Daily Saints

നവംബര്‍ 30: വിശുദ്ധ അന്ത്രയോസ് ശ്ലീഹ


യോനായുടെ മൂത്ത പുത്രനായ അന്ത്രയോസ് ഗലീലിയില്‍ ബത്ത്‌സയിദായില്‍ ജനിച്ചു. പത്രോസു ശ്ലീഹായുടെ ജ്യേഷ്ഠനാണ് അന്ത്രയോസ്. രണ്ടുപേരും സ്‌നാപകയോഹന്നാന്റെ ശിഷ്യന്മാരായി ജീവിതമാരംഭിച്ചു. പിന്നീടു രണ്ടു പേരും ഈശോയുടെ ശിഷ്യന്മാരായി മാറി. സുവിശേഷങ്ങളിലുള്ള അപ്പസ്‌തോലന്മാരുടെ ലിസ്റ്റുകളിലെല്ലാം ഒന്നാമത്തെ പേരു പത്രോസിന്റെതാണ. തൊട്ടടുത്ത് അദ്ദേഹത്തിന്റെ സഹോദരന്‍ അന്ത്രയോസ് വരുന്നു. അപ്പസ്‌തോല പ്രമുഖനായ പത്രോസിന്റെ പിറകില്‍ അജ്ഞാതനായി, ശാന്തനായി അദ്ദേഹം കഴിഞ്ഞു.

വേദപുസ്തകത്തില്‍ അന്ത്രയോസു ശ്ലീഹായുടെ ചരിത്രം തുച്ഛമായിട്ടേ ഉള്ളൂ. ഒരു ദിവസം ഈശോയോടുകൂടെ താമസിച്ചതിനുശേഷമാണ് അന്ത്രയോസ് ഈശോയുടെ ശിഷ്യനായത്. അനന്തരം അദ്ദേഹം അനുജനെ കണ്ടപ്പോള്‍ ‘ഞാന്‍ മിശിഹായെ കണ്ടു’ എന്നു പറഞ്ഞു. അന്ത്രയോസ് ശെമയോനെ ഈശോയുടെ അടുക്കല്‍ കൊണ്ടുപോയി പരിചയപ്പെടുത്തി.

വിജനസ്ഥലത്തുവച്ച് അയ്യായിരം പേര്‍ക്കു ഭക്ഷണം കൊടുക്കാന്‍ ആലോചിച്ചപ്പോള്‍ ഫിലിപ്പ് അത് അസാധ്യമാണെന്ന് അഭിപ്രായപ്പെട്ടു. അന്ത്രയോസു പറഞ്ഞു: ‘ഇവിടെ ഒരു ബാലന്റെ അടുക്കല്‍ അഞ്ചു അപ്പവും രണ്ടു മീനുമുണ്ട്. എങ്കിലും അതുകൊണ്ട് എന്താകാനാണ്?’ (യോഹ 6:9) അന്ത്രയോസ് ഒരത്ഭുതം പ്രതീക്ഷിച്ചുവെന്നു തോന്നുന്നു.

പെന്തക്കുസ്തയ്ക്കുശേഷം അന്ത്രയോസ് കപ്പഡോച്ചിയാ, ഗലാത്യാ, ബിഥീനിയാ, സിത്തിയാ, റഷ്യ, ബിസാന്‍സിയും, തെയിസ്, മാസെഡോണിയാ, തെസ്‌ലി, അക്കയാ എന്നീ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിച്ചു. അക്കയായില്‍ പാത്രാ എന്ന സ്ഥലത്തുവച്ച് അന്ത്രയോസിനെ ആദ്യം പ്രഹരിക്കുകയും അതിനുശേഷം എക്‌സ് പോലെ ഒരു കുരിശില്‍ ബന്ധിച്ചിടുകയും ചെയ്തു.

കുരിശില്‍ കിടത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ക്രിസ്തുവിന്റെ അവയവങ്ങളാല്‍ പവിത്രീകരിക്കപ്പെട്ട നല്ല കുരിശേ, എത്ര നാളായി ഇതിനെ കൊതിച്ചിരിക്കാന്‍ തുടങ്ങിയിട്ട്? ഇതാ ഞാന്‍ അതു കണ്ടെത്തിയിരിക്കുന്നു. നിന്റെ കരങ്ങളില്‍ എന്നെ സ്വീകരിച്ചു ദിവ്യഗുരുവിന് എന്നെ സമര്‍പ്പിക്കുക. നീവഴി എന്നെ രക്ഷിച്ചവന്‍ നിന്നില്‍നിന്ന് എന്നെ സ്വീകരിക്കട്ടെ.’ രണ്ടുദിവസം ജീവനോടെ അദ്ദേഹം കുരിശില്‍ കിടന്നു. അടുത്ത് വന്നിരുന്നവരോട് തന്റെ പീഡകള്‍ കുറക്കേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.


Leave a Reply

Your email address will not be published. Required fields are marked *