Daily Saints

ആഗസ്റ്റ് 14: വിശുദ്ധ എവുസേബിയൂസ് രക്തസാക്ഷി


പലസ്തീനയില്‍ വച്ചു രക്തസാക്ഷിത്വമകുടം ചൂടിയ ഒരു റോമന്‍ പുരോഹിതനാണ് എവുസേബിയൂസ്. മാക്‌സിമിയന്‍ ചക്രവര്‍ത്തി പലസ്തീന സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ എവുസേബിയൂസ് എന്നൊരാള്‍ അത്യന്തം തീക്ഷ്ണതയോടെ ക്രിസ്തുവിനെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഒരാവലാതി സ്ഥലത്തേ ഗവര്‍ണ്ണര്‍ മാക്‌സെന്‍സിയൂസിനു ലഭിച്ചു. ഉടനടി അദ്ദേഹത്തെ അറസ്‌ററു ചെയ്തു മാക്സിമിയന്‍ ചക്രവര്‍ത്തിയുടെ അടുക്കല്‍ കൊണ്ടുവന്നു. ഒരു മഹാ ക്രൂരജന്തുവായിരുന്നു ചക്രവര്‍ത്തിയെങ്കിലും ഈ അപരിചിതന്റെ സ്വര്‍ഗ്ഗീയഭാവം അദ്ദേഹത്തെ സ്വല്പം ഒന്നു പരിഭ്രമിപ്പിച്ചു. എവുസേബിയൂസിനെ മോചിക്കുവാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും മനുഷ്യരെന്തു പറയുമെന്ന ഭയം അദ്ദേഹത്തെ ആ കരുണകരമായ നിലപാട് സ്വീകരിക്കാന്‍ അനുവദിച്ചില്ല.

ഉടനടി ഗവര്‍ണര്‍ മാക്‌സെന്‍സിയൂസ് എവുസേബിയൂസിനോടു ദേവന്മാരെ പൂജിക്കുവാന്‍ ആജ്ഞാപിച്ചു. അതിന് അദ്ദേഹം സന്നദ്ധനല്ലെന്നു കണ്ടപ്പോള്‍ ശിരസ്സുഛേദിച്ചു കളയാന്‍ ഉത്തരവിട്ടു. വിധി പ്രഖ്യാപനം കേട്ടയുടനെ എവുസേബിയൂസ് ഉറക്കെ വിളിച്ചു പറഞ്ഞു: ‘ഓ കര്‍ത്താവായ യേശുക്രിസ്തു, അങ്ങയുടെ കാരുണ്യത്തിനു ഞാന്‍ നന്ദി പറയുന്നു; അങ്ങയുടെ ശക്തിയെ ഞാന്‍ സ്തുതിക്കുന്നു. എന്റെ വിശ്വസ്തത പരിശോധിക്കാന്‍ അങ്ങ് എന്നെ വിളിച്ചപ്പോള്‍ അങ്ങയുടെ സ്വന്തം പോലെ എന്നെ അങ്ങു പരിഗണിച്ചിരിക്കുന്നു. അപ്പോള്‍ അദ്ദേഹം ഇങ്ങനെ ഒരു സ്വരം ശ്രവിച്ചു: ‘നീ സഹിക്കുവാന്‍ യോഗ്യനാണെന്നു കണ്ടില്ലായിരുന്നെങ്കില്‍, ക്രിസ്തുവിന്റെ ഭവനത്തില്‍ നീതിമാന്മാര്‍ക്കുള്ള സ്ഥാനങ്ങളിലേക്കു നീ പ്രവേശിക്കപ്പെടുകയില്ലായിരുന്നു.’കൊലക്കളത്തില്‍ വന്നപ്പോള്‍ അദ്ദേഹം മുട്ടുകുത്തി. ഉടനെ അദ്ദേഹത്തിന്റെ തല വെട്ടി താഴെയിട്ടു.


Leave a Reply

Your email address will not be published. Required fields are marked *