നവംബര്‍ 1: സകല വിശുദ്ധര്‍
തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നല്കിയിട്ടുള്ള അനുഗ്രഹങ്ങള്‍ക്കും സമ്മാനത്തിനും നന്ദിപറയാനും വിവിധ സാഹചര്യങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ പുണ്യപദം പ്രാപിച്ചിട്ടുള്ളവരുടെ സുകൃതങ്ങള്‍ അനുകരിക്കുന്നതിന് നമ്മളെ പ്രോത്സാഹിപ്പിക്കാനും അവര്‍ ആസ്വദിക്കുന്ന അവര്‍ണ്ണനീയമായ ആനന്ദത്തെപ്പറ്റി ചിന്തിക്കാനും നമ്മുടെ അറിവില്‍പെടാത്ത വിശുദ്ധരില്‍ ദൈവത്തെ മഹത്വപ്പെടുത്താനുമാണ് സകല വിശുദ്ധരുടേയും തിരുനാള്‍ ആചരിക്കുന്നത്.
വിശുദ്ധരുടെ പട്ടികയില്‍ തിരുസഭ ഔദ്യോഗികമായി ചേര്‍ത്തിട്ടുള്ളവരുടെ ഓര്‍മ്മ ഏതെങ്കിലും സ്ഥലങ്ങളില്‍ എന്നെങ്കിലും ഓര്‍ക്കുന്നുണ്ടായിരിക്കും. എന്നാല്‍ വിശുദ്ധരെന്നു നാമകരണം ചെയ്യപ്പെടാത്ത കോടാനു കോടി ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിലുണ്ടല്ലോ. അതിനാല്‍ സര്‍വ്വ സ്വര്‍ഗ്ഗവാസികളുടേയും തിരുനാള്‍ ആഘോഷിക്കുന്നതിന് തിരുസ്സഭ ഇന്നു നമ്മളെ ആഹ്വാനം ചെയ്യുന്നു. അവരുടെ ഗണത്തില്‍ നമ്മുടെ വീട്ടുകാരും നാട്ടുകാരും മിത്രങ്ങളുമൊക്കെ അനുസ്മരിക്കപ്പെടുന്നുണ്ടെന്നുള്ളത് ഒരു സന്തോഷമല്ലേ? അവരുടെ ഗണത്തില്‍ ചെന്നുചേരാന്‍ അവരുടെ മധ്യസ്ഥപ്രാര്‍ത്ഥന നമുക്ക് സഹായകമായിരിക്കും. ആത്മനാ ദരിദ്രരും ഹൃദയ ശാന്തതയുള്ളവരും തങ്ങളുടെ പാപങ്ങളെപ്രതി കരഞ്ഞിരുന്ന വരും നീതിയെ ദാഹിച്ചിരുന്നവരും കരുണാശീലരും ഹൃദയശുദ്ധിയുള്ളവരും സമാധാന പാലകരും നീതിയെപ്രതി പീഡകള്‍ സഹിച്ചിട്ടുള്ളവരുമാണ് വിശുദ്ധര്‍. അവരെ അനുകരിക്കാന്‍ ഇന്നത്തെ തിരുനാള്‍ നമുക്ക് ഉത്തേജനം നല്‍കട്ടെ.
യാക്കോബിന്റെ സന്തതികളുടെ പന്ത്രണ്ടു ഗോത്രങ്ങളില്‍ നിന്ന് പന്തീരായിരം വീതവും സമസ്തജാതി ജനങ്ങളില്‍നിന്ന് കുഞ്ഞാടിന്റെ രക്തത്തില്‍ കഴുകി വെളുപ്പിച്ച വസ്ത്രം അണിഞ്ഞ് അനേകായിരവും ഇന്ന് നമ്മുടെ സ്മരണയില്‍ വരുന്നു. അവര്‍ക്ക് വിശപ്പില്ല, ദാഹമില്ല; വെയിലോ ചൂടോ അവരെ തട്ടുന്നില്ല. ദൈവം അവരുടെ കണ്ണില്‍നിന്ന് കണ്ണീരെല്ലാം തുടച്ചുകളഞ്ഞിരിക്കുന്നു. (വെളി. 7)
ദൈവം അയയ്ക്കുന്ന പീഡകള്‍ സഹിച്ച് കുഞ്ഞാടിന്റെ രക്തത്തില്‍ നമ്മുടെ വസ്ത്രങ്ങള്‍ കഴുകി സകല വിശുദ്ധരുടേയും ഗണത്തില്‍ ചേരാന്‍ നമുക്ക് യത്‌നിക്കാം.
