ഒക്ടോബര്‍ 28: ശ്ലീഹന്മാരായ വിശുദ്ധ ശിമയോനും യൂദാതദേയൂസും
കനാന്യനായ അഥവാ തീക്ഷ്ണമതിയായ ശിമയോന്‍ ക്രിസ്തുവിന്റെ അപ്പസ്‌തോലന്മാരിലൊരാളാണ്. കനാന്യന്‍ എന്ന വിശേഷണത്തെ ആസ്പദമാക്കി ചിലര്‍ അദ്ദേഹത്തിന്റെ ജന്മദേശം കാനാന്‍ ആണെന്നു പറയുന്നത് പൊതുവേ ആരും സ്വീകരിക്കുന്നില്ല. അദ്ദേഹം ഗലീലിയന്‍ തന്നെയാണ്. യഹൂദരുടെ ഇടയില്‍ മതനൈര്‍മ്മല്യം സംരക്ഷിക്കാന്‍ അത്യുത്സുകരായ ഒരു വിഭാഗമുണ്ട്-തീക്ഷണമതികള്‍. ആ വിഭാഗത്തില്‍പ്പെട്ടവനാണ് ശിമയോനെന്നും കാണുന്നു. കാനായിലെ കല്ല്യാണത്തിലെ മണവാളന്‍ ഈ ശിമയോനാണെന്നു ഗ്രീക്കുകാര്‍ പ്രസ്താവിക്കുന്നു.
പന്ത്രണ്ടു ശ്ലീഹന്മാരുടെ പേരു കൊടുത്തിട്ടുള്ളിടത്തു ശിമയോന്റെ നാമം ചേര്‍ത്തിട്ടുള്ളതില്‍ കവിഞ്ഞു യാതൊന്നും ശിമയോനെപ്പറ്റി സുവിശേഷങ്ങളിലില്ല. മറ്റ് അപ്പസ്‌തോലന്മാരോടൊപ്പം ശിമയോനും പരിശുദ്ധാത്മാവിനെ സ്വീകരിച്ചു വിശ്വസ്തതയോടും തീക്ഷണതയോടുംകൂടെ സുവിശേഷ പ്രചരണത്തിനായി അദ്ധ്വാനിച്ചു. ഈജിപ്തിലും സിറീനിലും മൗറിറ്റാനിയായിലും അദ്ദേഹം സുവിശേഷം പ്രസംഗിച്ചിട്ടുണ്ടെന്നു പറയുന്നു. വിഗ്രഹാരാധകരായ പുരോഹിതര്‍ ശിമയോനെ പേര്‍ഷ്യയില്‍ വച്ചു കുരിശില്‍ തറച്ചുവെന്ന് ഒരു പാരമ്പര്യമുണ്ട്.
യൂദാതദേവൂസ്
യൂദാ സ്‌ക്കറിയോത്തയായി തെറ്റിദ്ധരിക്കാതിരിക്കാന്‍ ഈ അപ്പസ്‌തോലനെ യൂദാതദേവൂസ് എന്നാണു വിളിക്കാറുള്ളത്. കൊച്ചുയാക്കോബിന്റെ സഹോദരനാണു യൂദാ. മറ്റു സഹോദരന്മാരാണു ജെറുസലേമിലെ സീമോനും ജോസെസ്സും. നാലുപേരെയാണ് ഈശോയുടെ സഹോദരന്മാരെന്ന പദം കൊണ്ടു സുവിശേഷകര്‍ വിവക്ഷിക്കാറുള്ളത്. ദൈവമാതാവിന്റെ സഹോദരിയായ മേരിയുടേയും ക്‌ളെയോഫാസിന്റെയും മക്കളാണിവര്‍. അപ്പസ്‌തോല സ്ഥാനത്തേക്കുള്ള ദൈവവിളി സുവിശേഷങ്ങളില്‍ വിവരിച്ചിട്ടില്ല.
തന്നെ സ്‌നേഹിക്കുന്നവര്‍ക്കു തന്നെ വെളിപ്പെടുത്തിക്കൊ ടുക്കുമെന്ന് ഈശോ പറഞ്ഞപ്പോള്‍ യൂദാ ചോദിച്ചു: എന്താണ് അങ്ങ് ലോകത്തിനു സ്വയം വെളിപ്പെടുത്താത്തത്?” (യോഹ. 14: 22). രക്ഷകന്റെ രാജ്യം ലൗകികമായിരിക്കുമെന്നായിരുന്നു യൂദായുടെ വിചാരം . ലോകം അതിനു യോഗ്യമല്ലെന്നായിരുന്നു ദിവ്യഗുരുവിന്റെ മറുപടി.
വിശുദ്ധ യൂദാ സമരിയാ, യൂദെയാ, ഇദമേയാ, സിറിയാ, ലിബിയാ, മെസൊപ്പോട്ടേമിയാ എന്നീ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിച്ചു. കൊച്ചു യാക്കോബിന്റെ രക്തസാക്ഷിത്വത്തിനുശേഷം 62-ല്‍ തിരിച്ചുവന്നു സ്വസഹോദരന്‍ ശിമയോന്റെ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. സകല പൗരസ്ത്യസഭകളേയും അഭിവാദനം ചെയ്ത് അദ്ദേഹം ഒരു ലേഖനമെഴുതി. അവിടങ്ങളിലാണല്ലോ അദ്ദേഹം അദ്ധ്വാനിച്ചത്. പാഷണ്ഡികളെ മാര്‍ഗ്ഗഭ്രംശം വന്ന നക്ഷത്രങ്ങളെന്ന് യൂദാ വിളിക്കുന്നു. അഹങ്കാരവും അസൂയയും ജഡികമോഹങ്ങളുമാണ് അവരുടെ അധഃപതനത്തിന് കാരണമെന്നു അദ്ദേഹം കരുതുന്നു. അധഃപതിച്ചവരോട് അനുകമ്പാപൂര്‍വ്വം വ്യാപരിക്കാന്‍ ശ്‌ളീഹാ ഉപദേശിക്കുന്നു. പേര്‍ഷ്യയിലോ ബെയ്‌റൂട്ടിലോ ആണ് യൂദായുടെ രക്തസാക്ഷിത്വം. കുരിശില്‍ ചേര്‍ത്തു കെട്ടിയശേഷം അസ്ത്രമയച്ചു കൊല്ലുകയാണു ചെയ്തതത്രേ. യൂദായെ അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായി ആധുനിക ലോകം സമാദരിക്കുന്നു.