Daily Saints

ഒക്ടോബര്‍ 14: വിശുദ്ധ കലിസ്റ്റസ് പാപ്പാ രക്തസാക്ഷി


വിശുദ്ധ സെഫിറീനൂസു പാപ്പായുടെ പിന്‍ഗാമിയാണു കലിസ്റ്റസ്. ഈ വിശുദ്ധനെ സംബന്ധിച്ചു നമുക്കുള്ള വിവരങ്ങള്‍ അദ്ദേഹത്തിന്റെ എതിരാളിയായിരുന്ന ആന്റി പോപ്പു ഹിപ്പോളിറ്റസ്സില്‍ നിന്നാണ്. കലിസ്റ്റസ്സു പാപ്പായ്ക്കു വല്ല കുറ്റങ്ങളുമുണ്ടായിരുന്നെങ്കില്‍ അവ ഹിപ്പോളിറ്റസ്സു വിവരിക്കാതിരിക്കയില്ലായിരുന്നു. ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ ഒരടിമയായിരുന്നു കലിസ്റ്റസ്. പണം കാവലായിരുന്നു ജോലി. നിക്ഷേപിച്ചിരുന്ന പണം എങ്ങനെയോ നഷ്ടപ്പെട്ടുപോയി. കലിസ്റ്റസു പലായനം ചെയ്തു. എങ്കിലും അദ്ദേഹത്തെ പിടിച്ചു കാരാഗൃഹത്തിലടച്ചു. കുറേനാള്‍ ജയിലില്‍ കിടന്ന ശേഷം, വിശുദ്ധ കലിസ്റ്റസ്സിന്റെ ഭൂഗര്‍ഭാലയം എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ക്രിസ്തീയ ശ്മശാനത്തിന്റെ സൂപ്രണ്ടായി നിയമിക്കപ്പെട്ടു. സെഫിറീനൂസു മാര്‍പ്പാപ്പാ അദ്ദേഹത്തിനു ഡീക്കണ്‍ പട്ടം കൊടുത്തു ഉപദേഷ്ടാവായി നിയമിച്ചു. മാര്‍പ്പാപ്പായുടെ മരണശേഷം റോമയിലെ ജനങ്ങളും വൈദികരും ചേര്‍ന്നു കലിസ്റ്റസ്സിനെ മാര്‍പ്പാപ്പായായി തിരഞ്ഞെടുത്തു. പുറംതള്ളപ്പെട്ട പാപ്പാ സ്ഥാനാര്‍ത്ഥി വേറൊരു മാര്‍പ്പാപ്പായെ തിരഞ്ഞെടുത്തു. അതാണ് ആദ്യത്തെ എതിര്‍പോപ്പ് ഹിപ്പോളിററസ്.

ഹിപ്പോളിററസ്സിന്റെ വിമര്‍ശനത്തിനു വിധേയമായ കലിസ്റ്റസ്സു മാര്‍പ്പാപ്പായുടെ തീരുമാനങ്ങള്‍ താഴെ ചേര്‍ക്കുന്നു: (1) മതത്യാഗം, വ്യഭിചാരം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചെയ്തവര്‍ക്കും പരസ്യ പ്രായശ്ചിത്തം ചെയ്തു കഴിയുമ്പോള്‍ പാപമോചനം നല്കാവുന്നതാണ് (2) അടിമകളും സ്വതന്ത്രരും തമ്മിലുള്ള വിവാഹം സാധുവാണ്. (3) രണ്ടോ മൂന്നോ പ്രാവശ്യം വിവാഹം കഴിച്ച പുരുഷന്മാര്‍ക്കും പട്ടം നല്കാം. (4) ചാവുദോഷം ചെയ്തതുകൊണ്ട് ഒരു മെത്രാനെ സ്ഥാനഭ്രഷ്ടനാക്കേണ്ടതില്ല. (5) പിതാവും പുത്രനും ഒരു ദൈവമേ ആകുന്നുള്ളൂ; രണ്ടാകുന്നില്ല. കര്‍ശനവാദിയായ ഹിപ്പോളിററസ് ഇവയൊക്കെ നിഷേധിച്ചെങ്കിലും കലിസ്റ്റസു പാപ്പാ ഇവ മുറുകെപിടിച്ചതുകൊണ്ടു മഹാന്മാരായ പാപ്പാമാരില്‍ ഒരാളായി എണ്ണപ്പെടുന്നു.

അക്കാലത്തു റോമയില്‍ ഔദ്യോഗികമായി മതപീഡനമുണ്ടായിരുന്നില്ലെങ്കിലും ട്രാസ്‌റ്റെവേരെ എന്ന ഭാഗത്തുണ്ടായ ഒരു വിപ്ലവത്തില്‍ 223 ഒക്ടോബര്‍ 14-ാം തീയതി കലി സ്റ്റസു രക്തസാക്ഷിത്വമകുടം ചൂടി.

236-ലേ മതമര്‍ദ്ദനത്തില്‍ ഹിപ്പോളിറ്റസ്സു സാര്‍ദീനിയായിലേക്കു നാടുകടത്തപ്പെട്ടു; അവിടെവച്ച് അദ്ദേഹം തിരുസ്സഭയോടു രമ്യപ്പെട്ടു. വിപ്രവാസത്തില്‍ അനുഭവിച്ച കഷ്ടതകള്‍ അദ്ദേഹത്തിന്റെ ആയുസ്സു എടുത്തുകളഞ്ഞു. ഹിപ്പോളിറ്റസ്സിനെ വിശുദ്ധനായിട്ടാണു തിരുസ്സഭ വണങ്ങുന്നത്.


Leave a Reply

Your email address will not be published. Required fields are marked *