സര്‍വ്വത്ര ദുരിതം: പ്രത്യേക പാക്കേജിനായി ആവശ്യം ശക്തം
വിലങ്ങാട് മേഖലയില്‍ 500 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രഥമിക കണക്ക്. വടകര എഡിഎം അന്‍വര്‍ സാദത്താണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
റോഡുകളും പാലങ്ങളും കൃഷിയിടങ്ങളും കലിതുള്ളിവന്ന മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചു പോയി. വിലങ്ങാട് പുഴ ഗതിമാറിയൊഴുകിയത് ഏക്കറുകളോളം കൃഷിനാശത്തിന് കാരണമായി. കൃഷിയിടങ്ങളില്‍ ചെളിയടിഞ്ഞ് കിടക്കുകയാണ്. ഒഴുകിയെത്തിയ മരത്തടികളും കാടുപടലങ്ങളും ചിതറിക്കിടക്കുന്ന അവസ്ഥയിലാണ്. പല കിണറുകള്‍ ഉപയോഗശൂന്യമായി. കുടിവെള്ളത്തിനും മറ്റുമായി പ്രദേശവാസികള്‍ ആശ്രയിച്ചിരുന്ന ചീളികള്‍ പലതും ഇല്ലാതെയായി. ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പാലവും റോഡും തകര്‍ന്നു: വായാട് ഒറ്റപ്പെട്ടു
ശക്തമായ വെള്ളപ്പാച്ചിലില്‍ പാലം ഒഴുകിപ്പോയതിനെത്തുടര്‍ന്ന് വായാട് പ്രദേശം ഒറ്റപ്പെട്ടു. നൂറോളം കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത്. കുത്തിയൊലിക്കുന്ന പുഴയ്ക്കു കുറുകെ തെങ്ങിന്‍ തടികൊണ്ടു നാട്ടുകാര്‍ തീര്‍ത്ത പാലത്തിലൂടെ വേണം പ്രായമായവരും കുട്ടികളുമടക്കം മറുകരയെത്താന്‍. അടിയന്തര വൈദ്യസഹായം വേണ്ടവരെ മറുകരയെത്തിക്കാന്‍ ഏറെ പ്രയാസമാണ്. വായാട് കോളനി റോഡ് കല്ലുകള്‍ വന്നടിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. ഈ പ്രദേശത്തെ വാഹനങ്ങള്‍ പുറത്തിറക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. പ്രദേശത്തേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. ശേഖരിച്ചുവച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എങ്ങനെ വിപണനം നടത്തുമെന്ന ആകുലതയിലാണ് ഇവിടുത്തെ കര്‍ഷകര്‍. എത്രയും വേഗം ഉറപ്പുള്ള പാലം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വൈദ്യുതി നിലച്ചാല്‍ നിശ്ചലമാകുന്ന വാളൂക്ക്
മഞ്ഞച്ചീളി ഉരുള്‍പൊട്ടലില്‍ ആളപായം കുറഞ്ഞത് ഉരുള്‍പൊട്ടല്‍ സാധ്യത മനസിലാക്കിയപ്പോള്‍ തന്നെ ആളുകള്‍ പരസ്പരം മൊബൈല്‍ വഴി വിവരം കൈമാറിയതുകൊണ്ടാണ്. വാട്‌സാപ്പ് സന്ദേശങ്ങളായും ഫോണ്‍വിളികളായും വിവരമറിഞ്ഞ് ആളുകള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറി.
ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശമാണ് വിലങ്ങാടിനു സമീപമുള്ള വാളൂക്ക്. ഇവിടെ വൈദ്യുതി ഉണ്ടെങ്കില്‍ മാത്രമെ മൊബൈലുകള്‍ പ്രവര്‍ത്തിക്കു. വൈദ്യുതി നിലച്ചാല്‍ റേഞ്ച് നഷ്ടപ്പെടും. 250-ഓളം കുടുംബങ്ങള്‍ വാളൂക്കില്‍ താമസമുണ്ട്.
‘വാളൂക്ക് പ്രദേശത്ത് മൊബൈല്‍ ടവര്‍ അത്യാവശ്യമാണ്. എന്തെങ്കിലും അപകടം ഉണ്ടായതിനു ശേഷം എന്തുചെയ്യാം എന്ന് ചിന്തിക്കുന്നതിലും നല്ലത് അപകടം ഉണ്ടാകാതിരിക്കാന്‍ എന്തു ചെയ്യാം എന്നതാണ്. വിലങ്ങാടു നിന്ന് വാളൂക്കിലേക്കുള്ള പാലം വളരെ ഇടുങ്ങിയതാണ്. മലവെള്ളപ്പാച്ചിലുണ്ടാകുമ്പോള്‍ പാലം തകരുന്നത് അതുകൊണ്ടാണ്. ഉയരം കൂട്ടി നല്ലൊരു പാലം നിര്‍മിക്കണമെന്ന ആവശ്യം നിരവധി തവണ അധികാരികളില്‍ എത്തിച്ചിട്ടുണ്ട്. ഇതുവരെയും ഒരു തീരുമാനവും ആയിട്ടില്ല.’ വാളൂക്ക് സെന്റ് മേരീസ് പള്ളി വികാരി ഫാ. നിഖില്‍ പുത്തന്‍വീട്ടില്‍ പറയുന്നു.