ജൂലൈ 24: വിശുദ്ധ ക്രിസ്റ്റീന
ക്രിസ്റ്റീന ടസ്‌കനിയില്‍ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു. പിതാവ് ഉര്‍ബെയിന്‍ ധാരാളം സ്വര്‍ണ്ണവിഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്ന കടുത്ത ഒരു വിജാതീയനായിരുന്നു. പലതും ക്രിസ്റ്റീന ഒടിച്ചുപൊടിച്ച് ദരിദ്രര്‍ക്കു ദാനം നല്കി. കോപിഷ്ഠനായ പിതാവ് മകളുടെ മര്‍ദ്ദകനായി. പിന്നീട് ജയിലിലടച്ചു. ക്രിസ്റ്റീനായുടെ വിശ്വാസം അചഞ്ചലമായിത്തന്നെ നിന്നു.
പീഡകര്‍ ക്രിസ്റ്റീനായുടെ മാംസം കൊളുത്തുകള്‍ കൊണ്ട് കീറിവലിച്ചു. പിന്നീട് അവര്‍ അവളെ ഒരു മര്‍ദ്ദനോപകരണത്തില്‍ കിടത്തി അടിയില്‍ തീവച്ചു. തീജ്വാല പീഡകര്‍ക്ക് നേരെ തിരിഞ്ഞപ്പോള്‍ ആ മര്‍ദ്ദനം നിറുത്തി. പിന്നീട് അവളുടെ കഴുത്തില്‍ ഭാരമേറിയ ഒരു കല്ലുകെട്ടി അവളെ ബൊള്‍സേനാ തടാകത്തിലേക്കെറിഞ്ഞു. അവിടെനിന്ന് ഒരു മാലാഖാ അവളെ രക്ഷിച്ചു. പിതാവ് വൈരാഗ്യത്തോടെ മരിച്ചു.
പിതാവിന്റെ മരണത്തിനുശേഷം ന്യായാധിപന്‍ അവളെ ഒരു തീച്ചൂളയിലിട്ടു ദഹിപ്പിക്കാന്‍ ആജ്ഞാപിച്ചു. അഞ്ചുദിവസം അവിടെ യാതൊരു ക്ലേശവും കൂടാതെ ക്രിസ്റ്റീന കഴിച്ചു. പിന്നീട് സര്‍പ്പക്കാട്ടിലേക്ക് എറിയപ്പെട്ടു. അവിടേയും ഈശോ അല്‍ഭുതകരമായി അവളെ രക്ഷിച്ചു. പിന്നീട് അവളുടെ നാവു മുറിച്ചു കളയുകയും അസ്ത്രങ്ങള്‍കൊണ്ട് ദേഹം കുത്തിത്തുളക്കുകയും ചെയ്തു. ബൊള്‍സേനാ തടാകത്തിനരികെ ടൈറോ നഗരത്തില്‍വച്ച് അവള്‍ രക്തസാക്ഷിത്വമകുടം ചൂടി.