Special Story

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം: ഒരു പുനര്‍വിചിന്തനം


ഡോ. ഫിലിപ്പ് ജോസഫ്‌

‘കര്‍ത്താവു കായേനോടു ചോദിച്ചു: നിന്റെ സഹോദരന്‍ ആബേല്‍ എവിടെ? അവന്‍ പറഞ്ഞു എനിക്കറിഞ്ഞുകൂടാ. സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍?’ മനുഷ്യകുലത്തിന്റെ പ്രഥമതലമുറയില്‍ നടന്ന ഈ സംഭവത്തിന്റെ പുനര്‍വായനയും വിചിന്തനവും ഈ വര്‍ത്തമാനകാലത്തും നമ്മുടെ മനസ്സില്‍ ചെറുതല്ലാത്ത നോവ് സൃഷ്ടിക്കുന്നു.

ജീവിതം ശ്രേഷ്ഠമാക്കുന്നതില്‍ സനാതനമൂല്യങ്ങള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. എങ്കിലും, ഇന്നത്തെ സമൂഹത്തില്‍, കുടുംബങ്ങളില്‍, പ്രത്യേകിച്ച് നമ്മുടെ ക്യാംപസുകളില്‍ ഈ മൂല്യങ്ങള്‍ ക്രൂശിക്കപ്പെടുകയോ, കുഴിച്ചുമൂടപ്പെടുകയോ ചെയ്യുന്നത് സര്‍വസാധാരണമായിരിക്കുന്നു. അതുകൊണ്ട് മൂല്യങ്ങളെക്കുറിച്ചും, കുട്ടികള്‍ക്കിടയില്‍ അവയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങളെക്കുറിച്ചും അനുയോജ്യമായ മൂല്യശിക്ഷണത്തെക്കുറിച്ചും ചിന്തിക്കുക അനിവാര്യമാണ്.

സത്യം, സ്‌നേഹം, നീതി തുടങ്ങിയ ഉദാത്തമൂല്യങ്ങള്‍ സ്ഥലകാലാതീതമാണ്. അതുകൊണ്ട്, പഴയകാല-പുതിയകാല മൂല്യങ്ങള്‍, പാശ്ചാത്യ-സ്വദേശി മൂല്യങ്ങള്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ക്ക് പ്രസക്തിയില്ല. എന്നാല്‍ മൂല്യങ്ങളുടെ പ്രയോഗത്തിലേക്ക് കടക്കുമ്പോള്‍ ചില വാദപ്രതിവാദങ്ങള്‍ പ്രസക്തമാണ്.

  • സത്യം, ഗാന്ധിയുമായി ചേരുംപടി ചേര്‍ത്ത് പഠിച്ച കുട്ടി പരീക്ഷമുറിയില്‍ ഒരു മടിയുമില്ലാതെ കോപ്പിയടിക്കുന്നു. താനുമായി ബന്ധപ്പെട്ടവരോടെല്ലാം ഒരു സങ്കോചവുമില്ലാതെ ‘ചുമ്മാ കളവ്’ പറയുന്നു.
  • സ്‌നേഹം സര്‍വോത്കൃഷ്ടമൂല്യമെന്ന് ചൊല്ലിപ്പഠിച്ചകുട്ടി ‘നിങ്ങള്‍ ചെയ്യുന്നതൊക്കെ രക്ഷാകര്‍തൃത്വത്തിന്റെഅനിവാര്യതയായി കാല്‍ മതി’ എന്ന് മാതാപിതാക്കളോട് ധാര്‍ഷ്ഠ്യത്തോടെ പറയുന്നു. ഒരു കായേനായിവേഷപ്പകര്‍ച്ച നടത്തി സഹപാഠിക്കെതിരെ വാളും കഠാരയുമെടുക്കുന്നു. ക്രൂരപീഡനസമയത്ത് കാഴ്ചക്കാരനായി നോക്കി നില്‍ക്കുന്നു.
  • വര്‍ഗ, വര്‍ണ, ലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും തുല്യരായി കാണുകയും, പക്ഷപാതമില്ലാതെ പെരുമാറുകയും ചെയ്യുമ്പോഴാണ് നീതി ഉദയം ചെയ്യുന്നതെന്ന് അറിയുന്ന കുട്ടി നാട്ടിലെ പോക്‌സോ നിയമങ്ങള്‍ ദുരൂപയോഗം ചെയ്യുന്നു. സ്വന്തം അധ്യാപകനെപ്പോലും ചതിയില്‍ കുടുക്കുന്നു.

ഇത്തരത്തിലുള്ള കുരുത്തക്കേടുകള്‍ ആവര്‍ത്തിച്ച് ഗുരുത്വം നഷ്ടപ്പെട്ടവരുടെ ഗണത്തിലേക്ക് ഇന്നത്തെ കുട്ടികള്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ? വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലര്‍ത്തുക, പരസ്പരം സ്‌നേഹിക്കുക, നീതിപൂര്‍വം പെരുമാറുക തുടങ്ങിയ മനഃസാക്ഷിയുടെ സ്വരം കേള്‍ക്കാന്‍ കഴിയാത്തവിധം അവരുടെ കര്‍ണങ്ങള്‍ ബധിരമായിരിക്കുന്നു. കാലത്തിന്റെ മാറ്റത്തിന് അനുസൃതമായി എല്ലാം മാറുന്നതോടൊപ്പം കുട്ടികളുടെ മൂല്യബോധത്തിലും മാറ്റം വന്നുകൊണ്ടിരിക്കും എന്ന ഒഴുക്കന്‍ പ്രസ്താവന ഈ മൂല്യച്യുതിക്കുള്ള മറുമൊഴിയായി അംഗീകരിക്കാനാവുമോ?

കുട്ടികള്‍ക്കിടയില്‍ ആശങ്കാജനകമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ മൂല്യച്യുതിയുടെ ചില കാരണങ്ങള്‍ക്കൂടി പരിഗണിക്കുന്നത് ഉചിതമായിരിക്കും.

  • നവകുടുംബങ്ങളുടെ ഫോക്കസില്‍ വന്ന മാറ്റം. കുട്ടികള്‍ മത്സരിക്കുക, നേടുക, എങ്ങനെയും പണം സമ്പാദിക്കുക തുടങ്ങിയ ഭൗതിക നേട്ടങ്ങളാണ് പരമ പ്രധാനം എന്ന് മാതാപിതാക്കള്‍ പോലും കരുതുന്നു.
  • പുതിയകാല സാമൂഹിക നിയമങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് എന്തുചെയ്താലും രക്ഷപ്പെടാമെന്ന ചിന്ത.
  • വകതിരിവില്ലാത്ത വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ മൂലം പഠിച്ചില്ലെങ്കിലും ജയിച്ചുകയറാമെന്ന മിഥ്യാധാരണ.
  • സനാതനമൂല്യങ്ങളെ തമസ്‌ക്കരിക്കുന്ന ആധുനിക മാധ്യമ സൃഷ്ടികള്‍.
  • ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെയും നിര്‍മിതബുദ്ധി (എഐ) വരെയുള്ള സാങ്കേതിക വികാസങ്ങളുടെയും കുത്തൊഴുക്കില്‍ സവിശേഷമൂല്യങ്ങള്‍ കുട്ടികള്‍ തന്നെ
    തള്ളിക്കളയുന്നു.

കുട്ടികള്‍ക്കിടയിലെ സാര്‍വത്രികവും അടിസ്ഥാനപരവുമായ മൂല്യങ്ങളുടെ പ്രയോഗത്തില്‍ വന്ന ഇടിവ് പരിഹരിക്കുന്നതിന് എന്തുചെയ്യാന്‍ കഴിയും? മാതാപിതാക്കള്‍,അധ്യാപകര്‍, വിദ്യാഭ്യാസപ്രവര്‍ത്തകര്‍ സമൂഹം മുഴുവന്‍ ഉള്‍പ്പെടുന്ന ഒരു ബഹുമുഖസമീപനം ആവശ്യമാണ്. സംയോജിതവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിലൂടെ മൂല്യശിക്ഷണം എന്നതാണ് യഥാര്‍ത്ഥ പരിഹാരം. ക്ഷമയും സ്ഥിരോത്സാഹവും ആവശ്യപ്പെടുന്ന ഒരു നീണ്ട പ്രക്രിയയാണത്. തുറന്ന സംഭാഷണം പ്രോത്സാഹിപ്പിക്കുക, വിമര്‍ശനാത്മക ചിന്താശേഷി വളര്‍ത്തുക, പോസിറ്റീവ് റോള്‍ മോഡലുകള്‍ അവതരിപ്പിക്കുക, സ്‌കൂള്‍പാഠ്യപദ്ധതിയില്‍ മൂല്യാധിഷ്ഠിത പാഠങ്ങള്‍ സമന്വയിപ്പിക്കുക തുടങ്ങിയവ ചില ശ്രദ്ധേയമായ മാര്‍ഗ്ഗങ്ങളാണ്.

ഇന്നത്തെ കുട്ടികള്‍ക്കിടയിലെ മൂല്യച്യുതിയുടെയും കാരണങ്ങളുടെയും പശ്ചാത്തലത്തില്‍ താഴെ കൊടുത്തിരിക്കുന്ന കര്‍മപദ്ധതികളും പ്രസക്തമാണ്.

  • അടിസ്ഥാനവിദ്യാഭ്യാസം ആരംഭിക്കുന്നത് കുടുംബങ്ങളില്‍ നിന്നാണ്. തങ്ങളുടെ മക്കളെ ഉദാത്തമായ മൂല്യങ്ങളുടെ അടിത്തറയില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ ഉത്തരവാദിത്വപ്പെട്ടവരാണ്. അവരുടെ മാതൃകാജീവിതവും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ് മൂല്യങ്ങള്‍ കൈമാറുന്നതില്‍സുപ്രധാനമായ പങ്കുവഹിക്കുന്നത്. ആത്മീയതയില്‍ കൂടി വളരാതെ വിദ്യാഭ്യാസം പൂര്‍ണമാകില്ല എന്ന ബോധ്യം മാതാപിതാക്കള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കണം.
  • കുട്ടികളുടെ മൂല്യശിക്ഷണത്തില്‍ സമൂഹത്തിന് നിര്‍ണായകമായ പങ്കുണ്ട്. ശക്തമായ സാമൂഹികബന്ധങ്ങള്‍ താങ്ങായി എപ്പോഴുമുാകണം. അതോടൊപ്പം എല്ലാ പഴുതുകളുമടച്ച് നിയമങ്ങള്‍ നടപ്പാക്കുക, ക്യാംപസ് സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കുക, സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ വഴി ഉത്തമ പൗരന്മാരായി കുട്ടികളെ രൂപപ്പെടുത്തിയെടുക്കാന്‍ സമൂഹത്തിന് കഴിയും.
  • ഔപചാരികമായ വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം മൂല്യബോധമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്നുള്ളതാണല്ലോ. അതിനനുസരിച്ചുള്ള നയരൂപീകരണവും പ്രവര്‍ത്തനങ്ങളുമാണ് അഭികാമ്യം. പ്രീ-സ്‌കൂള്‍ ക്ലാസുകള്‍ മുതല്‍ കുട്ടികളുടെ മനസില്‍ ഉത്തമമൂല്യങ്ങളുടെയും ശീലങ്ങളുടെയും വിത്തുകള്‍ വിതയ്ക്കുകയെന്നതാണ് പ്രശംസനീയമായ രീതി. ലഘുസിനിമാ പ്രദര്‍ശനം, ചര്‍ച്ച, സ്വയം പഠനത്തിനായി വര്‍ക്ക് ബുക്ക് തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഒരു പരമ്പരതന്നെ നടപ്പിലാക്കി വിജയകരമായി മൂല്യശിക്ഷണം കുട്ടികള്‍ക്കിടയില്‍ നടത്തിയ കോഴിക്കോട് പട്ടണത്തിലെ ഒരു പ്രശസ്തമായ വിദ്യാലയത്തെക്കുറിച്ച് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. കുട്ടികളെ പ്രചോദിപ്പിച്ച് കൂടെക്കൂട്ടാന്‍ അധ്യാപകര്‍ക്കും കഴിയണം.
  • എല്ലാവിധ മാധ്യമങ്ങള്‍ക്കും കുട്ടികളുടെ മൂല്യശിക്ഷണത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. ഉന്നതമൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്ന വാര്‍ത്തകളും പരിപാടികളും പതിവായി വളരെ പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക.
  • കുട്ടികള്‍ സ്വയം പരിശീലിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പുറത്തുനിന്ന് പഠിപ്പിക്കുക എന്നതിലുപരി ഉള്ളില്‍ നിന്ന് സ്വാംശീകരിക്കേതാണ് മൂല്യങ്ങള്‍. അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനമാണ് ഫലപ്രദമായ രീതി. അനുഭവങ്ങളിലൂടെ വിചിന്തനത്തിലേക്കും അതിലൂടെ ബോധ്യങ്ങളിലേക്കും കുട്ടികള്‍ വളരണം. സ്വാംശീകരിച്ച മൂല്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്യണം.

മഹാന്മാരുടെയും പുണ്യാത്മാക്കളുടെയും മാതൃകകള്‍ എക്കാലത്തും അവര്‍ക്ക് വഴിക്കാട്ടിയായി ഉണ്ടാകും. ചുരുക്കത്തില്‍ കുട്ടികളുടെ ജീവിതം ശോഭനമാക്കുന്നതില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഒഴിച്ചുകൂടാനാവാത്തകാര്യമാണ്. മൂല്യങ്ങള്‍ നിറഞ്ഞ പാതയിലൂടെ മുന്നേറാന്‍ വഴിവിളക്കായി അത് കുട്ടികളോടൊപ്പം ഉണ്ടാകും. ആ സവിശേഷ പാതയിലൂടെ മുന്നോട്ട് കുതിക്കുന്ന കുട്ടി തീര്‍ച്ചയായും സഹോദരന്റെ കാവല്‍ക്കാരന്‍ തന്നെയായിരിക്കും ‘മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തു തരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍’ (മത്തായി 7:12) എന്ന സുവര്‍ണ്ണനിയമം മാര്‍ഗദീപമായി നമ്മുടെ കുട്ടികളുടെ വഴിത്താരയിലുണ്ടാകട്ടെ.

(ബാലുശ്ശേരി കെഇടി കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍
അസി. പ്രൊഫസറാണ് ലേഖകന്‍)


Leave a Reply

Your email address will not be published. Required fields are marked *