഭയുടെ പരിഷ്‌കൃതനിയമങ്ങളാണ് അദ്ദേഹം സ്വീകരിച്ചത്.

വിശുദ്ധ കുര്‍ബാനക്കെതിരായി ദൂഷണങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ഒരുകൂട്ടര്‍ അന്ന് ആന്റുവെര്‍പ്പിലുണ്ടായിരുന്നു. അവരില്‍ ചിലര്‍ തിരുവോസ്തി മലിന പ്രദേശങ്ങളില്‍ കുഴിച്ചിട്ട് വിദ്വേഷം പ്രകടമാക്കിയിരുന്നു. നോര്‍ബെര്‍ട്ട് ആ തിരുവോസ്തി കണ്ടുപിടിച്ച് സക്രാരിയില്‍ ആഘോഷപൂര്‍വ്വം സ്ഥാപിച്ചുവന്നു. ഹൃദയസ്പര്‍ശകമായ പ്രസംഗങ്ങള്‍വഴി അദ്ദേഹം പാഷണ്ഡികളെ മാനസാന്തരപ്പെടുത്തി. ആകയാല്‍ വിശുദ്ധ നോര്‍ബെര്‍ട്ടിനെ അരുളിക്ക കൈയില്‍ പിടിച്ചിരിക്കുന്നതായിട്ടാണ് ചിത്രിക്കാറുള്ളത്.


Leave a Reply

Your email address will not be published. Required fields are marked *