Saturday, February 22, 2025
Vatican News

മജുഗോറിയെ മരിയന്‍ ഭക്തികേന്ദ്രത്തിന് അംഗീകാരം


പരിശുദ്ധ അമ്മ നിരവധി തവണ പ്രത്യക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന യൂറോപ്യന്‍ രാജ്യമായ ബോസ്‌നിയയിലെ മജുഗോറിയ മരിയന്‍ ഭക്തികേന്ദ്രവുമായി ബന്ധപ്പെട്ട ആത്മീയനന്മകള്‍ അംഗീകരിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനം സുപ്രധാനമായ രേഖ പുറത്തിറക്കി.

ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ വിക്ടര്‍ മാനുവേല്‍ ഫെര്‍ണാണ്ടസ് ഒപ്പിട്ട് പ്രസിദ്ധീകരിച്ച രേഖ ഇവിടുത്തെ ആത്മീയഫലങ്ങളിലെ നന്മകളെ ഏറ്റുപറയുന്നതാണ്.

മജുഗോറിയ മരിയന്‍ ഭക്തികേന്ദ്രത്തില്‍ ലഭിച്ച ഫലങ്ങള്‍ വിശ്വാസികളില്‍ തിക്തഫലങ്ങള്‍ ഉളവാക്കുന്നവയല്ലെന്ന് രേഖ വിശദീകരിക്കുന്നു. സെപ്റ്റംബര്‍ 19-ന് പ്രസിദ്ധീകരിച്ച രേഖ മെജുഗോറിയയില്‍ പരിശുദ്ധ അമ്മയുമായി ബന്ധപ്പെട്ട പൊതുവായ വണക്കം അംഗീകരിക്കുന്നതാണ്.

ലോകം മുഴുവനും നിന്നുള്ള തീര്‍ത്ഥാടകര്‍ മജുഗോറിയയിലേക്ക് എത്തുന്നത് എടുത്തുപറയുന്ന പരിശുദ്ധസിംഹാസനത്തിന്റെ രേഖ, ആരോഗ്യകരമായ വിശ്വാസജീവിതത്തിലേക്ക് നയിക്കുന്ന കാര്യങ്ങളാണ് മജുഗോറിയ മുന്നോട്ടുവയ്ക്കുന്നതെന്ന് അനുസ്മരിക്കുന്നു.

നിരവധിയാളുകളാണ് ഈ ഭക്തികേന്ദ്രത്തില്‍ വിശ്വാസം തിരികെ കണ്ടെത്തി പരിവര്‍ത്തനത്തിലേക്ക് എത്തിയതെന്ന് പരിശുദ്ധസിംഹാസനം എഴുതി. നിരവധി രോഗശാന്തികളും, കുടുംബഅനുരഞ്ജനങ്ങളും ഈ കേന്ദ്രവുമായി ബന്ധപ്പെട്ട് പറയപ്പെടുന്നു. മജുഗോറിയ ഇടവക ആരാധനയുടെയും, പ്രാര്‍ത്ഥനയുടെയും, യുവജനനസംഗമങ്ങളുടെയും ഇടമായി മാറിയിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഇവിടേക്കെത്തുന്നുണ്ട്.

മജുഗോറിയയിലെ സന്ദേശങ്ങളുമായി ബന്ധപ്പെട്ട് ‘അമാനുഷികമായ’ എന്തെങ്കിലും ഉണ്ടോ എന്നതിനെക്കുറിച്ചുള്ള പ്രസ്താവനകള്‍ നടത്താതിരിക്കുമ്പോഴും, പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയോടെ മൊസ്താര്‍ ഇടവകദ്ധ്യക്ഷന്‍ പുറപ്പെടുവിച്ച ‘നുള്ള ഓസ്താ’ രേഖ അനുസരിച്ച്, മജുഗോറിയയില്‍, വിശ്വാസികള്‍ക്ക്, അവിടെയുള്ള പൊതുവായ ആരാധനയും പ്രാര്‍ത്ഥനകളും വഴി, തങ്ങളുടെ ക്രൈസ്തവജീവിതത്തിനായുള്ള പ്രചോദനം സ്വീകരിക്കുന്നതിന് പരിശുദ്ധ സിംഹാസനം അംഗീകാരം നല്‍കി.

എന്നാല്‍ ഇതില്‍ വിശ്വസിക്കണമെന്ന് പരിശുദ്ധ സിംഹാസനം ആരെയും നിര്‍ബന്ധിക്കുന്നില്ല എന്നും രേഖയില്‍ പറയുന്നു. മജുഗോറിയയിലെ സന്ദേശങ്ങളിലെ ഭൂരിഭാഗത്തെക്കുറിച്ചുമുള്ള പോസിറ്റിവായ മൂല്യനിര്‍ണ്ണയം, അവയെല്ലാം അമാനുഷികമാണെന്ന ഒരു പ്രഖ്യാപനമല്ല എന്നും പരിശുദ്ധ സിംഹാസനം വ്യക്തമാക്കുന്നുണ്ട്.

പ്രാദേശികസഭകളോട്, ഈ സന്ദേശങ്ങള്‍ക്ക് പിന്നിലെ അജപാലനമൂല്യം തിരിച്ചറിയാനും, അവയിലെ അധ്യാത്മികപ്രചോദനം ഏവരിലേക്കുമെത്തിക്കുന്നതിന് ശ്രമിക്കാനും പരിശുദ്ധ സിംഹാസനം നിര്‍ദ്ദേശിച്ചു. മജുഗോറിയയിലേക്ക് തീര്‍ത്ഥാടനം നടത്തുന്നവരോട്, അവിടെ, പരിശുദ്ധ അമ്മയുടെ സന്ദേശം സ്വീകരിക്കുന്നവരെ കാണാനല്ല, മറിച്ച്, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയെ കണ്ടുമുട്ടാനാണ് നിങ്ങള്‍ പോകേണ്ടതെന്നും പരിശുദ്ധ സിംഹാസനം ഓര്‍മ്മിപ്പിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *