ജൂലൈ 9: വിശുദ്ധ വെറോനിക്കാ ജൂലിയാനി
വെറോനിക്കാ ജൂലിയാനി ഇറ്റലിയില്‍ മെര്‍കാറ്റിലോ എന്ന പ്രദേശത്തു ജനിച്ചു. ഉര്‍സൂളാ എന്നായിരുന്നു ജ്ഞാന സ്‌നാന നാമം. ബാല്യം മുതല്‍ക്കേ ദരിദ്രരോട് അവള്‍ വളരെ പ്രതിപത്തി കാണിച്ചിരുന്നു. അവശര്‍ക്കു തനിക്കാവശ്യമില്ലാത്തവയില്‍നിന്നു ദാനം ചെയ്യുകയല്ലാ ചെയ്തിരുന്നത്; പ്രത്യുത ടൂഴ്‌സിലെ മാര്‍ട്ടിനെപ്പോലെ സ്വന്തം വസ്ത്രങ്ങളില്‍നിന്നു തന്നെ ദാനം ചെയ്തിരുന്നു. 11-ാമത്തെ വയസ്സുമുതല്‍ ദൈവമാതാവിനോടും കര്‍ത്താവിന്റെ പീഡാനുഭവത്തോടും പ്രത്യേക ഭക്തി അഭ്യസിച്ചിരുന്നു.
ചില തെറ്റുകള്‍ ചെറുപ്പത്തില്‍ ഉര്‍സൂളയ്ക്കുണ്ടായിരുന്നു. താന്‍ അഭ്യസിക്കുന്ന ഭക്തികള്‍ അഭ്യസിക്കാത്തവരോട് അവള്‍ക്ക് ഒരു വെറുപ്പ്. അപ്പച്ചന് ഉയര്‍ന്ന ഒരു ഉദ്യോഗം ലഭിച്ചപ്പോള്‍ അവള്‍ക്ക് മായാസ്തുതി തോന്നി; അപരരോടു പുച്ഛവും തോന്നിയിരുന്നു. എന്നാലും ശിശുവായിരുന്നപ്പോള്‍ ഒരു കന്യാസ്ത്രീയാകാന്‍ ചെയ്ത തീരുമാനത്തിന് ഇളക്കമൊന്നും വന്നില്ല. പിതാവു വിവാഹക്കാര്യം അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എതിര്‍പ്പു പ്രകാശിപ്പിച്ചുവെന്നു മാത്രമല്ല രോഗിയായി മാറാനും തുടങ്ങി. പിതാവ് ഉടനെ കന്യാസ്ത്രീയാകാന്‍ അനുവാദം നല്കി. അവള്‍ ചിത്താ ദെ കസ്‌തെല്ലായിലുള്ള ക്ലാര മഠത്തില്‍ ചേര്‍ന്നു. പീഡാനുഭവത്തോടുള്ള ഭക്തി പ്രകര്‍ഷത്താല്‍ അവള്‍ വെറോനിക്കാ എന്ന നാമം സ്വീകരിച്ചു. സ്വീകരണദിനം കഴിഞ്ഞപ്പോള്‍ ബിഷപ് മഠാധിപയോടു രഹസ്യമായി പറഞ്ഞു: ”ഈ മകളെ അങ്ങയുടെ പ്രത്യേക സൂക്ഷത്തിനേല് പിക്കുന്നു. അവള്‍ ഒരിക്കല്‍ ഒരു മഹാ വിശുദ്ധയാകും.”
ക്ലാരസഭയിലെ തപോനിയമങ്ങളെല്ലാം അക്ഷരം പ്രതി വെറോനിക്ക അനുസരിച്ചുപോന്നു. സ്വന്തമായി ചിലതു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അവളുടെ ഈ ഭക്തിപ്രകര്‍ഷം നിഗളമായി ചിലര്‍ വ്യാഖ്യാനിക്കാന്‍ തുടങ്ങിയതുകൊണ്ട് വിശുദ്ധീകരണത്തിനു പുതിയ മാര്‍ഗ്ഗം തുറന്നു.
1678-ല്‍ വ്രതവാഗ്ദാനം ചെയ്തതപ്പോള്‍ കര്‍ത്താവിനു നല്കിയ ജ്ഞാനപുഷ്പമഞ്ജരിയില്‍ ഒതുങ്ങിയിരുന്ന ഒരാഗ്രഹം പാപികളുടെ മാനസാന്തരത്തിനു വേണ്ടി സഹിക്കുകയായിരുന്നു. അന്നു കര്‍ത്താവു കുരിശു വഹിക്കുന്ന ഒരു കാഴ്ച ഉണ്ടായെന്നും ഹൃദയത്തില്‍ ഒരു കുരിശു പതിച്ചു കിടന്നു വെന്നും പറയുന്നു. 1694-ല്‍ പഞ്ചക്ഷതങ്ങളും കര്‍ത്താവിന്റെ മുള്‍മുടിയുടെ മുറിവുകളും അവളുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടു. ഇത് അതിസ്വാഭാവികമാണോ എന്നറിയാന്‍ മുറിവുകള്‍ മാറ്റാന്‍ ചികിത്സിച്ചു നോക്കി. ഫലമൊന്നുമുണ്ടായില്ല. ഇതിനിടയ്ക്കു നോവിസ് മിസ്ട്രസ്സിന്റെ ഭാരമേറിയ ജോലി നിര്‍വ്വഹിച്ചിരുന്നു. 1716-ല്‍ താന്‍ താമസിച്ചിരുന്ന മഠത്തിലെ ആബെസ്സുമായി.
67 വയസ്സുള്ളപ്പോള്‍ ക്ഷിപ്രസന്നി (Apoplexy) എന്ന രോഗം പിടിപെട്ട് 1727 ജൂലൈ 9-ാം തീയതി വെറോനിക്കാ ദിവംഗതയായി. 1839-ല്‍ അല്‍ഫോണ്‍സ് ലിഗോരിയോടൊപ്പം പുണ്യവതി എന്ന് പേര് വിളിക്കപ്പെട്ടു.