Daily Saints

ജൂണ്‍ 11: വിശുദ്ധ ബര്‍ണബാസ്


പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം അപ്പസ്‌തോലന്മാര്‍ ആവേശപൂര്‍വ്വം ഈശോയുടെ പുനരുത്ഥാനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നു. സുവിശേഷ സന്ദേശം സ്വീകരിച്ചവരില്‍ പലരും തങ്ങളുടെ വീടും പറമ്പുകളും വിറ്റ് പണം അപ്പസ് തോലന്മാരെ ഏല്പിക്കുവാനും ഓരോരുത്തരുടേയും ആവശ്യമനുസരിച്ച് അത് വിതരണം ചെയ്യാനും തുടങ്ങി. അങ്ങനെ തനിക്കുണ്ടായിരുന്ന വസ്തു വിറ്റ് പണം ശ്‌ളീഹന്മാരുടെ പാദത്തുങ്കല്‍ സമര്‍പ്പിച്ചവരില്‍ ഒരാളായിരുന്നു സൈപ്രസുകാരനായ യൗസേപ്പ് എന്ന ലേവ്യന്‍. ശ്‌ളീഹന്മാര്‍ അദ്ദേഹത്തെ ബര്‍ണബാസ്, അതായത്, ആശ്വാസപുത്രന്‍ എന്നു പേരിട്ടു. (നട 4: 34-36)

പൗലോസു ശ്‌ളീഹായുടെ മാനസാന്തരത്തിനുശേഷം ശ്ലീഹയോടൊപ്പം ബര്‍ണബാസ് വിജാതിയരുടെ ഇടയില്‍ സുവിശേഷ പ്രചാരണത്തിനായി നിയോഗിക്കപ്പെട്ടു. അവര്‍ സെലൂക്യയിലേക്കും അവിടെനിന്നു സൈപ്രസ്സിലേക്കും കപ്പല്‍ കയറി.

കുറേക്കാലം അവര്‍ യഹൂദരോട് പ്രസംഗിച്ചു. പിന്നീട് അവര്‍ വിജാതീയരുടെ അടുക്കലേക്കു തിരിഞ്ഞു. പൗലോസിന്റെയും ബര്‍ണബാസിന്റെയും പ്രസംഗങ്ങള്‍ കേട്ടവര്‍ പൗലോസിനെ മെര്‍ക്കുറിയെന്നും ബര്‍ണബാസിനെ ജൂപ്പിറ്ററെന്നും വിളിച്ചു. (നട 14: 11-12)

പൗലോസും ബര്‍ണബാസും ജെറുസലം സൂനഹദോസു വരെ ഒരുമിച്ച് യാത്ര ചെയ്തു. അനന്തരം അവര്‍ പിരിഞ്ഞു. ജെറുസലേമില്‍ പഞ്ഞം വന്നപ്പോള്‍ അന്തിയോക്യയില്‍ ഒരു പിരിവ് നടത്തി പണം ജെറുസലേമില്‍ എത്തിച്ചു. പിന്നീട് ബര്‍ണബാസ് ജോണ്‍മാര്‍ക്കിന്റെകൂടെ സൈപ്രസ്സിലേക്കു പോയി അവിടെ സ്വന്തം നാട്ടുകാരോട് സുവിശേഷം പ്രസംഗിച്ചു. അവിടെവച്ച് 61-ന് മുമ്പു ബര്‍ണബാസ് രക്തസാക്ഷിത്വ മകുടം ചൂടി.


Leave a Reply

Your email address will not be published. Required fields are marked *