ഒക്ടോബര്‍ 15: ആവിലായിലെ വിശുദ്ധ ത്രേസ്യാ കന്യക
നവീകൃത കര്‍മ്മലീത്താസഭയുടെ സ്ഥാപകയായി അറിയപ്പെടുന്ന ത്രേസ്യാ സ്‌പെയിനില്‍ ആവിലാ എന്ന നഗരത്തില്‍ 1515 മാര്‍ച്ച് 28-ാം തീയതി ജനിച്ചു. പിതാവ് അല്‍ഫോണ്‍സ് സാഞ്ചെസ്സ് ഒരു കുലീന കുടുംബാംഗമായിരുന്നു. ത്രേസ്യായ്ക്ക് ഏഴു വയസ്സുള്ളപ്പോള്‍ മുഹമ്മദീയരുടെ കരങ്ങളാല്‍ രക്തസാക്ഷിത്വം നേടാമെന്നു കരുതി വീട്ടില്‍നിന്ന്, ആഫ്രിക്കയിലേക്കു പുറപ്പെട്ടു. മാര്‍ഗ്ഗമധ്യേ ഇളയച്ഛന്‍ കണ്ടു കാര്യം ഗ്രഹിച്ച് അവളെ കൂട്ടിക്കൊണ്ടു പോന്നു.’എനിക്കു ദൈവത്തെ കാണണം; അതിനുമുമ്പു മരിക്കേണ്ടതായിട്ടുണ്ടല്ലോ” എന്നാണു അവള്‍ പറഞ്ഞത്. ത്രേസ്യായ്ക്കു പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ അമ്മ അഹൂദാ മരിച്ചു. സഹോദരന്‍ റോഡിഗോയോടുകൂടെ അവള്‍ പറയുമായിരുന്നു: ‘എന്നെന്നേക്കും, എന്നെന്നേക്കും,” ക്രമേണ ത്രേസ്യായുടെ ജീവിതത്തില്‍ ഒരു വ്യതിയാനം വന്നു. വളരെയേറെ കാല്പനിക കഥകള്‍ അവള്‍ വായിച്ചു കൂട്ടി. ഒരു അയല്‍ക്കാരിയുടെ പ്രചോദനത്തില്‍ ത്രേസ്യാ തലമുടി ചുരുട്ടാനും സുരഭില തൈലം പൂശാനും തുടങ്ങി. ഒരു സ്‌നേഹിതനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ ഇടയില്‍ക്കൂടെ ഒരു പറത്തവള ഇഴഞ്ഞുപോയി ഇതു കണ്ടപ്പോള്‍ ത്രേസ്യാക്കു തോന്നി സര്‍വ്വേശ്വരന് ഈ സ്‌നേഹം ഇഷ്ടമല്ലെന്ന്. വിശുദ്ധ ജെറോമിന്റെ കുറേ എഴുത്തുകള്‍ വായിച്ചു.
പ്രാര്‍ത്ഥനയാണു കൃപാവരത്തിനുള്ള വാതിലെന്നു ഗ്രഹിച്ചു 18-ാമത്തെ വയസ്സില്‍ പിതാവ് എതിര്‍ത്തുവെങ്കിലും ത്രേസ്യാ കര്‍മ്മലീത്താസഭയില്‍ ചേര്‍ന്നു. വ്യര്‍ത്ഥമായ സംഭാഷണങ്ങള്‍ നിമിത്തം ആരംഭത്തില്‍ ആധ്യാത്മികജീവിതം ശുഷ്‌കമായിരുന്നു. 31-ാമത്തെ വയസ്സില്‍ അവള്‍ തന്നെത്തന്നെ പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിച്ചു.
തന്റെ ജ്ഞാനപിതാവായ വിശുദ്ധ പീറ്റര്‍ അല്‍കാന്തയോടും വിശുദ്ധ ഫ്രാന്‍സിസു ബോര്‍ജിയായോടും ആലോചിച്ചു ദൈവ നിവേശനപ്രകാരം 1561-ല്‍ 46-ാമത്തെ വയസ്സില്‍ കര്‍മ്മലീത്താ സഭയുടെ നവീകരണത്തിനായി അവള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കുരിശിന്റെ വിശുദ്ധ യോഹന്നാനോടുകൂടെ പുരുഷവിഭാഗവും അവള്‍ നവീകരിച്ചു. അങ്ങനെ നിഷ്പാദുക കര്‍മ്മലീത്താസഭ ആരംഭിച്ചു. തന്റെ ജീവിതകാലത്തുതന്നെ കര്‍മ്മലീത്താ നിഷ്പാദുക കന്യാസ്ത്രീകള്‍ക്കായി പതിനേഴും പുരുഷന്മാര്‍ക്കായി പതിനഞ്ചും ആശ്രമങ്ങളും സ്ഥാപിച്ചു.
18 കൊല്ലത്തെ ആധ്യാത്മിക ശുഷ്‌കതയ്ക്കുശേഷം സമുന്നത പ്രാര്‍ത്ഥനാ രീതിയിലേക്ക് അവള്‍ ക്ഷണിക്കപ്പെട്ടു. ദൈവനി വേശനങ്ങളും മൗതികാനുഭവങ്ങളും സാധാരണമായി. ‘ഒന്നുകില്‍ സഹിക്കുക അല്ലെങ്കില്‍ മരിക്കുക” എന്നായിരുന്നു അവളുടെ മുദ്രാവാക്യം. സ്വയംകൃത ചരിതം, സുകൃതസരണി. ആഭ്യന്തര ഹര്‍മ്മ്യം എന്ന വിശുദ്ധയുടെ ഗ്രന്ഥങ്ങള്‍ ഉയര്‍ന്ന പ്രാര്‍ത്ഥനയെപ്പറ്റിയുള്ള പ്രതിപാദനങ്ങളാണ്. 1559-ല്‍ ഒരു സ്രാപ്പേ മാലാഖ അവളുടെ ഹൃദയം ഭേദിച്ചുവെന്നു പറയുന്നു. 1582 ഒക്ടോബര്‍ 4-ാം തീയതി ഈശോയുടെ ത്രേസ്യായെ ഈശോതന്നെ സ്വര്‍ഗ്ഗത്തിലേക്കു സ്വീകരിച്ചു. 1970 സെപ്തംബര്‍ 27-ാം തീയതി സീയെന്നായിലെ ക്രതീനയോടൊപ്പം വേദപാരംഗത എന്നു നാമകരണം ചെയ്യപ്പെട്ടു.