Daily Saints

ജൂലൈ 6: വിശുദ്ധ മരിയാ ഗൊരെത്തി


1950-ലെ വിശുദ്ധ വത്സരത്തില്‍ പന്ത്രണ്ടാം പീയൂസു മാര്‍പാപ്പാ മരിയാഗൊരെത്തിയെ പുണ്യവതിയെന്നു വിളിച്ചത് വിശുദ്ധ പത്രോസിന്റെ അങ്കണത്തില്‍ വച്ചാണ്. രണ്ടരലക്ഷം പേര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തുവെന്നു പറയുമ്പോള്‍ ഈ കൊച്ചുരക്തസാക്ഷിണിയുടെ പ്രശസ്തി ഊഹിക്കാമല്ലോ.

ഇറ്റലിയില്‍ കൊറിനാള്‍ഡോയിലെ ഒരു ദരിദ്ര കര്‍ഷകന്റെ മകളായിട്ടാണ് മരിയാ ഭൂജാതയായത്. പള്ളിക്കൂടത്തില്‍ പഠിക്കാന്‍ അവള്‍ക്ക് സാധിച്ചില്ല. എഴുതാനും വായിക്കാനും അവള്‍ക്ക് അറിഞ്ഞുകൂടായിരുന്നു. മരണത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു അവളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം. മറെറല്ലാ കുട്ടികളേക്കാളും അവള്‍ വലുതായിരുന്നു.

മരിയായ്ക്ക് ഒമ്പതുവയസ്സുള്ളപ്പോള്‍ പിതാവു കുടുംബവുമായി നെറൂണയിലേക്കു പോന്നു. പത്താമത്തെ വയസ്സില്‍ പിതാവു മരിച്ചു. മരിയാ താമസിച്ചിരുന്ന ആ മാളികയില്‍ ത്തന്നെ ധനികരായ സെറെനെല്ലികുടുംബക്കാര്‍ താമസിച്ചിരുന്നു. അവരുടെ ഒരു ജോലിക്കാരിയായിരുന്നു മരിയായുടെ അമ്മ അസുന്താ. മൂന്നു പ്രാവശ്യം അലെക്സാന്‍ട്രോ സെറെനെല്ലി മരിയായെ പാപത്തിനു ക്ഷണിച്ചു; അവള്‍ ചെറുത്തുനിന്നു. വിവരം അമ്മയോടു പറഞ്ഞിട്ട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ”അമ്മേ, എന്റെ ശരീരം കഷ്ണം കഷ്ണമായി മുറിക്കുകയാണെങ്കില്‍കൂടി ഞാന്‍ പാപം ചെയ്യുകയില്ല.”

ജൂലൈയിലെ ചൂടുള്ള ഒരു അപരാഹ്നം. മരിയാ ഒരു കട്ടിലിലിരിക്കുമ്പോള്‍ അലെക്സാന്‍ട്രോ മരിയായെ പാപം ചെയ്യാന്‍ നിര്‍ബന്ധിച്ചു. ‘ഞാന്‍ വഴങ്ങുകയില്ല മരിക്കുകയേ ഉള്ളൂ’വെന്ന് അവള്‍ പറഞ്ഞു. സഹായത്തിനായി അവള്‍ നിലവിളിച്ചു. ‘ഇല്ല, ദൈവം അത് ഇഷ്ടപ്പെടുന്നില്ല. അതു പാപമാണ്; നീ നരകത്തില്‍ പോകും.’ അലെക്‌സാന്‍ട്രോ കുപ്പായത്തില്‍ ഒളിച്ചുവച്ചിരുന്ന കഠാരയെടുത്ത് പതിന്നാലു പ്രാവശ്യം മരിയായെ കുത്തി. വിവരമറിഞ്ഞ് അമ്മ സ്ഥലത്തെത്തി വൈദികനെ വിളിച്ചു. മരിയാ കുമ്പസാരക്കാരനോടു പറഞ്ഞു: ”ഞാന്‍ അലെക്‌സാന്‍ഡ്രോയോടു ക്ഷമിക്കുന്നു. ഒരിക്കല്‍ അയാള്‍ മാനസാന്തരപ്പെടും.”

കുത്തുകഴിഞ്ഞു 24 മണിക്കൂറിനുശേഷം മരിയാ ആശുപത്രി യില്‍വച്ചു മരിച്ചു. ഘാതകനു 30 വര്‍ഷത്തെ ജയില്‍ശിക്ഷ കിട്ടി. 27-ാം വര്‍ഷം ജെയില്‍ വിമുക്തനായി പുറത്തുവന്ന ശേഷം അയാള്‍ അമ്മ അസൂന്തയോടു മാപ്പു ചോദിച്ച് ഒരു സന്യാസസഭയില്‍ സഹോദരനായി ചേര്‍ന്നു.

1947-ല്‍ മരിയാ ഗൊരെത്തിയെ അനുഗൃഹീത എന്നു വിളിച്ചപ്പോള്‍ അവളുടെ അമ്മ അസൂന്തയും രണ്ടു സഹോദരിമാരും ഒരു സഹോദരനും വിശുദ്ധ പത്രോസിന്റെ ബസിലിക്ക യില്‍ സന്നിഹിതരായിരുന്നു. വിശുദ്ധയുടെ നാമകരണത്തിനു വിശുദ്ധ പത്രോസിന്റെ അങ്കണത്തില്‍ അലെക്സാന്‍ഡ്രോ (66 വയസ്സു) മുട്ടുകുത്തിയിട്ടുണ്ടായിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *