Church News

ചങ്ങനാശ്ശേരി അതിരൂപതയ്ക്കും, ഷംഷാബാദ് രൂപതയ്ക്കും പുതിയ ഇടയന്‍മാര്‍


ചങ്ങനാശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി, സഹായമെത്രാനായി ശുശ്രൂഷ ചെയ്തു വന്നിരുന്ന മാര്‍ തോമസ് തറയിലിനെയും, തെലങ്കാനയിലെ ഷംഷാബാദ് രൂപതയുടെ പുതിയ മെത്രാനായി അദിലാബാദ് രൂപതയുടെ മെത്രാനായി ശുശ്രൂഷചെയ്തു വന്നിരുന്ന മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെയും സീറോമലബാര്‍ സഭയുടെ മുപ്പത്തിരണ്ടാമത് സിനഡ് സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. സിനഡ് അംഗങ്ങളുടെ തീരുമാനങ്ങള്‍ ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചതോടെയാണ് പുതിയ നിയമനങ്ങള്‍ നിലവില്‍ വന്നത്.

ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ജോസഫ് പെരുംതോട്ടം 75 വയസ് പൂര്‍ത്തിയായതോടെ രാജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പുതിയ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയിലിനെ തിരഞ്ഞെടുത്തത്.

1972 ഫെബ്രുവരി രണ്ടിന് ജനിച്ച മാര്‍ തോമസ് തറയില്‍, 2000, ജനുവരി ഒന്നിന് വൈദികനായി അഭിഷിക്തനായി. തുടര്‍ന്ന് വിവിധ ഇടവകകളില്‍ സഹ വികാരിയായും, വികാരിയായും സേവനം അനുഷ്ഠിച്ച അദ്ദേഹം, റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. തുടര്‍ന്ന് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തു വരികയായിരുന്നു.

ഷംഷാബാദ് രൂപതയുടെ മെത്രാനായി സേവനം ചെയ്തിരുന്ന മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെ സിനഡ് തിരഞ്ഞെടുത്തത്. 1976 മേയ് 13ന് തൃശൂരിലെ അരിമ്പൂരില്‍ ജനിച്ച മാര്‍ പ്രിന്‍സ് 2007 ഏപ്രില്‍ 25-ന് വൈദികനായി അഭിഷിക്തനായി. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ ശുശ്രൂഷ ചെയ്ത അദ്ദേഹം, റോമിലെ ഉര്‍ബാനിയന്‍ സര്‍വകലാശാലയില്‍ നിന്ന് ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 2015 ഓഗസ്റ്റ് 6 നാണ് അദിലാബാദ് രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്.


Leave a Reply

Your email address will not be published. Required fields are marked *