ജൂലൈ 17: വിശുദ്ധ അലെക്‌സിസ്
അഞ്ചാം ശതാബ്ദത്തില്‍ ജീവിച്ചിരുന്ന ഒരു റോമന്‍ സെനറ്റര്‍ എവുഫേമിയന്റെ ഏകപുത്രനാണ് അലെക്‌സിസ്. ദാന ധര്‍മ്മങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ നിക്ഷേപിക്കുന്ന തുകകളാണെന്നായിരുന്നു ബാലനായ അലെക്സിന്റെ ബോധം. തന്റെ പക്കല്‍ നിന്ന് ധര്‍മ്മം സ്വീകരിക്കുന്നവരെ തന്റെ ഉപകാരികളെപ്പോലെയത്രെ അലെക്സിസ് ബഹുമാനിച്ചിരുന്നത്.
ജീവിതസുഖങ്ങളും ബഹുമാനങ്ങളും തന്റെ ഹൃദയത്തെ ദൈവത്തില്‍നിന്ന് അകറ്റുമെന്നു വിചാരിച്ച് വിവാഹദിവസം രാത്രി വൈവാഹിക സന്തോഷങ്ങള്‍ ആസ്വദിക്കാതെ ഭാര്യയോട് യാത്ര പറഞ്ഞു വിദൂരദേശത്തേക്ക് പുറപ്പെട്ടു. ദരിദ്ര വേഷമണിഞ്ഞ് എദേസായില്‍ ദൈവമാതാവിന്റെ ഒരാലയത്തിനു സമീപം ഒരു കുടിലില്‍ പരമമായ ഏകാന്തതയില്‍ താമസിച്ചു. കുറെ കഴിഞ്ഞപ്പോള്‍ ഇദ്ദേഹം ഒരു കുലീന കുടുംബജാതനാണെന്ന് ജനങ്ങള്‍ക്കു മനസ്സിലായി. ഉടനടി സ്വഭവനത്തിലേക്കു മടങ്ങി. ആ മാളികയുടെ ഒരു മൂലയില്‍ ഒരു ദരിദ്ര ഭിക്ഷുവായി ഭൃത്യന്മാരുടെ നിന്ദനങ്ങള്‍ സ്വീകരിച്ചു 17 കൊല്ലം ജീവിച്ചു. തന്നെ പ്രതി കരയുന്ന ഭാര്യ അഗ്ലയേയും ചവിട്ടിത്തേച്ചുകൊണ്ടിരുന്ന ഭൃത്യരേയും ക്ഷമയോടെ വീക്ഷിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം സമയം ചെലവഴിച്ചു.
ക്രൂരരക്തസാക്ഷിത്വത്തിന് മരണം അറുതിവരുത്തിയപ്പോള്‍ അലെക്‌സസില്‍നിന്നു ലഭിച്ച ഒരെഴുത്തില്‍നിന്ന് മാതാപിതാക്കന്മാര്‍ക്കു മനസ്സിലായി തങ്ങള്‍ അശ്രദ്ധമായി സംരക്ഷിച്ച ഭിക്ഷു സ്വന്തം മകനാണെന്ന്. ഹൊണോരിയൂസു ചക്രവര്‍ത്തിയുടെ കാലത്താണ് അലെക്സിസു മരിച്ചത് . അത്ഭുതങ്ങള്‍ ധാരാളമായി നടന്നു. ‘മാര്‍ അല്ലേശുപാന’ വഴി കേരളീയര്‍ക്ക് ഈ വിശുദ്ധന്‍ സുപരിചിതനാണ്.