ചൈനയില്‍ നടക്കുന്ന ലോക പട്ടം പറത്തല്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുന്ന ആറംഗ സംഘത്തില്‍ ഇടംനേടി, നാടിന്റെ അഭിമാനമായിരിക്കുകയാണ് പുല്ലൂരാംപാറ ഇടവകാംഗം പറയന്‍കുഴിയില്‍ ചാര്‍ലി മാത്യു. ഏപ്രില്‍ 17 മുതല്‍ 21 വരെ ചൈനയിലെ
വൈഫാങ്ങിലാണ് മത്സരം. ലോകത്തിന്റെ കൈറ്റ് ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന പ്രദേശമാണ് വൈഫാങ്. 103 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
20 വര്‍ഷം പ്രവാസ ജീവിതം നയിച്ച ചാര്‍ലി നാലു വര്‍ഷം മുമ്പാണ് ഈ രംഗത്തേക്ക് വരുന്നത്. ”കുട്ടിക്കാലം മുതല്‍ കായിക രംഗത്തോടു വലിയ താല്‍പ്പര്യമുണ്ട്. പ്രവാസകാലത്ത് പരിചയപ്പെട്ട സുഹൃത്താണ് പട്ടം പറത്തല്‍ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് അത് പരിശീലിച്ചു. ഇന്ത്യയിലെ മികച്ച കൈറ്റ് ടീമായ വണ്‍ ഇന്ത്യയില്‍ അംഗമായി. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു.” – ചാര്‍ലി പറയുന്നു.

കഴിഞ്ഞ വര്‍ഷം വിയറ്റ്‌നാമില്‍ നടന്ന രാജ്യാന്തര കൈറ്റ് ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ചാര്‍ലി മത്സരിച്ചിരുന്നു. ഗുജറാത്തില്‍ നടന്ന രാജ്യാന്തര മത്സരത്തിലും പങ്കെടുത്തു. ഡല്‍ഹിയിലെ നോയ്ഡയില്‍ നടന്ന നാഷണല്‍ കൈറ്റ് ഫെസ്റ്റില്‍ കേരള-ലക്ഷദ്വീപ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഹംപിയിലും ഛത്തീസ്ഗഡിലും നടന്ന കൈറ്റ് ഫെസ്റ്റിവലുകളിലും പങ്കെടുത്തു. ഏകദേശം ഇരുന്നൂറോളം കൈറ്റ് താരങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവരില്‍ നിന്ന് മികച്ചവരെയാണ് അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കുന്നത്. ഈ വര്‍ഷം കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആദരം ചാര്‍ലിക്ക് ലഭിച്ചിരുന്നു.
പുല്ലൂരാംപാറ പറയന്‍കുഴി മത്തായി-മേരി ദമ്പതികളുടെ മകനാണ് ചാര്‍ലി. ഭാര്യ ഫിലോമിന മാത്യു തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹൈസ്‌ക്കൂള്‍ അധ്യാപികയാണ്. മകന്‍ ജെയിന്‍ പി. ചാള്‍സ് മുംബൈയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു. മകള്‍ ജിസ ചാള്‍സ് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ്. ദുബായില്‍ നിന്നു തിരിച്ചെത്തിയ ശേഷം മുഴുവന്‍ സമയ കര്‍ഷകനാണ് ചാര്‍ലി.


