ജൂണ്‍ 10: വിശുദ്ധ ബാര്‍ദോ മെത്രാന്‍
ഫുള്‍ഡാ ബെനഡിക്ടന്‍ ആശ്രമത്തില്‍ പഠിച്ച് ബെനഡിക്ടന്‍ സഭാവസ്ത്രം സ്വീകരിച്ച ബാര്‍ദോ ജര്‍മ്മനിയില്‍ ഓപ്പെര്‍ഷോഫെനിലാണ് ജനിച്ചത്. സന്യാസികള്‍ക്ക് ഒരുത്തമ മാതൃകയായിരുന്നു. അദ്ദേഹം സന്യാസവസ്ത്രം അണിഞ്ഞു തുടങ്ങിയപ്പോള്‍ത്തന്നെ അദ്ദേഹം ഡീനായി നിയമിക്കപ്പെട്ടു. തപസ്സിനും പ്രായശ്ചിത്തത്തിനും അത്യന്തം ആര്‍ത്തി തന്നെ അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്നു. 47-മത്തെ വയസ്സില്‍ വെര്‍ഡെന്‍ ആശ്രമത്തിലെ ആബട്ടായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു വര്‍ഷം കഴിഞ്ഞ് 1031-ല്‍ ഹെഴ്ഫെല്‍ഡ് ആശ്രമത്തില്‍ ആബട്ടായി. അതേവര്‍ഷം തന്നെ അദ്ദേഹം മെയിന്‍സ് ആര്‍ച്ചുബിഷപ്പായി നിയമിക്കപ്പെട്ടു. കുറേനാള്‍ അദ്ദേഹം സാമ്രാജ്യത്തിലെ ചാന്‍സലര്‍ സ്ഥാനവും വഹിച്ചിരുന്നു.
ദരിദ്രരോടും അഗതികളോടും അദ്ദേഹം പ്രകാശിപ്പിച്ചിരുന്ന സ്‌നേഹം അന്യാദൃശമായിരുന്നു. മൃഗങ്ങളെകൂടി എത്രയും ദയയോടെയാണ് സംരക്ഷിച്ചിരുന്നത്. അദ്ദേഹത്തിന്റെ പ്രായശ്ചിത്തങ്ങളേയും തപോനിഷ്ഠകളേയും പറ്റി കേള്‍ക്കാനിടയായ ഒമ്പതാം ലെയോന്‍ മാര്‍പ്പാപ്പാ അവ സ്വല്പം കുറയ്ക്കണമെന്ന് ഉപദേശിക്കുകയുണ്ടായി. തപസ്സും അജഗണങ്ങള്‍ക്കുവേണ്ടിയുള്ള കഠിനാധ്വാനവും ദൈവാനുഗ്രഹത്താല്‍ 71-ാമത്തെ വയസ്സുവരെ തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.