ജൂലൈ 14: ലെലിസ്സിലെ വിശുദ്ധ കമില്ലസ്
പടയാളിയായിരുന്ന പിതാവ് കുറെ പണമുണ്ടാക്കിയെങ്കിലും മകന് പിതൃസ്വത്തായി നല്കാനുണ്ടായത് തന്റെ വാളുമാത്രമാണ്. വാളു കയ്യിലെടുക്കാറായപ്പോള്‍ മുതല്‍ കമില്ലസ്സു പടവെട്ടാന്‍ തുടങ്ങി; പുണ്യപട്ടത്തിനുള്ള ഒരു സ്ഥാനാര്‍ത്ഥിയായി ആരും കമില്ലസ്സിനെ കാണുകയില്ല. ഒരു യുദ്ധം കഴിഞ്ഞ് ഭയങ്കര വ്രണത്തോടെ കമില്ലസ്സു സ്വഭവനത്തി ലേക്കു മടങ്ങി. അഗതിയായ കമില്ലസ്സു ഒരാശുപത്രിയില്‍ ശിപായി ജോലിചെയ്തു വ്രണത്തിനുള്ള ചികില്‍സ നടത്തിക്കൊണ്ടിരുന്നു. കളിക്കാനുള്ള ചീട്ടുപെട്ടി തലയിണയുടെ കീഴ് വച്ചുകൊണ്ടാണ് ആശുപ്രതിയില്‍ ജോലിചെയ്തിരുന്നത്. കളിക്കാന്‍ തക്കം കിട്ടിയാല്‍ രോഗികളെ ഉപേക്ഷിച്ച് കളിക്കാന്‍ പോകും. ഭയങ്കര കോപപ്രകൃതിയുമായിരുന്നതു നിമിത്തം ആശുപത്രിയില്‍നിന്നു കമില്ലസ്സ് ബഹിഷ്‌കരിക്കപ്പെട്ടു.
അദ്ദേഹം വീണ്ടും സൈന്യത്തില്‍ ചേര്‍ന്നു. സൈനിക ജീവിതം അന്ന് എത്രയും കഷ്ടമായിരുന്നു. പുല്ലും കുതിര മാംസവുമാണ് ഭക്ഷണം. അവസാനം സൈന്യത്തിന് തീരെ പറ്റുകയില്ലെന്ന കാരണത്താല്‍ സൈന്യത്തില്‍നിന്ന് കമില്ലസു പിരിച്ചുവിടപ്പെട്ടു. സൈന്യത്തിലെ സമ്പാദ്യം ചൂതുകളി കൊണ്ട് നശിപ്പിച്ചു. അന്ന് കമില്ലസ്സിന് 24 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഒരു കപ്പൂച്ചിന്‍ വൈദികന്റെ ഉപദേശം ആ യുവാവിനെ മാനസാന്തരപ്പെടുത്തി. രണ്ടു പ്രാവശ്യം അദ്ദേഹം കപ്പുച്ചിന്‍ നൊവിഷ്യറ്റില്‍ ചേര്‍ന്നു; എന്നാല്‍ കാലിലെ വ്രണം ഉണങ്ങാഞ്ഞതുകൊണ്ട് രണ്ടു പ്രാവശ്യവും പുറംതള്ളപ്പെട്ടു.
1582-ല്‍ കമില്ലസ്സും മറ്റു ഏതാനും പേരും കൂടി റോമിലുള്ള മാറാരോഗികളുടെ ആശുപത്രിയില്‍ ശുശ്രൂഷ ആരംഭിച്ചു. എല്ലാവരും തോളില്‍ ഒരു ചുവന്ന കുരിശ് അണിഞ്ഞിരുന്നു. അതാണ് ഇന്നത്തെ റെഡ് ക്രോസുപ്രസ്ഥാനത്തിന്റെ പ്രാരംഭം. ഒരു വൈദികനായാല്‍ തന്റെ ജോലി ഒന്നുകൂടി വിജയിക്കുമെന്ന് കരുതി അദ്ദേഹം വിശുദ്ധ ഫിലിപ്പുനേരിയുടെ ഉപദേശ പ്രകാരം വൈദികപഠനം തുടങ്ങി. 34-ാമത്തെ വയസ്സില്‍ പുരോഹിതനായി. നഴ്‌സിങ് ബ്രദേഴ്സിന്റെ ഒരു സഭതന്നെ അദ്ദേഹം സ്ഥാപിച്ചു. സഭാംഗങ്ങള്‍ വീടുകളിലും പോയി ശുശ്രൂഷിച്ചിരുന്നു. പ്‌ളേഗു ബാധിതരെക്കൂടി അവര്‍ ശുശ്രൂഷിച്ചുവന്നു. 1595-ല്‍ ഹങ്കറിയിലും ക്രൊയേഷ്യായിലും യുദ്ധരംഗത്ത് അവര്‍ സേവനം നല്കി. ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതിയാണ് അവര്‍ രോഗീശുശ്രൂഷ നടത്തിയി രുന്നത്.
മരണംവരെ കാലിലെ വ്രണം ഉണങ്ങിയില്ല. അന്തിമരോഗത്തിലും എഴുന്നേറ്റുചെന്ന് അപരരുടെ സുഖാസുഖങ്ങള്‍ അദ്ദേഹം അന്വേഷിച്ചിരുന്നു.