ജൂലൈ 21: ബ്രിന്റിസിയിലെ വിശുദ്ധ ലോറന്‍സ്
ലാറ്റിന്‍, ഹീബ്രു, ഗ്രീക്ക്, ജര്‍മ്മന്‍, ബൊഹീമിയന്‍, ഫ്രഞ്ച് എന്നീ ഭാഷകള്‍ സരസമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്ന ഒരു കപ്പൂച്ചിന്‍ വൈദികനാണ് ലോറന്‍സ്. അദ്ദേഹം 1559 ജൂലൈ 22-ന് ഇറ്റലിയില്‍ ബിന്റിസിയില്‍ ജനിച്ചു. ഷഷ്ടിപൂര്‍ത്തി ദിവസം മരിച്ചു.
അദ്ദേഹത്തിന്റെ മാതാപിതാക്കന്മാര്‍ വില്യവും എലിസബത്തു റൂസ്സോയും മകന് പേരിട്ടത് ജൂലിയസ് സീസര്‍ എന്നാണ്. പതിനാറുവയസ്സുള്ളപ്പോള്‍ വെനീസിലെ കപ്പൂച്ചിന്‍ ആശ്രമത്തില്‍ചേര്‍ന്ന് ലോറന്‍സ് എന്ന പേരു സ്വീകരിച്ചു.
പാദുവാ സര്‍വ്വകലാശാലയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 23-ാമത്തെ വയസ്സില്‍ വൈദികനായി. യഹൂദന്മാരെപ്പോലെ ഹീബ്രൂ സംസാരിച്ചതുകൊണ്ട് എട്ടാം ക്‌ളെമന്റ് മാര്‍പാപ്പാ അദ്ദേഹത്തെ യഹൂദന്മാരുടെ ഇടയില്‍ സുവിശേഷ ജോലി ചെയ്യുവാന്‍ നിയോഗിച്ചു. അദ്ദേഹത്തിന്റെ വിശുദ്ധഗ്രന്ഥ വിജ്ഞാനം അന്യാദൃശമായിരുന്നു. 1956-ല്‍ കപ്പൂച്ചിന്‍ സഭ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ 15 വാല്യമായി പ്രസിദ്ധീകരിച്ചു.
31-ാമത്തെ വയസ്സില്‍ ഫാ. ലോറന്‍സ് ടസ്‌കനിയിലെ പ്രൊവിന്‍ഷ്യലും 1602-ല്‍ കപ്പൂച്ചിന്‍ സഭയുടെ മിനിസ്റ്റര്‍ ജനറലുമായി. മൂന്നുകൊല്ലം കഴിഞ്ഞ് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുക്കാന്‍ തുടങ്ങിയപ്പോള്‍ ആ സ്ഥാനം അദ്ദേഹം പാടെ നിഷേധിച്ചു.
1571-ല്‍ ലെപ്പാന്റോ യുദ്ധത്തിനുശേഷം തുര്‍ക്കികള്‍ ഒന്ന് ഒതുങ്ങിയെങ്കിലും സുല്‍ത്താന്‍ മുഹമ്മദ് തൃതീയന്‍ ഹങ്കറിയുടെ കുറെഭാഗം പിടിച്ചടക്കുകയുണ്ടായി. ക്രിസ്തീയ ജര്‍മ്മന്‍ രാജാക്കന്മാരോട് ഒരുമിച്ച് നിന്ന് സമരം ചെയ്യുന്നതിന് വേണ്ട ഉപദേശം നല്കാന്‍ റുഡോള്‍ഫ് ചക്രവര്‍ത്തി ഫാ. ലോറന്‍സിനെ നിയോഗിച്ചു. എണ്‍പതിനായിരം തുര്‍ക്കി പടയാളികള്‍ക്കെതിരെ ഫാ. ലോറന്‍സ് 18000 ക്രിസ്ത്യന്‍ യോദ്ധാക്കളെ നിരത്തി. ഫാ. ലോറന്‍സ് ഒരു കുരിശുരൂപം കൈയില്‍പിടിച്ച് കുതിരപ്പുറത്തിരുന്ന് യോദ്ധാക്കളെ നയിച്ചു. സ്റ്റുള്‍വെയിസെന്‍ബെര്‍ഗില്‍ വച്ച് സൈന്യങ്ങള്‍ ഏറ്റുമുട്ടി. തുര്‍ക്കികള്‍ പലായനം ചെയ്തു.
ജര്‍മ്മനിയില്‍ ഫാ. ലോറന്‍സിനു ധാരാളം മാനസാന്തരങ്ങള്‍ നേടാന്‍ കഴിഞ്ഞു. സ്വദേശമായ നേപ്പിള്‍സിലെ ഒരു തര്‍ക്കം തീര്‍ക്കാന്‍ ഫാ. ലോറന്‍സ് പേപ്പല്‍ പ്രതിനിധിയായി ലിസ്ബണിലേക്ക് പോകുകയുണ്ടായി. അവിടെവച്ച് മൃതികരമായ രോഗം പിടിപെടുകയും 1619 ജൂലൈ 22-ന് ദിവംഗതനാകുകയും ചെയ്തു.