Vatican News

സാമൂഹിക മാറ്റത്തിന്റെ ഏജന്റുമാരാകാന്‍ വിദ്യാര്‍ത്ഥികളോട് പാപ്പ


സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫ്രിബര്‍ഗില്‍ ആരംഭിച്ച കത്തോലിക്കാ വിദ്യാര്‍ത്ഥികളുടെ അന്താരാഷ്ട്ര സംഘടനയായ ‘പാക്‌സ് റൊമാന’ അംഗങ്ങള്‍ ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി. സര്‍വ്വകലാശാല പരിതസ്ഥിതികളെ സുവിശേഷവല്‍ക്കരിക്കുക, യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള വിമര്‍ശനാത്മക കാഴ്ചപ്പാടില്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക, അവരുടെ സാമൂഹിക അന്തരീക്ഷത്തിന്റെ പരിവര്‍ത്തനത്തോടുള്ള പ്രതിബദ്ധത വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്.

കത്തോലിക്കാ വിശ്വാസം ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട്, മാനവിക കുടുംബത്തോടുള്ള ദൈവത്തിന്റെ അനന്ത സ്‌നേഹത്തിനനുസൃതമായി സാമൂഹിക നീതിയും സമഗ്രമായ മാനവിക വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിബദ്ധതയെ പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു.

‘സ്വയം സമര്‍പ്പിക്കലിന്റെയും, സേവനത്തിന്റെയും വിപ്ലവനായകരാകുവാന്‍’ യുവജനങ്ങളോടു പാപ്പാ ആഹ്വാനം ചെയ്തു. സാമൂഹികപ്രശ്‌നങ്ങളെ വിശകലനം ചെയ്തുകൊണ്ട്, ആഗോളപൗരത്വം വളര്‍ത്തുന്നതിനും, സാമൂഹികമാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും, സംഘടന സ്വീകരിച്ചിട്ടുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളെ പാപ്പാ അഭിനന്ദിച്ചു.

സിനഡാത്മകതയില്‍ വേരുറച്ച ഒരു യുവസമൂഹമായി വളര്‍ന്നുവരുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി പാപ്പ പറഞ്ഞു. പങ്കുവയ്ക്കലിന്റെയും, ശ്രവിക്കലിന്റെയും, പങ്കാളിത്തത്തിന്റെയും, വിവേചനാത്മകതയുടെയും നന്മകള്‍ ഉള്‍ക്കൊള്ളുന്ന സിനഡല്‍ യാത്രയില്‍ പങ്കാളികളാകുവാനും, പരിശുദ്ധാത്മാവിന്റെ മധുരശബ്ദം ശ്രവിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. 2025 ജൂബിലി വര്‍ഷം വ്യക്തിഗത നവീകരണത്തിനും, ആത്മീയ സമൃദ്ധിക്കുമുള്ള ഒരു പ്രത്യേക അവസരമായി ഉള്‍ക്കൊണ്ട് സ്വാഗതം ചെയ്യുവാനും പാപ്പാ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചു.


Leave a Reply

Your email address will not be published. Required fields are marked *