Daily Saints

ജൂണ്‍ 21: വിശുദ്ധ അലോഷ്യസ് ഗൊണ്‍സാഗാ


‘ഞാന്‍ വളഞ്ഞ ഒരു ഇരുമ്പുവടിയാണ്; ആശാനിഗ്രഹവും പ്രാര്‍ത്ഥനയുമാകുന്ന ചുറ്റികവഴി എന്നെ നേരെയാക്കുന്നതിനാണ് ഞാന്‍ സന്യാസം ആശ്ലേഷിച്ചത്”, ഈശോസഭാ നോവിസായ അലോഷ്യസു പറഞ്ഞ വാക്കുകളാണിത്. കാസ്റ്റി ഗ്‌ളിയോണ്‍ പ്രഭുവായ ഫെര്‍ഡിനന്റ് ഗൊണ്‍സാഗയുടെ മകനായി 1568-ല്‍ ജനിച്ച അലോഷ്യസ് അത്രമാത്രം വളഞ്ഞ ഒരു ഇരുമ്പുവടിയായിരുന്നുവെന്നു തോന്നുന്നില്ല. ഏഴാമത്തെ വയസ്സില്‍ ദൈവമാതാവിന്റെ പ്രാര്‍ത്ഥനയും സങ്കീര്‍ത്തനങ്ങളും ചൊല്ലി ത്തുടങ്ങി. 9-ാമത്തെ വയസ്സില്‍ നിത്യബ്രഹ്മചര്യവ്രതമെടുത്തു. ഫ്‌ളോറെന്‍സില്‍ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. ആഴ്ചതോറും ബുധനാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉപവസിച്ചിരുന്നു. ആഴ്ചയില്‍ മൂന്നുദിവസം ചമ്മട്ടി അടിച്ചിരുന്നു. അപ്പവും വെള്ളവുമായിരുന്നു ആ യുവാവിന്റെ സാധാരണ ഭക്ഷണം. നൃത്തം ചെയ്തിരുന്നില്ല, നൃത്തം ഇഷ്ടപ്പെട്ടുമിരുന്നില്ല. വാനവസദൃശനായ യുവാവ് എന്നാണ് എല്ലാവരും അവനെ വിളിച്ചിരുന്നത്

11-ാമത്തെ വയസ്സില്‍ ആദ്യ കുമ്പസാരം നടത്തി. മൂന്നു വയസ്സില്‍ പടയാളികളുടെ ഇടയില്‍ കളിച്ചുനടക്കുമ്പോള്‍ അസഭ്യവാക്കുകള്‍ പറഞ്ഞതായിരുന്നു അലോഷ്യസു ചെയ്ത വലിയ പാപം. അതിനെപ്പറ്റി പറഞ്ഞുതുടങ്ങിയപ്പോള്‍ അവന്‍ മൂര്‍ച്ഛിച്ചുവീണു. പിറേദിവസമാണ് കുമ്പസാരം മുഴുവനാക്കിയത്. പതിമൂന്നാം വയസ്സില്‍ മാതാപിതാക്കന്മാരും ഓസ്ട്രിയാ ചക്രവര്‍ത്തിനിയുമൊരുമിച്ച് അലോഷ്യസു സ്‌പെയിനിലെ ഫിലിപ്പു ദ്വിതീയനെ സന്ദര്‍ശിച്ചു. കൊട്ടാരത്തിലെ ജീവിതം അലോഷ്യസിനു തീരെ ഇഷ്ടപ്പെട്ടില്ല. വിശുദ്ധന്മാരുടെ ജീവചരിത്രം വായിച്ചാണ് കൊട്ടാരത്തില്‍ കഴിച്ചുകൂട്ടിയത്.

‘ഈശോസഭ മിഷനറിമാര്‍ ഇന്ത്യയില്‍’ എന്ന ഗ്രന്ഥം വായിച്ച ദിനം മുതല്‍ അലോഷ്യസ്സിന് ഈശോസഭയില്‍ ചേരാനുള്ള ആഗ്രഹം ജനിച്ചു. സ്‌പെയിനില്‍വച്ച് അത് തീരുമാനമായി. പിതാവിനോട് നാലുകൊല്ലം ഏറ്റുമുട്ടിയതിനുശേഷമാണ് സമ്മതം സിദ്ധിച്ചത്. 17-ാമത്തെ വയസ്സില്‍ അലോഷ്യസും നൊവിഷ്യറ്റില്‍ ചേര്‍ന്നു. സെമിനാരിയില്‍ കൂടുതല്‍ ഭക്ഷിക്കാനും ഉല്ലസിക്കാനും നിര്‍ബന്ധം വന്നു. അത് ഒരു പുതിയ പ്രായശ്ചിത്തമായി. വിശുദ്ധ റോബര്‍ട്ട് ബെല്ലര്‍മിനായിരുന്നു അലോഷ്യസിന്റെ ജ്ഞാനപിതാവ്.

1591-ല്‍ റോമയില്‍ ഒരു ഭയങ്കര ജ്വരപ്പനി പടര്‍ന്നുപിടിച്ചു. അലോഷ്യസ് അന്തിമദൈവശാസ്ത്ര ക്ലാസില്‍ പഠിക്കുകയായിരുന്നെങ്കിലും വീടുകളില്‍ പോയി രോഗികളെ ശുശ്രൂഷിക്കാന്‍ സ്വയം സന്നദ്ധനായി. ഒരുമാസത്തോളം അങ്ങനെ രോഗി കളെ ശുശ്രൂഷിച്ചു. അവസാനം അലോഷ്യസിനും ആ പനി പിടിപെട്ടു മൂന്നുമാസത്തോളം കിടന്നു. 28-ാമത്തെ വയസില്‍ ഈശോ എന്ന തിരുനാമം ആവര്‍ത്തിച്ചുകൊണ്ട് നിത്യസമ്മാനത്തിനായി മിഴികള്‍ പൂട്ടി.


Leave a Reply

Your email address will not be published. Required fields are marked *