ആഗസ്‌ററ് 10: വിശുദ്ധ ലോറന്‍സ് രക്തസാക്ഷി
257-ല്‍ സിക്‌സ്‌ററസ് ദ്വിതീയന്‍ മാര്‍പ്പാപ്പായായശേഷം തനിക്കു നല്ല പരിചയമുണ്ടായിരുന്ന ലോറന്‍സിനു ഡീക്കണ്‍ പട്ടം നല്കി; അദ്ദേഹം മാര്‍പ്പാപ്പായുടെ ദിവ്യബലിയില്‍ ശുശ്രൂഷിച്ചുപോന്നു. സഭയുടെ സ്വത്തെല്ലാം കൈകാര്യം ചെയ്തിരുന്നതു ലോറന്‍സായിരുന്നതുകൊണ്ടു മാര്‍പ്പാപ്പായുടെ ആര്‍ച്ചുഡീക്കണ്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
വലേരിയന്‍ ചക്രവര്‍ത്തി 257-ല്‍ പ്രസിദ്ധം ചെയ്ത വിളംബരമനുസരിച്ചു 258-ല്‍ മാര്‍പ്പാപ്പാ അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹം കൊലക്കളത്തിലേക്കു മാര്‍ച്ചുചെയ്യുമ്പോള്‍ ലോറന്‍സു കരഞ്ഞു പിന്നാലെ ചെന്നു അഭിവാദ്യം ചെയ്തു: ”പിതാവേ, അങ്ങയുടെ മകനെക്കൂടാതെ അങ്ങ് എവിടേക്കാണു പോകുന്നത്? പരിശുദ്ധനായ പുരോഹിതാ, അങ്ങയുടെ ഡീക്കണെക്കൂടാതെ അങ്ങ് എവിടേക്കു പോകുന്നു? അങ്ങയുടെ ശുശ്രൂഷകനെക്കൂടാതെ അങ്ങു ബലി ചെയ്തിട്ടില്ല. എന്തിലാണു അങ്ങയെ ഞാന്‍ അതൃപ്തിപ്പെടുത്തിയത്? ഞാന്‍ കൃത്യ വിലോപനായിരുന്നിട്ടുണ്ടോ? കര്‍ത്താവിന്റെ രക്തം കൈകാര്യം ചെയ്യുവാന്‍ അങ്ങു തിരഞ്ഞടുത്തവന്‍ അയോഗ്യനായിപ്പോയോ എന്നു കാണുക.
”മകനേ, ഞാന്‍ നിന്നെ ഉപേക്ഷിക്കുന്നില്ല. മൂന്നു ദിവസത്തിനകം നീ എന്നെ അനുധാവനം ചെയ്യും. നിന്റെ കൈവശമുള്ള തിരുസ്സഭയുടെ നിധിയെല്ലാം ദരിദ്രര്‍ക്കു ഭാഗിച്ചു കൊടുക്കുക” എന്നു മാര്‍പ്പാപ്പാ പ്രതിവചിച്ചു. ലോറന്‍സു സന്തുഷ്ടനായി തന്റെ കൈവശമുണ്ടായിരുന്ന സമ്പത്തെല്ലാം ദരിദ്രര്‍ക്കും വിധവകള്‍ക്കും ഭാഗിച്ചുകൊടുത്തു. പിന്നീടു റോമന്‍ പ്രീഫെക്ടു സഭയുടെ സ്വര്‍ണ്ണാഭരണങ്ങളും സ്വര്‍ണ്ണത്തിരിക്കാലുകളും മുതല്‍ക്കൂട്ടുകളും കാണിച്ചുകൊടുക്കാന്‍ ലോറന്‍സിനോടാവശ്യപ്പെട്ടു. ദരിദ്രരേയും വിധവകളേയും നിരനിരയായി നിറുത്തിയശേഷം പ്രീഫെക്ടിനെ വിളിച്ച് ഇവരാണു സഭയുടെ മുതല്‍ക്കൂട്ട് എന്നു പറഞ്ഞു. ”നീ എന്നെ പരിഹസിക്കയാണല്ലേ”, പ്രീഫെക്ട് പ്രതിവചിച്ചു: ”ഇഞ്ചിഞ്ചായി നിന്നെ ഞാന്‍ കൊല്ലും.
അനന്തരം ലോറന്‍സിന്റെ വസ്ത്രം അഴിച്ച് അദ്ദേഹത്തെ ഒരു ഇരുമ്പു പലകയില്‍ കിടത്തി പലകയുടെ കീഴില്‍ തീയിട്ടു. അഗ്‌നി ശരീരത്തെ എരിയിച്ചു. ദൈവസ്‌നേഹം അഗ്‌നിയെ അവഗണിച്ചു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. അവസാനം ലോറന്‍സ് മരിച്ചു. റോമ മുഴുവന്റേയും മനസാന്തരത്തിന് ലോറന്‍സ് കാരണമായി