പോപ്പ് ഫ്രാന്‍സിസ് – ലോകത്തിന്റെ സാന്ത്വനം: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍


കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ വിടപറയുമ്പോള്‍ ദൈവത്തിനും ദൈവജനത്തിനും വേണ്ടി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു ഇടയനെയാണ് ലോകത്തിന് നഷ്ടമാകുന്നത്.

‘ഞാന്‍ നല്ല ഇടയനാകുന്നു, നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു’ (യോഹ. 10:11). ക്രിസ്തുവിന്റെ ഈ വചനത്തിന് വ്യക്തിരൂപം നല്‍കുവാന്‍ പരിശുദ്ധ പിതാവിന് സാധിച്ചിട്ടുണ്ട്. ആധുനിക കാലഘട്ടത്തില്‍ ലോകം മുഴുവന്‍ ശ്രവിക്കാന്‍ കാതോര്‍ത്തിരുന്ന ശബ്ദമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടേത്. വിനയം, ദൈവ കാരുണ്യത്തിലുള്ള ഊന്നല്‍, ദരിദ്രരോടുള്ള അളവറ്റ കരുതല്‍, മതാന്തര സംവാദത്തോടുള്ള പ്രതിബദ്ധത എന്നിവയാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഏറെ അറിയപ്പെട്ടിരുന്നു. ദൈവവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തന്റെ നാല് ചാക്രികലേഖനങ്ങളും ലോകം മൂഴുവന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനുഷ്യന്റെ അനുദിന ജീവിതവുമായി ബന്ധപ്പെടുത്തുന്ന ഈ ലേഖനങ്ങള്‍ ലോകം ഏറ്റെടുത്തു. സഭയെ പടുത്തുയര്‍ത്തുന്നതായിരുന്നു പരിശുദ്ധ പിതാവിന്റെ പഠനങ്ങളും പ്രഭാഷണങ്ങളും. കൂടാതെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ വിള്ളലുണ്ടാകുമ്പോള്‍, പ്രത്യേകിച്ച്, യുദ്ധസമയങ്ങളില്‍ പരിശുദ്ധ പിതാവിന്റെ ശക്തമായ ആഹ്വാനങ്ങള്‍ ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആധുനിക ജീവിതചര്യകള്‍ക്ക് ലോകം കീഴ്‌പ്പെട്ടപ്പോള്‍ ധാര്‍മ്മിക ഉത്തരമായിരുന്നത് പരിശുദ്ധ പിതാവിന്റെ വാക്കുകളാണ്.

അഭയാര്‍ത്ഥികളെ സ്വീകരിച്ച് അവര്‍ക്ക് അഭയമായി മാറിയ പരിശുദ്ധ പിതാവിനെ ലോകം വളരെ അഭിമാനത്തോടെയാണ് നോക്കിക്കണ്ടത്. തനിക്ക് മുന്നില്‍ വരുന്നവരിലെല്ലാം ദൈവത്തെ കണ്ടുകൊണ്ട് സ്‌നേഹത്തോടെയും സൗഹൃദത്തോടെയും ജാതിമതഭേദെമെന്യേ സ്വീകരിച്ചിരുന്നു. ആ ഇടപെടലുകളും വാക്കുകളും നിലപാടുകളും ഒക്കെയാണ് പരിശുദ്ധ പിതാവിനെ ലോകത്തിന്റെ പിതാവാക്കി മാറ്റിയത്.

ഒത്തിരിയേറെ പ്രതീക്ഷകളോടെയാണ് പരിശുദ്ധ പിതാവ് പ്രത്യാശയുടെ തീര്‍ത്ഥാടകരാകണമെന്ന് ഈ ജൂബിലി വര്‍ഷത്തില്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ നമ്മില്‍ പ്രത്യാശയുടെ കിരണങ്ങള്‍ വിതറി, പ്രത്യാശയുടെ തീര്‍ത്ഥാടകരായി ജീവിക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി തന്റെ നിത്യമായ പ്രത്യാശയിലേക്ക് കടന്നുപോയ പരിശുദ്ധ പിതാവിന് താമശ്ശേരി രൂപതയുടെ പ്രാര്‍ത്ഥനകള്‍.

മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
താമരശ്ശേരി രൂപതയുടെ മെത്രാന്‍

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.