Career

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു


2023-24 അദ്ധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി, പ്ലസ് ടു/വിഎച്ച്എസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്നവര്‍ക്കും ബിരുദ തലത്തില്‍ 80 ശതമാനം മാര്‍ക്കോ/ ബിരുദാനന്തര ബിരുദ തലത്തില്‍ 75 ശതമാനം മാര്‍ക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുമുളള ‘പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് 2024-25’ ജനസംഖ്യാനുപാതികമായി നല്‍കുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തില്‍ പഠിക്കുന്ന, സ്ഥിരതാമസക്കാരായ ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാരും), മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

2023-24 അദ്ധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി / ടിഎച്ച്എസ്എല്‍സി, പ്ലസ്ടു / വിഎച്ച്എസ്ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്നവര്‍ക്ക് 10,000 രൂപയും, ബിരുദ തലത്തില്‍ 80 ശതമാനം മാര്‍ക്കോ / ബിരുദാനന്തര ബിരുദ തലത്തില്‍ 75% മാര്‍ക്കോ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് തുക.

ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണനയുണ്ട്. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. ന്യൂനപക്ഷ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതികമായിട്ടാണ്.

അപേക്ഷകര്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് / ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

www.scholarship.minoritywelfare.kerala.gov.in/ എന്ന വെബ്‌സൈറ്റിലെ സ്‌കോളര്‍ഷിപ്പ് മെനു ലിങ്ക് മുഖേന ഓണ്‍ലൈനായി ഡിസംബര്‍ 26 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ ഫീല്‍ഡുകള്‍ പൂര്‍ണമായി പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട രേഖകള്‍ അപ്‌ലോഡ്‌ ചെയ്ത് പ്രിന്റൗട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളില്‍ വിദ്യാര്‍ഥി മുന്‍പ് പഠിച്ചിരുന്ന സ്ഥാപന മേധാവിയ്ക്ക് സമര്‍പ്പിച്ചിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300524, 0471-2302090.


Leave a Reply

Your email address will not be published. Required fields are marked *