ജൂണ്‍ 22: നോളയിലെ വിശുദ്ധ പൗളിനുസ് മെത്രാന്‍
ഗോളിലെ പ്രീഫെക്ടും ധനാഢ്യനുമായ പൊന്തിയൂസു പൗളിനൂസിന്റെ മകനാണ് ആറേഴു വിശുദ്ധന്മാരുടെ പ്രശംസയ്ക്കു പാത്രമായിട്ടുള്ള വിശുദ്ധ പൗളിനൂസ്. വിശുദ്ധ ജെറോമും വിശുദ്ധ അഗസ്റ്റിനും അദ്ദേഹത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം സ്‌പെയിനില്‍നിന്ന് തെറാസിയാ എന്ന ക്രിസ്ത്യന്‍ വനിതയെ വിവാഹം കഴിച്ചു. അതിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ ജ്ഞാനസ്‌നാനം. ഒരു കുട്ടി അവര്‍ക്കുണ്ടായതു ശിശുപ്രായത്തില്‍ത്തന്നെ മരിച്ചു. അനന്തരം അദ്ദേഹം സ്‌പെയിനില്‍ ബഴ്‌സലോണയില്‍ പോയി കുറേനാള്‍ താമസിച്ചശേഷം വൈദികനായി. തെറാസ്യാ അവള്‍ക്കുണ്ടായിരുന്ന വസ്തുക്കളെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുത്ത് മഠത്തില്‍ ചേര്‍ന്നു. പൗളിനൂസ് കുറേനാള്‍ വിശുദ്ധ അമ്പാസിന്റെകൂടെ മിലാനില്‍ താമസിച്ചശേഷം നോളയില്‍ സന്യാസിയായി താമസിച്ചു. ഫ്രാന്‍സിലും സ്‌പെയിനിലുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വസ്തുവകകള്‍ വിറ്റ് വിവേകപൂര്‍വ്വം നല്ല കാര്യങ്ങള്‍ക്കു ചെലവാക്കി. വിശുദ്ധ ജെറോം പറയുന്നതു പാശ്ചാത്യരാജ്യങ്ങളിലും പൗരസ്ത്യരാജ്യങ്ങളിലും അദ്ദേഹത്തിന്റെ സഹായം ലഭിച്ചിട്ടുള്ളവര്‍ നിരവധിയാണെന്നത്രേ.
നോളയില്‍ വിശുദ്ധ ഫെലിക്സിന്റെ നാമധേയത്തില്‍ ഒരു പള്ളി അദ്ദേഹം പണിതീര്‍ത്തു; ഒരാശുപത്രിയും സ്ഥാപിച്ചു. 409-ല്‍ സ്ഥലത്തെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. ആഫ്രിക്കയിലെ വാന്റല്‍സു കമ്പാനിയാ ആക്രമിച്ചു പലരേയും അടിമകളായി വില്ക്കാന്‍ തുടങ്ങിയപ്പോള്‍ പൗളിനൂസ് തന്റെ ജനങ്ങളുടെ സഹായത്തിനെത്തി. ഒരു വിധവയുടെ മകനെ അടിമത്തത്തില്‍നിന്ന് രക്ഷിക്കാന്‍ പൗളിനൂസ് മെത്രാന്‍തന്നെ ആഫ്രിക്കയില്‍ വാന്റല്‍രാജാവിന്റെ മരുമകന്റെ അടിമയായി പ്പോയി. നോളയിലെ മെത്രാനാണ് അടിമയെന്ന് മനസ്സിലായപ്പോള്‍ രാജകുമാരന്‍ അദ്ദേഹത്തേയും അദ്ദേഹത്തിന്റെ പ്രജകളേയും സ്വതന്ത്രരാക്കി.
പൗളിനുസ് മെത്രാനെ അറിയുന്നവര്‍ പറയുന്നത് അദ്ദേഹം മൂശയെപ്പോലെ ശാന്തനും അഹറോനെപ്പോലെ വൈദിക സദൃശനും പത്രോസിനെപ്പോലെ പ്രേഷിതതീക്ഷ്ണതയുള്ളവനും യോഹന്നാനെപ്പോലെ സ്‌നേഹമുള്ളവനും തോമസ് അപ്പസ്‌തോലനെപ്പോലെ സൂക്ഷ്മമുള്ളവനും സ്റ്റീഫനെപ്പോലെ ക്രാന്തദര്‍ശിയും അപ്പോളയെപ്പോലെ തീക്ഷണതയുള്ളവനു മാണെന്നാണ്. 77-ാമത്തെ വയസ്സില്‍ അദ്ദേഹം നിര്യാതനായി.