ജൂലൈ 18: വിശുദ്ധ സിംപ്രോസയും ഏഴു മക്കളും
ട്രാജന്‍ ചക്രവര്‍ത്തിയുടെ മതപീഡനം ആഡിയന്‍ ചക്രവര്‍ത്തി തന്റെ വാഴ്ചയുടെ ആരംഭത്തില്‍ തുടര്‍ന്നുവെങ്കിലും കുറേകാലത്തേക്കു നിറുത്തിവെച്ചു; 124-ല്‍ വീണ്ടും തുടങ്ങി. ജൂപ്പിറ്റര്‍ ദേവന്റെ ഒരു ബിംബം ക്രിസ്തു പുനരുത്ഥാനം ചെയ്ത സ്ഥലത്തും വീനസ്സിന്റെ ഒരു മാര്‍ബിള്‍ പ്രതിമ ഗാഗുല്‍ത്തായിലും അഡോണിസ്സിന് പ്രതിഷ്ഠിതമായ ഒരു ഗുഹ ബത്‌ലഹേമ്മിലും അദ്ദേഹം സഥാപിച്ചു.
മതപീഡനം തകൃതിയായി നടന്നു. അദ്ദേഹം പുതുതായി പണിതീര്‍ത്ത അരമനയുടെ പ്രതിഷ്ഠ നടത്തിയ പൂജാരി കര്‍മ്മങ്ങളുടെ ഇടയ്ക്കു വിളിച്ചു പറഞ്ഞു: ‘സിംപ്രോസ എന്ന വിധവയും ഏഴു മക്കളും തങ്ങളുടെ ദൈവത്തെ ആരാധിച്ചുകൊണ്ട് ഞങ്ങളെ നിന്ദിക്കുന്നു. അവര്‍ ഞങ്ങളെ ആരാധിക്കുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കും.’
സിംപ്രോസ തന്റെ സമ്പത്തുമുഴുവനും മതപീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികളെ സഹായിക്കാനാണ് ഉപയോഗിച്ചിരുന്നത്. പുതിയ അരമനയുടെ അരികെയായിരുന്നു അവരുടെ താമസം. ചക്രവര്‍ത്തി സിംപ്രോസിയായെ വിളിച്ചുവരുത്തി ദേവന്മാരെ ആരാധിക്കാന്‍ ഉപദേശിച്ചു. അവള്‍ പ്രതിവചിച്ചു: ‘എന്റെ ഭര്‍ത്താവ് ജെട്ടൂളിയൂസും സഹോദരന്‍ അമാന്‍സിയൂസും അങ്ങയുടെ ട്രൈബുണ്‍ന്മാരായിരിക്കേ യേശുക്രിസ്തുവിനെപ്രതി ക്രൂരമര്‍ദ്ദനങ്ങള്‍ സഹിച്ചു. മനുഷ്യര്‍ അന്ന് അവരെ പുച്ഛിച്ചു; മാലാഖാമാര്‍ അവരെ സ്തുതിച്ചു. ഇന്ന് അവര്‍ നിത്യജീവന്‍ ആസ്വദിക്കയാണ്. ചക്രവര്‍ത്തി കോപത്തോടെ ആജ്ഞാപിച്ചു: ‘ദേവന്മാര്‍ക്ക് ബലി ചെയ്യുക; അല്ലെങ്കില്‍ ഏഴു മക്കളോടുകൂടെ മരിക്കുക.’
സിംപ്രോസയും കുട്ടികളും ദേവന്മാര്‍ക്ക് ബലി ചെയ്യാന്‍ തയ്യാറായില്ല. സിംപ്രോസയുടെ കവിളില്‍ അടിച്ച ശേഷം തലമുടികൊണ്ട് കെട്ടിത്തൂക്കിയിട്ടു. അനന്തരം ഒരു കല്ല് കഴുത്തില്‍ കെട്ടി പുഴയിലേക്കെറിയുവാനായിരുന്നു ചക്രവര്‍ത്തിയുടെ ആജ്ഞ. മക്കളോട് അമ്മയെ അനുകരിക്കാതെ ദേവന്മാരെ ആരാധിക്കുവാന്‍ ചക്രവര്‍ത്തി ഉപദേശിച്ചു. അവരാരും വഴിപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള പീഡനോപകരണത്തില്‍ വച്ച് അവയവങ്ങള്‍ വലിച്ചുനീട്ടി. മൂത്തമകന്‍ ക്രെഷെന്‍സിനെ തൊണ്ടയില്‍ വെട്ടി ക്കൊന്നു. രണ്ടാമനായ ജൂലിയന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കി. മൂന്നാമന്‍ നെമെസിയൂസിനേയും കുന്തം കൊണ്ട് ചങ്കില്‍ കുത്തി കഥകഴിച്ചു. നാലാമന്‍ പ്രിമിത്തീവൂസിന്റെ വയറു പിളര്‍ന്നു. അഞ്ചാമന്‍ ജെസ്റ്റിനെയും ആറാമന്‍ സ്റ്റാക്തെ യൂസിന്റെ രണ്ട് കുത്തിക്കൊന്നു. ഇളയവന്‍ എവുജേനിയൂസിന്റെ ശരീരം രണ്ടായി പിളര്‍ന്നു.