ജൂണ്‍ 12: സഹാഗുണിലെ വിശുദ്ധ ജോണ്‍
സ്‌പെയിനില്‍ സെയിന്‍ ഫഗോണ്ടസ്സില്‍ ജനിച്ച ജോണിന് ആസ്ഥപ്പാടുപട്ടം കിട്ടിയ ഉടനെ ആദായമുള്ള വൈദികസ്ഥാനങ്ങള്‍ (Benefices) സിദ്ധിച്ചു. 26-ാമത്തെ വയസ്സില്‍ പുരോഹിതനായി. ജോണ്‍ പാപങ്ങളൊന്നും ചെയ്തില്ലായിരുന്നെങ്കിലും തന്റെ ജീവിതം ലൗകികത അധികമാണെന്നു തോന്നി. അദ്ദേഹം ആ വൈദികസ്ഥാനങ്ങള്‍ ഉപേക്ഷിച്ചു ദാരിദ്യത്തിലും ആശാനിഗ്രഹത്തിലും ജീവിക്കാന്‍ തുടങ്ങി.
ജ്ഞാനവായനയും ധ്യാനവും പ്രാര്‍ത്ഥനയും ലൗകിക സന്തോഷങ്ങളെക്കാള്‍ നിര്‍മ്മലമായ ആനന്ദം നല് കുമെന്ന് അനുഭവംകൊണ്ട് അദ്ദേഹം മനസ്സിലാക്കി. ഈ മാനസാന്തരത്തിനുശേഷം ജോണ്‍ സലന്മങ്കയില്‍ നാലു കൊല്ലം ദൈവശാസ്ത്രം പഠിച്ചു. അനന്തരം കുറേക്കാലം തീക്ഷ്ണതയോടെ വൈദികവൃത്തി ചെയ്തു; അവസാനം 1463-ല്‍ അദ്ദേഹം അഗസ്റ്റീനിയന്‍ സഭയില്‍ ചേര്‍ന്നു.
നൊവീഷ്യറ്റില്‍ത്തന്നെ അദ്ദേഹം ഒരുത്തമ സന്യാസിയെപ്പോലെ കാണപ്പെട്ടു. എളിമയിലും അനുസരണയിലും ആശാനിഗ്രഹത്തിലും അദ്ദേഹം സകലരേയും അതിശയിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഉപദേശങ്ങളും നഗരത്തില്‍ വലിയ ഒരന്തരം വരുത്തി.
കുറെനാള്‍ ഫാ. ജോണ്‍ നൊവീഷ്യറ്റു ഗുരുവായിരുന്നു. 1471 മുതല്‍ പ്രിയോരും. സഭയുടെ ചൈതന്യം പാലിക്കുന്നതില്‍ അദ്ദേഹം സര്‍വ്വഥാ വിജയിച്ചിരുന്നു. അധികാരം പ്രയോഗിച്ചല്ല മാതൃകവഴിയാണ് അദ്ദേഹം കീഴുള്ളവരെ ഭരിച്ചത്. എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ വിശുദ്ധിയെപ്പറ്റി നല്ല മതിപ്പുണ്ടായിരുന്നതുകൊണ്ട് ആരും അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അവഗണിച്ചിരുന്നില്ല.
ഭൃത്യരെ ദ്രോഹിച്ചിരുന്ന ഒരു പ്രഭുവിനെ ഫാ. ജോണ്‍ ഒരിക്കല്‍ ശാസിക്കുകയുണ്ടായി. അദ്ദേഹം രണ്ടുപേരെ അയച്ചു. ഫാ. ജോണിനെ വധിക്കാന്‍. അവര്‍ അദ്ദേഹത്തിന്റെ വിശുദ്ധ മുഖം കണ്ടതോടെ ദുഷ്ടവിചാരം തള്ളി മാപ്പ് അപേക്ഷിച്ചു. പ്രഭു രോഗബാധിതനായി; അപ്പോള്‍ അദ്ദേഹവും ക്ഷമാപണം ചെയ്തു. വേറൊരിക്കല്‍ ഒരു പാപിയെ മാനസാന്തരപ്പെടുത്തിയപ്പോള്‍ അയാളുടെസഖിയായ പ്രഭ്വി ഫാ. ജോണിനു വിഷം കൊടുത്തു. 1479 ജൂണ്‍ 11-ാം തീയതി അദ്ദേഹം മരിച്ചു.