ഏഴു സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് ഡീക്കന്‍ പട്ടം


താമരശ്ശേരി രൂപതയ്ക്കായി വൈദിക പഠനം നടത്തുന്ന ഏഴു സെമിനാരി വിദ്യാര്‍ത്ഥികള്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലില്‍ നിന്ന് ഡീക്കന്‍ പട്ടം സ്വീകരിച്ചു. താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ നടന്ന ശുശ്രൂഷയ്ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രൂപതാ ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട്, അല്‍ഫോന്‍സ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ഷെനീഷ് താന്നിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

ദൈവാശ്രയ ബോധത്തില്‍ ആഴത്തില്‍ വളരാന്‍ പരിശ്രമിക്കണമെന്നും കൂടുതല്‍ സമയം ദൈവത്തോടൊപ്പം ചെലവഴിക്കാന്‍ ശ്രദ്ധിക്കണമെന്നും ബിഷപ് ഡീക്കന്‍ പട്ടം സ്വീകരിച്ച വൈദിക വിദ്യാര്‍ത്ഥികളോടു പറഞ്ഞു.

ബ്ര. സെബിന്‍ തോട്ടമറ്റത്തില്‍, ബ്ര. അരുണ്‍ തുറവയ്ക്കല്‍, ബ്ര. ജെറാള്‍ഡ് പല്ലാട്ട്‌, ബ്ര. നവീന്‍ പുറത്തൂട്ട്, ബ്ര. എഡ്‌വിന്‍ കോനുക്കുന്നേല്‍, ബ്ര. അലന്‍ പോത്തനാമുഴിയില്‍, ബ്ര. സാവിയോ മലമ്പേല്‍ എന്നിവരാണ് ഡീക്കന്‍ പട്ടം സ്വീകരിച്ചത്.

കൂടാതെ അഞ്ച് പേര്‍ സബ് ഡീക്കന്‍ പട്ടവും രണ്ടു പേര്‍ കാറോയ പട്ടവും സ്വീകരിച്ചു.

ഫാ. ജോണ്‍സണ്‍ കൊച്ചീലാത്ത്, ഫാ. കുര്യാക്കോസ് പാലക്കീല്‍, ഫാ. ജോര്‍ജ് പുരയിടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.