Vatican News

ഫ്രാന്‍സിസ് പാപ്പ നാളെ ലക്‌സംബര്‍ഗിലേക്ക്


അജപാലന സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് പാപ്പ നാളെ ലക്‌സംബര്‍ഗിലേക്ക് യാത്രതിരിക്കും. സെപ്റ്റംബര്‍ 29 വരെ നീളുന്ന അജപാലന യാത്രയില്‍ ബല്‍ജിയവും സന്ദര്‍ശിക്കും. പാപ്പയുടെ 46-ാമത് അജപാലന യാത്രയാണിത്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പരിശുദ്ധസിംഹാസനത്തിന്റെ വാര്‍ത്താവിതരണ കാര്യാലയ മേധാവി മത്തേയൊ ബ്രൂണി അറിയിച്ചു.

26-ന് രാവിലെ പാപ്പാ റോമില്‍ നിന്ന് ലക്‌സംബര്‍ഗിലേക്ക് വിമാനം കയറും. വിമാനത്താവളത്തില്‍ സ്വാഗതസ്വീകരണച്ചടങ്ങ്, ലക്‌സംബര്‍ഗ് തലവന്‍ ഗ്രാന്‍ ഡ്യൂക്കുമായുള്ള സൗഹൃദ കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായുള്ള നേര്‍ക്കാഴ്ച, ഭരണാധികാരികളും പൗരസമൂഹ പ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, പ്രാദേശിക കത്തോലിക്കാസമൂഹത്തെ സംബോധന ചെയ്യല്‍ എന്നിവയാണ് ലക്‌സംബര്‍ഗിലെ പരിപാടികള്‍.

അന്നു തന്നെ പാപ്പാ ബല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലേക്കു വിമാനം കയറും. ബെല്‍ജിയത്തിന്റെ രാജാവുമായുള്ള കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായുള്ള നേര്‍ക്കാഴ്ച, ഭരണാധികാരികളും പൗരസമൂഹ പ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, സര്‍വ്വകലാശാലാ വിദ്യര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് വെള്ളിയാഴ്ചത്തെ പരിപാടികള്‍.

28-ന് പാപ്പാ ലുവെയിന്‍ പട്ടണത്തിലേക്കു പോകും. മെത്രാന്മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, വൈദികാര്‍ത്ഥികള്‍, അജപാലനപ്രവര്‍ത്തകര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച, സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച, ഈശോസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് പാപ്പായുടെ ശനിയാഴ്ചത്തെ പരിപാടികള്‍.

ബെല്‍ജിയത്തിലെ അവസാനദിനമായ ഇരുപത്തിയൊമ്പതാം തീയതി ഞായറാഴ്ച പാപ്പായുടെ ഏക പരിപാടി കിങ് ബൗദൊവിന്‍ സ്റ്റേഡിയത്തില്‍ ദിവ്യപൂജാര്‍പ്പണം ആണ്. അന്ന് ഉച്ചതിരിഞ്ഞ് പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.


Leave a Reply

Your email address will not be published. Required fields are marked *