Daily Saints

ജൂണ്‍ 9: വിശുദ്ധ എഫ്രേം വേദപാരംഗതന്‍


സിറിയന്‍ സഭയിലെ ഏകവേദപാരംഗതനാണ് കവിയും വാഗ്മിയും പരിശുദ്ധാത്മാവിന്റെ വീണയുമായ വിശുദ്ധ എഫ്രേം. അദ്ദേഹം മെസൊപ്പെട്ടേമിയായില്‍ നിസിബിസ്സില്‍ ജനിച്ചു. 18-ാമത്തെ വയസ്സിലാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചത്. കുറേനാള്‍ സ്വദേശത്ത് ഉപദേഷ്ടാവായി ജോലി ചെയ്തു. പേഴ്ഷ്യര്‍ നിസിബിസു പിടിച്ചടക്കിയപ്പോള്‍ മതമര്‍ദ്ദനം ഉണ്ടാകുമെന്ന് ഭയന്ന് എഫ്രേം ഉള്‍പ്പെടെ പല ക്രിസ്ത്യാനികളും എദേസ്സായിലേക്ക് പലായനം ചെയ്തു. അവിടത്തെ വിശുദ്ധ ഗ്രന്ഥവിദ്യാലയത്തിനു പേരും പെരുമയും വരുത്തിയത് എഫ്രേമാണ്. അവിടെവച്ച് ആറാംപട്ടം സ്വീകരിച്ചെങ്കിലും പൗരോഹിത്യം സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ എളിമ സമ്മതിച്ചില്ല. പിന്നീട് മെത്രാഭിഷേകത്തിനു ക്ഷണമുണ്ടായപ്പോള്‍ ഭ്രാന്ത് അഭിനയിച്ചാണ് ആ ബഹുമാനത്തില്‍നിന്ന് ഒഴിഞ്ഞു മാറിയത്

ഡീക്കണ്‍ എഫ്രേം വെറും നിലത്തുകിടന്നാണ് ഉറങ്ങി യിരുന്നത്. രാത്രി ദീര്‍ഘമായി അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നു; പല ദിവസവും ഉപവസിച്ചിരുന്നു. വല്ലവരും സ്തുതിച്ചു സംസാരിക്കുകയാണെങ്കില്‍ അദ്ദേഹം വിയര്‍ത്തുകുളിക്കും. ഒരു ദിവസം ഒരു സഹോദരന്‍ അത്താഴം കൊണ്ടുവന്നപ്പോള്‍ പാത്രം താഴെവീണു ഭക്ഷണം നഷ്ടപ്പെട്ടു. സഹോദരന്റെ പരിഭ്രമം കണ്ടിട്ട് എഫ്രേം പറഞ്ഞു: ”അത്താഴം ഇങ്ങോട്ടു വരില്ല; നമുക്ക് പോകാം” എന്നുപറഞ്ഞ് ഭക്ഷണം വീണ സ്ഥലത്തു നിന്നു പെറുക്കിത്തിന്നാവുന്നതെല്ലാം തിന്നു.

ശുദ്ധമായ സുറിയാനി ഭാഷ കൈമുതലുണ്ടായിരുന്ന എഫ്രേം എഴുതിയിട്ടുള്ള ഗ്രന്ഥങ്ങള്‍ എത്രയും വിശിഷ്ടങ്ങളാണ്; അദ്ദേഹത്തിന്റെ വിശുദ്ധി സുതരാം സുവ്യക്തമാക്കുന്നു. അന്തിമവിധിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ കവിത ഡാന്റെയ്ക്ക് ഉത്തേജനം നല്കി അനേകരെ പാപജീവിത ത്തില്‍നിന്ന് അകറ്റി. പാഷണ്ഡികള്‍ തങ്ങളുടെ അബദ്ധ ങ്ങള്‍ പ്രചരിപ്പിക്കാന്‍ പാട്ടുകള്‍ എഴുതി തെരുവീഥിയില്‍കൂടെ പാടി നടന്നിരുന്നു. എഫ്രേം ഗാനരൂപത്തില്‍ത്തന്നെ പ്രത്യാഖ്യാനമെഴുതി. അങ്ങനെയാണ് പരിശുദ്ധാത്മാവിന്റെ വീണ എന്ന് പേരുണ്ടായത്.

372-ല്‍ എഫ്രേം സേസരെയായില്‍ പോയി വിശുദ്ധ ബാസിലിന്റെ ഒരു പ്രസംഗം ശ്രവിച്ചു. പ്രസംഗത്തിനുശേഷം ഒരു വ്യാഖ്യാതാവുവഴി ബാസില്‍ ചോദിച്ചു: ‘താങ്കള്‍ ക്രിസ്തുവിന്റെ ദാസനായ എഫ്രേം അല്ലേ?’ അദ്ദേഹം പ്രതിവചിച്ചു, ‘സ്വര്‍ഗ്ഗ പദത്തില്‍ നിന്ന് വ്യതിചലിച്ച എഫ്രേമാണ് ഞാന്‍.’ അനന്തരം സ്വരമുയര്‍ത്തി കണ്ണുനീരോടെ അദ്ദേഹം പറഞ്ഞു, ‘അച്ചാ ഈ നീച പാപിയുടെ മേല്‍ കൃപയുണ്ടാകണമേ. ഇടുങ്ങിയ വഴിയില്‍ കൂടെ എന്നെ നയിക്കണമേ.’


Leave a Reply

Your email address will not be published. Required fields are marked *