ആഗസ്റ്റ് 13: വിശുദ്ധ ജോണ്‍ ബെര്‍ക്കുമന്‍സ്
1599 മാര്‍ച്ച് 13-ാം തീയതി ലുവെയിന് അടുത്തുള്ള ഡീസ്‌ററ് എന്ന ഒരു ചെറിയ പട്ടണത്തില്‍ അള്‍ത്താര ശുശ്രൂഷികളുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ ബെര്‍ക്കുമന്‍സു ജനിച്ചു. ജെയിംസ് എന്ന ഒരു സഹോദരന്‍ ജോണിനെപ്പോലെ ഈശോ സഭയിലും മറെറാരു സഹോദരന്‍ അഡ്രിയന്‍ അഗുസ്‌ററീനിയന്‍ സഭയിലും ചേര്‍ന്നു. വിശുദ്ധ കുര്‍ബാനയോടും ദൈവമാതാവിനോടും ജോണിന് നല്ല ഭക്തി ഉണ്ടായിരുന്നുവെന്നല്ലാതെ അസാധാരണത്വമൊന്നും ചെറുപ്പത്തിലുണ്ടായിരുന്നില്ല. ജോണ്‍ പഠനത്തിനു സമര്‍ത്ഥനല്ലായിരുന്നുവെന്നു ചിലര്‍ പറയുന്നുണ്ടെങ്കിലും 13-ാമത്തെ വയസ്സില്‍ അവന്‍ നല്ല ലത്തീന്‍ കവിത എഴുതിയതായി കാണുന്നുണ്ട്. രോഗിണിയായ അമ്മയെ ശുശ്രൂഷിക്കുവാന്‍ ഒഴിവു സമയം മുഴുവന്‍ ജോണ്‍ മാറ്റിവച്ചിരുന്നു.
1615-ല്‍ മെര്‍ക്കലിനില്‍ ഈശോ സഭക്കാര്‍ ഒരു കോളേജ് ആരംഭിച്ചു. അതില്‍ പ്രഥമ വിദ്യാര്‍ത്ഥിയായി ചേര്‍ന്നതു ബെര്‍ക്കുമന്‍സാണ്; അതോടെ ബെര്‍ക്കുമന്‍സ് ഈശോ സഭയില്‍ ചേരാന്‍ നിശ്ചയിച്ചു. മകന്‍ ഒരിടവക വൈദികനായി കാണാന്‍ കൊതിച്ചിരുന്ന പിതാവ് കുറെ തടസ്സമുണ്ടാക്കിയെങ്കിലും 1616 സെപ്‌ററംബര്‍ 24-ാം തീയതി ജോണ്‍ ഈശോസഭ നൊവീഷ്യറ്റില്‍ ചേര്‍ന്നു. 1616 ഡിസംബര്‍ 1 ന് അമ്മ മരിച്ചു; 1618 ഏപ്രില്‍ 1 ന് പിതാവ് ഒരു വൈദികനായി. എന്നാല്‍ 8 മാസമേ ജീവിച്ചുള്ളൂ. ജോണ്‍ തത്വശാസ്ത്രം പഠിച്ചതു റോമയിലാണ്; അവിടെ ഒരു ദിവസം രണ്ടും മൂന്നും കുര്‍ബാനയ്ക്കു കൂടുമായിരുന്നു; എല്ലാവര്‍ക്കും വളരെ പ്രിയങ്കരനുമായിരുന്നു.
1621 ആഗസ്റ്റ് 5-ാം ന് ഒരു താത്വിക വാദപ്രതിവാദത്തിനുശേഷം ജോണിനു പനിപിടിച്ചു. 12-ാനു വിശുദ്ധ അലൂഷ്യസ്സിന്റെ ജീവചരിത്രം കുറേ ഭാഗം വായിച്ചുകേട്ടു. ജപമാലയും കുരിശുരൂപവും നിയമപുസ്തകവും കൈയില്‍ പിടിച്ചു കൊണ്ടു ജോണ്‍ പറഞ്ഞു: ‘ഇവയാണ് എന്റെ മൂന്നു നിധികള്‍; ഇവ കൈയില്‍ പിടിച്ചു മരിക്കാന്‍ ആഗ്രഹിക്കുന്നു. ‘പിറേറദിവസം വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറി. മരിക്കുന്നതിനുമുമ്പു വല്ല ഉപദേശവും സഹപാഠികള്‍ക്കു നല്കാനുണ്ടോ എന്നു റെക്ടറച്ചന്‍ ചോദിച്ചു. അദ്ദേഹം പ്രതിവചിച്ചു:’ ‘ഞാന്‍ ഈ ഭവനത്തില്‍ വന്നതിനുശേഷം മനസ്സറിവോടെയാതൊരു നിയമവും ലംഘിച്ചിട്ടില്ല.’