ആഗസ്റ്റ് 24: വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹ
സുവിശേഷകര്‍ ശ്ലീഹാന്മാരുടെ പേരുകള്‍ നല്‍കുമ്പോള്‍ ബര്‍ത്തലോമിയക്ക് ആറാമത്തെ സ്ഥാനമാണ് നല്‍കുന്നത്. ഫിലിപ്പ് കഴിഞ്ഞു ബര്‍ത്തലോമിയോ വരുന്നു. പേരിന്റെ അര്‍ത്ഥം തൊലോമയിയുടെ പുത്രനെന്നാണ്. അത് വിശുദ്ധ യോഹന്നാന്‍ ഒന്നാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നതു പോലെ ഫിലിപ്പ് ഈശോയുടെ അടുക്കലേക്കു ആനയിച്ച നിഷ്‌കളങ്കനായ നഥാനിയേലാകാം. അതിനാല്‍ ഗലീലിയിലെ കാന ആയിരിക്കാം അദ്ദേഹത്തിന്റെ ജന്മദേശം.
വേദപുസ്തകത്തില്‍ വിശുദ്ധ ബര്‍ത്തലോമിയോ എന്ന സംജ്ഞയല്ലാതെ ഈ അപ്പസ്‌തോലനെപ്പറ്റി മറ്റൊരു വിവരവും കാണുന്നില്ല. അദ്ദേഹം ഇന്ത്യാ, മെസൊപ്പെട്ടോമിയാ, പാര്‍ത്ഥ്യാ, ലിക്കഓണിയാ എന്നീ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിച്ചുവെന്നും ഇന്ത്യയിലേക്കു വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു പ്രതിമ കൊണ്ടുവന്നുവെന്നും എവുസേബിയൂസു മുതലായ ചില ചിത്രകാരന്മാര്‍ പറയുന്നുണ്ട്. അത് തോമാശ്ലീഹായാണ് ഇന്ത്യയിലേക്കു കൊണ്ടുവന്നതെന്നും അഭിപ്രായാന്തരമില്ലാതില്ല.
അവസാനം വിശുദ്ധ ബര്‍ത്തലോമിയോ പ്രസംഗിച്ചത് അര്‍മീനിയായിലാണ്. അവിടെ അദ്ദേഹം വിഗ്രഹാരാധകരാല്‍ വധിക്കപ്പെട്ടു. അല്‍ബനാപ്പോലീസിലെ ഗവര്‍ണര്‍ അദ്ദേഹത്തെ കുരിശില്‍ തറച്ചുവെന്നു ഗ്രീക്കു ചരിത്രകാരന്മാര്‍ പറയുന്നു. അപരര്‍ പറയുന്നത് അദ്ദേഹത്തിന്റെ തോല്‍ ഉരിഞ്ഞു കളഞ്ഞിട്ടാണ് കുരിശില്‍ തറച്ചതെന്നത്.