Daily Saints

നവംബര്‍ 20: വിശുദ്ധ എഡ്മണ്ട് രാജാവ്


ഈസ്റ്റ് ആങ്കിള്‍സിന്റെ രാജാവായ ഓഫ തന്റെ വാര്‍ദ്ധക്യം പ്രായശ്ചിത്തത്തില്‍ ചെലവഴിക്കാന്‍വേണ്ടി രാജ്യം 15 വയസ്സുള്ള തന്റെ മകന്‍ എഡ്മണ്ടിനെ ഏല്പിച്ചു. 855-ലെ ക്രിസ്മസ് ദിവസം ഭക്തനായ രാജാവിനെ എല്‍മോറിലെ ബിഷപ് ഹൂബര്‍ട്ടു കിരീടമണിയിച്ചു. യുവരാജാവ് തന്റെ എളിമയും സുകൃതജീവിതവുംവഴി രാജകുമാരന്മാര്‍ക്ക് ഒരു മാതൃകയായിരുന്നു. മുഖസ്തുതി അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. പ്രജകള്‍ക്കു വിശിഷ്യ ദരിദ്രര്‍ക്ക് അദ്ദേഹം പിതാവായിരുന്നു. വിധവകളുടേയും അനാഥരുടേയും അവശരുടേയും സംരക്ഷകനുമായിരുന്നു.

രാജാവിന്റെ വാഴ്ചയുടെ പതിനഞ്ചാം വര്‍ഷം വന്യജാതികളായ ഡെയിന്‍കാര്‍ രാജ്യം ആക്രമിച്ചു കൈയില്‍ കിട്ടിയ ക്രിസ്ത്യന്‍ വൈദികരേയും സന്യാസികളേയും വധിച്ചു. എഡ്മണ്ട് ഒരു യുദ്ധത്തിനു തയ്യാറായിരുന്നില്ല; എങ്കിലും പെട്ടെന്ന് ഒരു സൈന്യത്തെ ശേഖരിച്ചു ഡെയിന്‍കാരെ തോല്പ്പിച്ചു. താമസിയാതെ അവര്‍ വമ്പിച്ച സന്നാഹങ്ങളോടെ വീണ്ടും വന്നു. അവരെ അഭിമുഖീകരിക്കുക സാധ്യമല്ലെന്നുകണ്ടു സൈന്യത്തെ പിരിച്ചുവിട്ടുകൊണ്ടു രാജാവ് ഒളിച്ചുപോയി. എങ്കിലും ശത്രു അദ്ദേഹത്തെ കണ്ടുപിടിച്ച് ഡാനിഷുനേതാവു ഹിങ്കുവാറിന്റെ അടുക്കലേക്കാനയിച്ചു. അദ്ദേഹം മതവിരുദ്ധവും ജനദ്രോഹവുമായ ചില വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചു. രാജാവു അവ സ്വീകരിച്ചില്ല. അദ്ദേഹം രാജാവിനെ ചാട്ടവാറുകൊണ്ട് അടി പ്പിച്ചു ശരീരം ഒരു മരത്തില്‍ ചേര്‍ത്തുകെട്ടി പിച്ചിക്കീറി; അസ്ത്രങ്ങള്‍ തറച്ചു. ഇവയെല്ലാം ക്ഷമയോടും ശാന്തതയോടും കൂടെ ഈശോയുടെ നാമം വിളിച്ചു സഹിച്ചു. അവസാനം ശിരസ്സു ഛേദിക്കാന്‍ ഹിങ്കുവാര്‍ ആജ്ഞാപിച്ചു; അങ്ങനെ 870 നവം ബര്‍ 20-ന് മുപ്പതാമത്തെ വയസ്സില്‍ എഡ്മണ്ടു രാജാവു രക്തസാക്ഷിത്വം പൂര്‍ത്തിയാക്കി.


Leave a Reply

Your email address will not be published. Required fields are marked *