ദെബോറ മീറ്റ് 2K25: കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത വിമന്‍സ് കൗണ്‍സില്‍ സമ്മേളനം
താമരശ്ശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസ് വിമന്‍സ് കൗണ്‍സില്‍ സമ്മേളനം കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി രൂപതയിലെ സമുദായ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെയുടെ പുത്തന്‍ ചുവടുവയ്പാണ് ഈ വനിതാ സമ്മേളനമെന്നും, വിശുദ്ധ ബൈബിളില്‍ പ്രതിപാദിക്കുന്ന ഇസ്രായേലിന്റെ പ്രതിസന്ധിയുടെ നടുവില്‍ പ്രവാചകത്വത്തിന്റെയും ധീരതയുടെയും പ്രതീകമായി മാറിയ ദെബോറയെപ്പോലെ ഈ കാലഘട്ടത്തില്‍ സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ പരിഹരിക്കുന്നതിന് ധീരതയോടെ മുന്നിട്ടിറങ്ങാനുള്ള ദൗത്യം സമുദായത്തിലെ സ്ത്രീകള്‍ക്കുണ്ടെന്നും ബിഷപ് ഓര്‍മിപ്പിച്ചു.
താമരശ്ശേരി രൂപതയിലെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച വനിതാ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. സ്ത്രീ ശാക്തീകരണം സമുദായ പുരോഗതിക്ക് എന്ന വിഷയത്തെക്കുറിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യന്‍ ക്ലാസ് നയിച്ചു. വനിതാ സംരംഭകത്വ സാധ്യതകളെക്കുറിച്ച് മെല്‍വിന്‍ സിറിയക്കും, വനിതാ സഹകരണ സംഘങ്ങളെ കുറിച്ച് റിട്ട. ജോയിന്റ് രജിസ്ട്രാര്‍ എം. പി. ജോസഫും, സമുദായ ശാക്തീകരണത്തിന് വനിതാ നേതൃത്വത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ഡോ. ചാക്കോ കാളംപറമ്പിലും ക്ലാസുകള്‍ നയിച്ചു.
ക്രൈസ്തവ സ്ത്രീകള്‍ കേവലം വീടുകളിലും തൊഴിലിടങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കേണ്ടവരല്ലെന്നും അവര്‍ സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളില്‍ നേതൃത്വം നല്‍കേണ്ടവരാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത ഡയറക്ടര്‍ ഫാ. മാത്യു തൂമുള്ളില്‍ പറഞ്ഞു.
സമുദായത്തിനും സമൂഹത്തിനും നിസ്വാര്‍ത്ഥ സേവനം നല്‍കിയ സ്വാതന്ത്ര്യസമര പോരാളിയും ധീര ദേശാഭിമാനിയമായ അക്കാമ ചെറിയാനെപ്പോലെ കേരള രാഷ്ട്രീയത്തിന് അതുല്യ സംഭാവനകള്‍ നല്‍കാന്‍ സമുദായത്തിലെ സ്ത്രീജനങ്ങള്‍ മുന്‍പോട്ടു വരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ പ്രതിനിധികളെ ഓര്‍മിപ്പിച്ചു.
സമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് രൂപത ജനറല്‍ സെക്രട്ടറി ഷാജി കണ്ടത്തില്‍, രൂപത ട്രഷറര്‍ സജി കരോട്ട്, വൈസ് പ്രസിഡന്റുമാരായ അല്‍ഫോന്‍സ മാത്യു, ഷില്ലി സെബാസ്റ്റ്യന്‍, വിമന്‍സ് കൗണ്‍സില്‍ രൂപത കോര്‍ഡിനേറ്റര്‍ ദീപ റെജി, പൗളിന്‍ മാത്യു എന്നിവര്‍ നേര്‍തൃത്വം നല്‍കി.
