ആഗസ്റ്റ് 25: വിശുദ്ധ ഒമ്പതാം ലൂയി രാജാവ്
റീംസില്‍ ഞാന്‍ കിരീടം അണിഞ്ഞു. ഭൗമിക അധികാരത്തിന്റെ ചിഹ്നമായിരുന്നു അത്. പൂവാസില്‍ വച്ച് ജ്ഞാനസ്‌നാനം വഴി ഞാന്‍ ദൈവത്തിന്റെ ശിശുവായി. ഭൗമിക പ്രതാപത്തെ അപേക്ഷിച്ച് എത്ര നിസ്തുലമാണ് ഈ ഭാഗ്യം.” ഫ്രാന്‍സിലെ ഒമ്പതാം ലൂയിസ് രാജാവ് തന്റെ ജ്ഞാനസ്‌നാനത്തെപ്പറ്റി പറഞ്ഞ വാക്കുകളാണിവ. ലൂയിക്കു 12 വയസ്സുള്ളപ്പോള്‍ പിതാവ് മരിക്കുകയും ലൂയിയുടെ നാമത്തില്‍ അമ്മ ബ്‌ളാഞ്ചിയാരാജ്ഞി രാജ്യഭരണം ഏറ്റെടുക്കുകയും ചെയ്തു. രാജ്ഞി മകനോടു പറഞ്ഞു:’ ‘ഒരമ്മയ്ക്കു കഴിവുള്ളിടത്തോളം ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എന്നാല്‍ നീ ഒരു ചാവുദോഷം ചെയ്തു കാണുന്നതിനേക്കാള്‍ എനിക്കിഷ്ടം നീ മരിച്ച് എന്റെ പാദങ്ങളില്‍ വീഴുകയാണ്.
19-ാമത്തെ വയസ്സില്‍ പ്രാവന്‍സിലേ മാര്‍ഗരറ്റിനെ ലൂയി വിവാഹം കഴിച്ചു. അവര്‍ക്ക് 11 മക്കളുണ്ടായി; അവരുടെ സന്തതികളാണ് 1793 വരെ ഫ്രഞ്ചു സിംഹാസനം അലങ്കരിച്ചിട്ടുള്ളത്. 21-ാമത്തെ വയസ്സില്‍ ലൂയി ഭരണം നേരിട്ടെടുത്തു. അധികപ്പലിശയും ദൈവദൂഷണവും ലൂയി നിയമവിരുദ്ധമാക്കി. സമ്പന്നര്‍ ദരിദ്രരെ ദ്രോഹിക്കാതിരിക്കാന്‍ വേണ്ട ചട്ടങ്ങളും ഉണ്ടാക്കി. ദിവസന്തോറും രാജാവ് ഒന്നിലധികം ദിവ്യപൂജ കാണുമായിരുന്നു. രാത്രി ഏതാനും സമയം വിശുദ്ധ കുര്‍ബാനയെ ആരാധിക്കുകയും ദിവ്യകാരുണ്യ സ്വീകരണശേഷം മുട്ടിനുമേല്‍നിന്ന് ദീര്‍ഘനേരം കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. ആശ്രമങ്ങള്‍ക്കും ദൈവാലയങ്ങള്‍ക്കും വളരെയേറെ സഹായം ചെയ്തിട്ടുണ്ട് .
രാജാവിന്റെ വിശുദ്ധി അദ്ദേഹത്തെ വിഷാദപ്രിയനാക്കിയില്ല. പ്രഭുക്കന്മാരെ സല്‍ക്കരിക്കുമ്പോള്‍ അവര്‍ക്കു വീഞ്ഞും നല്ല വിഭവങ്ങളും നല്‍കിയിരുന്നു. 1242-ല്‍ അദ്ദേഹം ജെറുസലേമിലെത്തി വിശുദ്ധ സ്ഥലങ്ങള്‍ക്കായി പോരാടി കാരാഗൃഹം വരിച്ചു; നാട്ടുകാര്‍ ഒരു വലിയ സംഖ്യ കൊടുത്താണ് സ്വാതന്ത്യം നേടിയത്. 1270-ല്‍ വീണ്ടും കുരിശുയുദ്ധത്തിനു പുറപ്പെട്ടു . എന്നാല്‍ ട്യൂണിസില്‍വച്ചു ടൈഫോയിഡു പനി പിടിപെട്ട് 44-ാമത്തെ വയസ്സില്‍ രാജാവ് ദിവംഗതനായി.”കര്‍ത്താവേ, അങ്ങയുടെ തൃക്കരങ്ങളില്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു’. എന്നായിരുന്നു അദ്ദേഹത്തിന്റെ അന്തിമ വചസ്സുകള്‍.