ഒക്‌ടോബര്‍ 19: വിശുദ്ധ ഐസക്ക് ജോഗ്സ് രക്തസാക്ഷി
വടക്കേ അമേരിക്കയിലെ പ്രഥമ രക്തസാക്ഷികളാണ് ഐസക്ക് ജോഗ്സും കൂട്ടുകാരും ഒരു യുവജെസ്യൂട്ടായിരിക്കെ അദ്ദേഹം ഫ്രാന്‍സിന്‍ സാഹിത്യം പഠിപ്പിക്കുകയായിരുന്നു. 1636-ല്‍ ഹുറോണ്‍ ഇന്ത്യാക്കാരുടെ ഇടയില്‍ മിഷന്‍ പ്രവര്‍ത്തനത്തിനായി ഫാദര്‍ ഐസക്കു അമേരിക്കയിലേക്കു പുറപ്പെട്ടു. ഹുറോണ്‍ ജാതിക്കാരെ ഇറോക്കോയിസ് നിരന്തരം ആക്രമിക്കാറുണ്ട്. താമസിയാതെ ഫാദര്‍ ഐസക്കിനേയും ഇറോക്കോയിസു പിടിച്ചെടുത്ത് 13 മാസം കാരാഗൃഹത്തിലടച്ചു. അദ്ദേഹത്തോടും കൂട്ടുകാരോടും ചെയ്ത അക്രമങ്ങള്‍ അദ്ദേഹം തന്റെ എഴുത്തുകളില്‍ വിവരിച്ചിട്ടുണ്ട്. മാനസാന്തരപ്പെട്ട ഹുറോണ്‍ ജാതിക്കാരെ കൊല്ലുന്ന കാഴ്ച അദ്ദേഹത്തിന് എത്രയും സങ്കടകരമായിരുന്നു. ലന്തക്കാരുടെ സഹായത്തോടുകൂടി അദ്ദേഹം രക്ഷപ്പെട്ടു ഫ്രാന്‍സിലെത്തി. വിരലുകള്‍ പലതും മുറിച്ചുകളഞ്ഞിരുന്നു; അല്ലെങ്കില്‍ കത്തിച്ചുകളഞ്ഞിരുന്നു. ക്ഷതമായ കരങ്ങ ളോടെ വിശുദ്ധ കുര്‍ബാന സമര്‍പ്പിക്കാന്‍ അനുവാദം കൊടുത്ത എട്ടാം ഉര്‍ബന്‍ മാര്‍പ്പാപ്പാ ഇങ്ങനെ എഴുതി: ‘ക്രിസ്തുവിന്റെ രക്തസാക്ഷിക്കു അവിടുത്തേ തിരുരക്തം പാനം ചെയ്യുവാന്‍ അനുവദിക്കാതിരിക്കുന്നതു ലജ്ജാവഹമായിരിക്കും. ഇത്രയും സഹിച്ച ഫാദര്‍ ജോഗ്സു 1646-ല്‍ ജീന്‍ദെലെ ലാന്റോടുകൂടെ വീണ്ടും ഇറാക്കോയിസിന്റെ രാജ്യത്തിലേക്കു പുറപ്പെട്ടു. അവരോട് ‘ഒരു സന്ധിചെയ്ത് കാനഡയിലേക്കു മടങ്ങി ഇന്ത്യരുടെ ഇടയില്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. തല്‍സമയം അവിടെ ഒരു പകര്‍ച്ചവ്യാധിയുണ്ടാകുകയും അനേകര്‍ മരിക്കുകയും ചെയ്തു. ഇത് ഈശോസഭക്കാരുടെ മന്ത്രവാദമാണെന്നു കരുതി ഫാദര്‍ ഐസക്ക് ഉള്‍പ്പെടെ ആറു വൈദികരേയും രണ്ടു സഹോദരരേയും ക്രൂരമായി വധിച്ചു.