അധ്യാപികയുടെ മരണം: യാഥാര്‍ത്ഥ്യമെന്ത്?
താമരശ്ശേരി രൂപതയിലെ കട്ടിപ്പാറ ഇടവകാംഗവും രൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സ്‌കൂള്‍ അധ്യാപികയുമായിരുന്ന അലീന ബെന്നിയുടെ മരണം മായാത്ത നൊമ്പരമായി നീറുകയാണ്. അതേ സമയം രൂപതയെയും വൈദികരെയും സഭാ സംവിധാനങ്ങളെയും ചീത്തവിളിക്കാനും അവഹേളിക്കാനുമുള്ള അവസരമായാണ് ചിലര്‍ ഈ മരണത്തെ നോക്കിക്കാണുന്നത്. സോഷ്യല്‍ മീഡിയകളില്‍ വ്യാജവാര്‍ത്തകളും ആരോപണങ്ങളുമായി ഇവര്‍ കളംനിറയുന്നു. അലീനയുടെ മരണത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളും വസ്തുതകളും ഇക്കൂട്ടര്‍ അന്വേഷിക്കുന്നതേയില്ല.
ഫയലില്‍ കുടുങ്ങുന്ന ജീവിതങ്ങള്‍
കേരള വിദ്യാഭ്യാസ നിയമ പ്രകാരം എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമന അധികാരി സ്‌കൂള്‍ മാനേജറാണെങ്കിലും നിയമന അംഗീകാരം നല്‍കേണ്ടതും ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കേണ്ടതും വിദ്യാഭ്യാസ വകുപ്പാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളോടുള്ള ചിറ്റമ്മനയമാണ് ഈ മേഖലയിലെ മിക്ക പ്രശ്‌നങ്ങളുടെയും മൂലകാരണം.
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ ശമ്പളമില്ലാതെ നിയമനാംഗീകാരം കാത്തുകഴിയുന്നത് 16,000 അധ്യാപകരാണ്. ഇനി നിയമനം ലഭിച്ചവരില്‍ പലര്‍ക്കും ഭിന്നശേഷി സംവരണത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി ദിവസ വേതന അംഗീകാരം മാത്രമാണുള്ളത്.
കോഴിക്കോട് ജില്ലയുടെ കാര്യമെടുത്താല്‍ 3200 അധ്യാപകര്‍ നിയമനാംഗീകാരം ലഭിക്കാതെ വര്‍ഷങ്ങളായി ജോലി ചെയ്യുന്നു. ഇവരില്‍ എട്ടു വര്‍ഷമായി കാത്തിരിക്കുന്നവരുമുണ്ട്. മാനേജ്‌മെന്റിനെതിരെ അന്വേഷത്തിനായി മുറവിളികൂട്ടുന്ന കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പോലുള്ള സംഘടനകള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞ ഭാവമേയില്ല.
ഭിന്നശേഷി സംവരണം
ഭിന്നശേഷി സംവരണമെന്ന കീറാമുട്ടിയാണ് നിയമനാംഗീകാരം വൈകുന്നതിന് പിന്നിലെന്ന് പറഞ്ഞ് കൈകഴുകുകയാണ് വിദ്യാഭ്യാസ വകുപ്പ്. പ്രൈമറി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനത്തിനാണ് കോടതി വിധിപ്രകാരം ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കേണ്ടത്.
1996 ഫെബ്രുവരി ഏഴു മുതല്‍ 2017 ഏപ്രില്‍ 18 വരെ നടത്തിയ നിയമനങ്ങളില്‍ മൂന്നു ശതമാനവും 2017 ഏപ്രില്‍ 19 മുതലുള്ള നിയമനങ്ങളില്‍ നാലു ശതമാനവും (ബാക് ലോഗ്) ഉറപ്പാക്കി വേണം 2021 നവംബര്‍ എട്ടു മുതലുള്ള ഒഴിവുകളില്‍ നിയമനം നടത്താനെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ പല വിഷയങ്ങളിലും ഭിന്നശേഷിക്കാരായ നിശ്ചിത യോഗ്യതയുള്ളവരെ കിട്ടാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ഒഴിവുകള്‍ തുടരുന്നതുകാരണം മറ്റു നിയമനങ്ങള്‍ അനിശ്ചിതമായി നീളുന്നു.
അലീനയുടെ മരണം
വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെ മെറിറ്റ് അടിസ്ഥാനത്തിലാണ് താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. എഴുത്തു പരീക്ഷയും അഭിമുഖവും അധ്യാപന മികവും വിലയിരുത്തിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. നിയമന അംഗീകാരത്തിന് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായേക്കാവുന്ന കാലതാമസവും ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കും. അതിന് സമ്മതമുള്ളവരെ മാത്രമാണ് ലീവ് വേക്കന്‍സികളില്‍ നിയമിക്കുന്നത്.
2019 ജൂണ്‍ 19-ന് മുത്തോറ്റിക്കല്‍ എല്‍പി സ്‌കൂളിലുണ്ടായ താല്‍ക്കാലിക ഒഴിവിലേക്കാണ് അധ്യാപികയായ അലീന ബെന്നിയെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. നിയമന സമയത്ത് അലീനയ്ക്ക് കെ-ടെറ്റ് യോഗ്യത ഇല്ലായിരുന്നു. പക്ഷെ, വിദ്യാഭ്യാസ വകുപ്പില്‍ നിന്നു ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലും പിതാവ് ബെന്നിയുടെ അഭ്യര്‍ത്ഥനമാനിച്ചുമാണ് വീടിന് തൊട്ടടുത്തുള്ള മുത്തോറ്റിക്കല്‍ എല്‍പി സ്‌കൂളില്‍ അലീനയെ നിയമിക്കുന്നത്.
നിയമന അംഗീകാര അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് യഥാസമയം കൈമാറി. എന്നാല്‍ കെ-ടെറ്റ് യോഗ്യതയിലെന്ന കാരണത്താല്‍ വിദ്യാഭ്യാസ ഓഫീസര്‍ നിയമനം നിരസിച്ചു.
തുടര്‍ന്ന് 2021 ജൂലൈ 22-ല്‍ വീണ്ടും മുത്തോറ്റിക്കല്‍ എല്‍പി സ്‌കൂളില്‍ പ്രോബേഷണല്‍ എല്‍പിഎസ്ടിയായി അലീനയ്ക്ക് സ്ഥിരനിയമനം നല്‍കി. അച്ചടക്ക നടപടിയുടെ ഭാഗമായി സര്‍വീസില്‍ നിന്നും നീക്കം ചെയ്ത അധ്യാപികയുടെ ഒഴിവിലായിരുന്നു ഈ നിയമനം. എന്നാല്‍ ഈ അധ്യാപികയെ നീക്കം ചെയ്ത നടപടിയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ല എന്ന കാരണം കാട്ടി അലീനയുടെ നിയമനം താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വീണ്ടും നിരസിച്ചു.
2020 ജനുവരി ഒന്നു മുതല്‍ അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന അധ്യാപികയെ സര്‍വീസില്‍ നിന്ന് നിയമാനുസൃതം നീക്കം ചെയ്ത കോര്‍പ്പറേറ്റ് മാനേജറുടെ നടപടി അംഗീകരിക്കുന്നതില്‍ കുറ്റകരമായ കാലതാമസമാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നുമുണ്ടായത്.
അലീനയുടെ നിയമനം നിരസിച്ച താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കോര്‍പ്പറേറ്റ് മാനജേര്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടി അപ്പീല്‍ നിരസിച്ചു.
ഇതേത്തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മാനേജര്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഇതില്‍ ഒരു നടപടിയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. മുത്തോറ്റിക്കല്‍ സ്‌കൂളിലെ നിയമന അംഗീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ സാങ്കേതിക തടസ്സങ്ങളില്ലാത്ത മറ്റൊരു സ്‌കൂളിലേക്ക് നിയമിക്കണമെന്ന അലീനയുടെയും പിതാവിന്റെയും അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് കോടഞ്ചേരി എല്‍പി സ്‌കൂളിലേക്ക് അലീനയെ നിയമിച്ചത്.
അലീനയുടെ നിയമനം നിരസിക്കപ്പെട്ടതോടെ മുത്തോറ്റിക്കല്‍ സ്‌കൂളില്‍ പിന്നീട് നിയമിതരായ ഏതാനും അധ്യാപകരുടെ നിയമനവും തടസ്സപ്പെട്ടു. അലീനയെ കോടഞ്ചേരി എല്‍പി സ്‌കൂളിലേക്ക് മാറ്റി നിയമിച്ച ശേഷം ഈ അധ്യാപകര്‍ അലീനയോട് ഈ വിഷയം ചര്‍ച്ച ചെയ്യുകയും തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നിയമന അംഗീകാരം ലഭിക്കുന്നതിനായി മുത്തോറ്റിക്കല്‍ സ്‌കൂളിലെ അതുവരെയുള്ള തന്റെ സേവനം പിന്‍വലിക്കുന്നതിന് സമ്മതം അറിയിച്ച് അലീന സ്വമേധയ കത്ത് നല്‍കിയത്. ഇക്കാര്യത്തില്‍ മാനേജ്‌മെന്റ് യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല. കോടഞ്ചേരി എല്‍പി സ്‌കൂളില്‍ നിയമനം നല്‍കി അഞ്ച് മാസത്തിനു ശേഷമാണ് അലീന ഇത്തരമൊരു കത്ത് നല്‍കിയതെന്നും ഓര്‍ക്കണം. എന്നാല്‍ ചില മാധ്യമങ്ങള്‍ ഇതൊരു അവസരമായി കണ്ട് അലീനയെ സമ്മര്‍ദ്ദം ചെലുത്തി കത്ത് എഴുതി വാങ്ങി എന്ന തരത്തില്‍ വാര്‍ത്ത നല്‍കി.
കോടഞ്ചേരി എല്‍പി സ്‌കൂളിലേക്ക് അലീനയെ നിയമിക്കുന്നത് 2024 ജൂണ്‍ അഞ്ചിനാണ്. നിയമനം അംഗീകരിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കോര്‍പ്പറേറ്റ്മാനേജര്‍ ജൂണില്‍ തന്നെ സമര്‍പ്പിച്ചു. അപേക്ഷ സമര്‍പ്പിച്ച് എട്ടുമാസമായിട്ടും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഈ ഫയലില്‍ ഒരു തീരുമാനവുമെടുത്തില്ല. പിന്നീട് 2025 ജനുവരിയില്‍ ചില അധിക രേഖകള്‍ ആവശ്യപ്പെടുകയും കോര്‍പ്പറേറ്റ് മാനേജര്‍ അത് യഥാസമയം നല്‍കുകയും ചെയ്തിരുന്നു.
സാങ്കേതികത്വത്തിന്റെ ചുവപ്പുനാടയില്‍ കുടുങ്ങി വര്‍ഷങ്ങളായി നിയമനാംഗീകാരവും ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ഒട്ടേറെ അധ്യാപകര്‍ നമുക്ക് ചുറ്റുമുണ്ട്. ഇടവേളകളില്‍ കൂലിപ്പണിക്ക് പോകേണ്ട ഗതികേടിലാണ് ചില എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍. ഇവരുടെ കണ്ണീര്‍ ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കും പ്രശ്‌നമേയല്ല… ഓരോ ഫയലിലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിലാണ് ഇതൊക്കെ നടക്കുന്നത് എന്നു കൂടി ഓര്‍ക്കുക.
