Tuesday, February 11, 2025
Daily Saints

മെയ് 27: കാന്റര്‍ബറിയിലെ വിശുദ്ധ അഗസ്റ്റിന്‍ മെത്രാന്‍


ഇംഗ്ലണ്ടിലെ അപ്പസ്‌തോലനും കാന്റര്‍ബറിയിലെ പ്രഥമ ആര്‍ച്ചു ബിഷപ്പുമായ അഗസ്റ്റിന്‍ റോമിലാണ് ജനിച്ചത്. ചേളിയന്‍ എന്ന സ്ഥലത്തുണ്ടായിരുന്ന വി. ആന്‍ഡ്രുവിന്റെ ആശ്രമത്തില്‍നിന്നു മുപ്പതുപേരെ 596-ല്‍ അവരുടെ പ്രിയോരായിരുന്ന അഗസ്റ്റിന്റെ നേത്യത്വത്തില്‍ ഇംഗ്ലണ്ടിലെ അംഗ്ലി എന്ന വര്‍ഗ്ഗത്തെ ആഞ്ചെലി (മാലാഖമാര്‍) ആക്കാന്‍ മഹാനായ ഒന്നാം ഗ്രിഗറി മാര്‍പ്പാപ്പാ ഇംഗ്ലണ്ടിലേക്ക് അയച്ചു. ക്രൂരരായ കാട്ടു ജാതിക്കാരാണ് ആംഗ്‌ളി എന്നു കേട്ടപ്പോള്‍ അഗുസ്റ്റിന്‍ മടങ്ങിപ്പോരാന്‍ തുടങ്ങി. അപ്പോള്‍ തീക്ഷ്ണമതിയായ ഗ്രിഗറി എഴുതി: ”ദൈവനാമത്തില്‍ മുന്നോട്ടു പോകുക. കഷ്ടതകള്‍ എത്രകണ്ടു കൂടുന്നുവോ അത്രകണ്ടു വിശിഷ്ടമായിരിക്കും കിരീടം. സര്‍വ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹം അങ്ങയെ പരിപാലിക്കട്ടെ അങ്ങയുടെ അധ്വാനത്തിന്റെ ഫലം സ്വര്‍ഗ്ഗരാജ്യത്തില്‍ ദര്‍ശിക്കാന്‍ എനിക്കു അനുഗ്രഹം ലഭിക്കുമാറാകട്ടെ, എനിക്ക് അങ്ങയുടെ അധ്വാനത്തില്‍ പങ്കെടുക്കുവാന്‍ കഴിയുകയില്ലെങ്കിലും അങ്ങയുടെ കൊയ്ത്തില്‍ ഞാന്‍ പങ്കെടുക്കുമാറാകട്ടെ. സന്മനസ്സിന് എനിക്ക് ഒരു കുറവുമില്ലെന്നു ദൈവം അറിയുന്നുണ്ടല്ലോ.’

വി അഗസ്റ്റിനും കൂട്ടുകാര്‍ക്കും അപ്രതീക്ഷിതമായ ഒരു വിജയം ഇംഗ്ലണ്ടിലുണ്ടായി. കെന്റിലെ രാജാവായ എഥെല്‍ബര്‍ട്ടിന്റെ ഭാര്യ ഒരു ക്രൈസ്തവ വനിത ആയിരുന്നു. വിശുദ്ധ അഗുസ്റ്റിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഉടനടി പൂവണിഞ്ഞു. 596-ല്‍ത്തന്നെ എഥെല്‍ബര്‍ട്ടു രാജാവും പതിനായിരം പ്രജകളും ഒരുമിച്ചു ജ്ഞാനസ്നാനം സ്വീകരിച്ചു. ക്രമേണ ക്രിസ്തീയ വിശ്വാസം ഇംഗ്ലണ്ടില്‍ പരന്നു. അഗുസ്റ്റിന്‍ ഫ്രാന്‍സില്‍ പോയി മെത്രാഭിഷേകം സ്വീകരിച്ചു മടങ്ങി.

ആര്‍ച്ചു ബിഷപ്പ് അഗുസ്റ്റിന്‍ ആംഗ്ലോസാക്സണ്‍ ക്രിസ്ത്യാനികളേയും പൂര്‍വ്വ ബ്രിട്ടണ്‍ ക്രിസ്ത്യാനികളേയും രമ്യപ്പെടുത്താന്‍ ചെയ്ത പരിശ്രമം വിജയിച്ചില്ല. പൂര്‍വ്വക്രിസ്ത്യാനികള്‍ സ്വീകരിച്ചിരുന്ന കെല്‍ട്ടിക്ക് സമ്പ്രദായങ്ങള്‍ റോമന്‍ സമ്പ്രദായങ്ങളില്‍നിന്നു വിഭിന്നങ്ങളായിരുന്നു. ”വിജാതീയ ക്ഷേത്രങ്ങളെ പവിത്രീകരിക്കുക നശിപ്പിക്കേണ്ടതില്ല, വിജാതീയ ഉത്സവങ്ങളും കര്‍മ്മങ്ങളും കഴിയുന്നത്ര സ്വീകരിക്കുക, എന്ന മാര്‍പാപ്പയുടെ ഉപദേശം എത്രയും പുരോഗമനാത്മകമായി കരുതണം. എന്നിട്ടും ആംഗ്ലോ സാക്‌സണ്‍ ക്രിസ്ത്യാനികളും പൂര്‍വ്വ ബ്രിട്ടന്‍ ക്രിസ്ത്യാനികളും ഐക്യപ്പെട്ടില്ല. 8 കൊല്ലത്തെ കഠിനമായ അധ്വാനത്തിനുശേഷം ആര്‍ച്ച് ബിഷപ്പ് അഗസ്റ്റിന്‍ 604 ല്‍ ദിവംഗതനായി.


Leave a Reply

Your email address will not be published. Required fields are marked *