നവംബര്‍ 29: വിശുദ്ധ സത്തൂര്‍ണിനൂസ്
245-ല്‍ ഫേബിയന്‍ മാര്‍പാപ്പാ സത്തൂര്‍ണിനൂസിനെ വേദ പ്രചാരത്തിനായി ഗോളിലേക്ക് അയച്ചതു മുതലുള്ള സത്തൂര്‍ണിനൂസിന്റെ ചരിത്രം മാത്രമേ ഇതുവരെയും വെളിവായിട്ടുള്ളു. 250-ല്‍ ഡേസിയൂസും ഗ്രാത്തൂസും കോണ്‍സല്‍മാരായിരിക്കുമ്പോള്‍ വിശുദ്ധ സര്‍ത്തൂണിനൂസ് ടൂളു സില്‍ മെത്രാന്‍ സ്ഥാനം ഉറപ്പിച്ചു. ധാരാളം പേരെ അദ്ദേഹം മാനസാന്തരപ്പെടുത്തി.
കാപ്പിറ്റോള്‍ എന്ന ക്ഷേത്രത്തിനും വിശുദ്ധന്‍ താമസസ്ഥലത്തിനും മധ്യേ ഒരു ദേവാലയമുണ്ടായിരുന്നു. ദേവന്മാര്‍ ക്ഷേത്രത്തില്‍ പ്രവചിക്കാറുണ്ടായിരുന്നത്രേ. എന്നാല്‍ വിശുദ്ധന്‍ അതിന്റെ മുമ്പില്‍കൂടി കടന്നുപോകുമ്പോള്‍ ദേവന്മാര്‍ ഊമന്മാരാകുമായിരുന്നു. പൂജാരികള്‍ ഒളിച്ചിരുന്ന് ആരാണ് ആ അത്ഭുത പ്രവര്‍ത്തകനെന്നു കണ്ടുപിടിച്ച് ക്ഷേത്രത്തിലേക്ക് അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുപോന്നു.
ഒന്നുകില്‍ അദ്ദേഹം നിന്ദിതരായ ദേവന്മാര്‍ക്കു ബലിചെയ്യണം. അല്ലെ ങ്കില്‍ അദ്ദേഹത്തെ ബലി ചെയ്യണമെന്നായി പൂജാരികള്‍. ‘ഞാന്‍ ഏക ദൈവത്തെ മാത്രമേ ആരാധിക്കുകയുള്ളൂ; അവിടുത്തേക്കു ഞാന്‍ സ്തുതികളുടെ ബലികളര്‍പ്പിക്കും. നിങ്ങളുടെ ദേവന്മാര്‍ പിശാചുക്കളാണ്. അവര്‍ക്കു നിങ്ങളുടെ കാളകളേക്കാള്‍ നിങ്ങളുടെ ആത്മാക്കളെയാണിഷ്ടം’ സത്തൂര്‍ണിനൂസ് മറുപടി പറഞ്ഞു.
കുപിതരായ പൂജാരികള്‍ അദ്ദേഹത്തെ പല വിധത്തില്‍ മര്‍ദ്ദിച്ചശേഷം ഒരു കാളയുടെ കാലില്‍ കെട്ടിയിട്ട് കാളയെ ഓടിച്ചു. അദ്ദേഹം തല പൊട്ടി മരിച്ചു. വലേരിയന്‍ ചക്രവര്‍ത്തിയുടെ വാഴ്ചക്കാലത്തു 257-ലായിരുന്നിരിക്കണം ഈ രക്തസാക്ഷിത്വം.