കുളത്തുവയല്‍ തീര്‍ത്ഥാടനം ആരംഭിച്ചു


ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കുന്ന എട്ടാമത് കുളത്തുവയല്‍ തീര്‍ത്ഥാടനത്തിന് തുടക്കമായി. താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കു ശേഷം കുരിശിന്റെ വഴിയും ജപമാലയും മാറി മാറി ചൊല്ലി തീര്‍ത്ഥാടകര്‍ പ്രയാണം ആരംഭിച്ചു.

കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍ സ്വാഗതം ആശംസിച്ചു. രൂപതാ ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട് തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രാരംഭ പ്രാര്‍ത്ഥന ചൊല്ലി. വൈദികരും സന്യസ്തരും അല്‍മായരുമടക്കം നിരവധിപേര്‍ തീര്‍ത്ഥാടനത്തില്‍ പങ്കുചേരുന്നുണ്ട്.

നാല്‍പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി താമരശ്ശേരി രൂപത സംഘടിപ്പിക്കുന്ന കുളത്തുവയല്‍ തീര്‍ത്ഥാടനത്തില്‍ നിരവധി വിശ്വാസികളാണ് പങ്കെടുക്കുന്നത്. ക്രിസ്തുവിന്റെ രക്ഷാകര പീഡാസഹനങ്ങളെ അനുസ്മരിച്ച്, കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് ഇടവകകള്‍ പിന്നിട്ടാണ് തീര്‍ത്ഥാടകര്‍ കുളത്തുവയലില്‍ എത്തുക. മരുതോങ്കര, വിലങ്ങാട് ഫൊനോകളിലെ വിശ്വാസികളും അതത് ഫൊറോനകളില്‍ നിന്ന് കാല്‍നടയായി കുളത്തുവയല്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് എത്തും.

ഏകദേശം 36 കിലോമീറ്റര്‍ ദൂരം പത്തു മണിക്കൂര്‍കൊണ്ട് പിന്നിട്ട് ഏപ്രില്‍ 11ന് രാവിലെ ഏഴരയോടെ തീര്‍ത്ഥാട സംഘം കുളത്തുവയല്‍ ദേവാലയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് 7.45ന്ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി പ്രഫസര്‍ ഫാ. ജേക്കബ് അരീത്തറ പീഡാനുഭവ സന്ദേശം നല്‍കും. തുടര്‍ന്നുള്ള ദിവ്യബലിയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.



Leave a Reply

Your email address will not be published. Required fields are marked *