സെപ്റ്റംബര്‍ 1: വിശുദ്ധ ഗൈല്‍സ്
ഇംഗ്ലണ്ടിലും ഫ്രാന്‍സിലും വളരെയേറെ പ്രശസ്തി നേടിയിട്ടുള്ള ആബട്ട് ഗൈല്‍സ് ജനിച്ചത്, ആഥന്‍സില്‍ ഒരു കുലീന കുടുംബത്തിലാണ്. അദ്ദേഹത്തിന്റെ പാണ്ഡിത്യവും പരിശുദ്ധിയും പ്രശംസാ വിഷയമാകുന്നതു കണ്ടപ്പോള്‍ അദ്ദേഹം സ്വദേശത്തുനിന്ന് ഫ്രാന്‍സിലേക്കു പോയി. ആദ്യം അദ്ദേഹം റോണ്‍ നദീതീരത്തുള്ള മരുഭൂമിയില്‍ ഒരു പര്‍ണ്ണശാല നിര്‍മ്മിച്ചു താമസിച്ചു. പിന്നീട് നീമെസു വനത്തിലേക്ക് താമസം മാറ്റി. വന്യപഴങ്ങളും കിഴങ്ങുകളും ജലവുമായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ ഭക്ഷണം. യഥാര്‍ത്ഥത്തില്‍ ഒരു മാലാഖായുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
ഭൗമിക ചിന്തകള്‍ കൂടാതെ മിക്കപ്പോഴും പ്രണിധാനത്തില്‍ മുഴുകിയിരിക്കയായിരുന്നു ആബട്ട് ഗൈല്‍സ്. ഒരു മാന്‍പേടയാണ് ഗൈല്‍സിന് പാലുകൊടുത്തിരുന്നത്. നായാട്ടിനുവന്ന ഒരു രാജകുമാരന്‍ ഈ മാന്‍പേടയെ അനുധാവനം ചെയ്തപ്പോള്‍ അത് ആബട്ട് ഗൈല്‍സിനെ അഭയംതേടി. അങ്ങനെ ഗൈല്‍സിന്റെ പരിശുദ്ധി പ്രസിദ്ധമായി. അദ്ദേഹത്തിന് ധാരാളം ശിഷ്യന്മാര്‍ ഉണ്ടാകാന്‍ തുടങ്ങി. കാലക്രമേണ ഗൈല്‍സിന്റെ പര്‍ണ്ണശാല ഒരു ബെനഡിക്ടന്‍ ആശ്രമത്തിന്റെ മൂലബിന്ദുവായിത്തീര്‍ന്നു.