ഒക്ടോബര്‍ 25: വിശുദ്ധ ക്രിസ്പിനും ക്രിസ്പീരിയാനും
പ്രസിദ്ധരായ ഈ രക്ത സാക്ഷികള്‍ ഗോളില്‍ മിഷന്‍പ്രവര്‍ത്തനത്തിനായി പോയ രണ്ട് റോമന്‍ സഹോദരരാണ്. അവര്‍ സ്വാസ്റ്റോണില്‍ താമസിച്ചു സുവിശേഷം പ്രസംഗിച്ച് അനേകരെ ക്രിസ്തുമതത്തിലേക്കാനയിച്ചു. രാത്രി ചെരുപ്പു കുത്തിയുണ്ടാക്കിയും മറ്റും ഉപജീവനം കഴിച്ചുവന്നു. അവരുടെ മാതൃകാജീവിതം, ഉപവി, നിസ്സ്വാര്‍ത്ഥത, ദൈവസ്‌നേഹം, സ്ഥാനമാനങ്ങളോടുള്ള അവജ്ഞ എന്നിവ അനേകരുടെ മാനസാന്തരത്തിന് കാരണമായി.
കുറേകൊല്ലം കഴിഞ്ഞപ്പോള്‍ മാക്‌സിമിയന്‍ ഹെര്‍കുലിസ് ചക്രവര്‍ത്തി ആ പ്രദേശത്തു വരാനിടയായി. ക്രിസ്പിന്‍ സഹോദരന്മാര്‍ ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് ചിലര്‍ ചക്രവര്‍ത്തിയുടെ മുമ്പാകെ ആവലാതി ബോധിപ്പിച്ചു. അന്ധവിശ്വാസിയായ ചക്രവര്‍ത്തി അവരെ റിക്ടിയൂസുവാരൂസ് എന്ന ഗവര്‍ണറുടെ അടുക്കലേക്കാനയിക്കാന്‍ ഉത്തരവായി.
ആ ഗവര്‍ണര്‍ ക്രിസ്ത്യാനികളുടെ ബദ്ധ ശത്രുവായിരുന്നു. അവരെ വെള്ളത്തില്‍ മുക്കിയും തിളപ്പിച്ചും കൊല്ലാന്‍ ആജ്ഞാപിച്ചു. ഇവയൊന്നും അവരെ കൊല്ലാന്‍ പര്യാപ്തമായില്ല. നിരാശയോടെ റിക്ടിയൂസു ക്രിസ്പിന്‍ സഹോദരര്‍ക്കായി തയ്യാറാക്കിയ ചിതയില്‍ ചാടിച്ചത്തു. ഉടനെ ചക്രവര്‍ത്തി അവരുടെ ശിരസ്സു ഛേദിക്കുവാന്‍ കല്പിച്ചു. അങ്ങനെ അവര്‍ രക്തസാക്ഷിത്വമകുടം ചൂടി.