മദ്യവും മയക്കുമരുന്നും പോലെ മൊബൈല്‍ ഫോണിന്റെ ഉപയോഗവും കുട്ടികളില്‍ നിയന്ത്രണാതീതമായ് വര്‍ധിച്ചു വരികയാണ്. രണ്ടു വര്‍ഷത്തിനിടയില്‍ 15,261 കുട്ടികള്‍ക്ക് മൊബൈല്‍ അഡിക്ഷന് ചികിത്സ നല്കിയതായ് വനിത-ശിശു വികസന വകുപ്പ് പറയുന്നു.
പാരന്റിങ് ക്ലിനിക്കുകള്‍, സ്ക്കൂള് കൗണ്‍സിലിങ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പഠനങ്ങളിലൂടെയാണ് ഈ കണക്ക് വെളിപ്പെട്ടത്. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളെ പഠനത്തില്‍ പിന്നോക്കാവസ്ഥയില്‍ ആക്കുന്നു, അക്രമവാസന വര്‍ധിപ്പിക്കുന്നു, മറ്റുള്ളവരുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവരാക്കുന്നു. വിഷാദരോഗം, ഉല്‍ക്കണ്ഠ, അമിത മാനസിക സമ്മര്‍ദ്ദം, ആത്മഹത്യപ്രവണ എന്നീ മാനസിക പ്രശ്നങ്ങളും ഉറക്കകുറവുകൊണ്ട് ഉണ്ടാവുന്ന മാനസിക പ്രശ്നങ്ങളും അമിത മൊബൈല്‍ ഉപയോഗത്തെത്തുടര്‍ന്ന് കുട്ടികളില്‍ കാണുന്നു.
അമിതമായ മൊബൈല്‍ ഉപയോഗം ഒരു ലഹരിയാണ്. അത് മസ്തിഷ്ക്ക വികാസത്തിനും പേശീ വികാസത്തിനും തകരാറുകളുണ്ടാക്കും.
അമിത മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍:
മനുഷ്യന്റെ ഒരു പ്രത്യേകതയാണ് മററുള്ളവര്‍ ചെയ്യുന്ന സത്പ്രവര്‍ത്തികളും ദുഷ്പ്രവര്‍ത്തികളും അനുകരിക്കുക എന്നത്. അതിന് കാരണമാവുന്നത് അവനില്‍ പ്രവര്‍ത്തിക്കുന്ന ദര്‍പ്പണ നാഡീവ്യൂഹങ്ങള്‍ (Mirror neurons) ആണ്. കുട്ടികളില്‍ ദര്‍പ്പണ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം മുതിര്‍ന്നവരേക്കാള്‍ കൂടുതലാണ്. അതിനാല്‍ മാതാപിതാക്കളും രക്ഷിതാക്കളും ചെയ്യുന്നത് കുട്ടികള്‍ അനുകരിക്കും. മൊബൈല്‍ ഫോണിന്റെ ഉപയോഗം മാതാപിതാക്കളും ഭവനത്തിലെ മുതിര്‍ന്നവരും നിയന്ത്രിച്ചു കൊണ്ട് കുട്ടികള്‍ക്ക് മാതൃക നല്‍കുക.
പഠിക്കുന്ന കുട്ടികള്‍ ഉള്ള ഭവനങ്ങളില്‍ ഒരു ടൈം ടേബിള്‍ കൃത്യമായ് പാലിക്കുന്നത് നന്നായിരിക്കും. ബുദ്ധിമുട്ടുളള വിഷയങ്ങള്‍ പഠിക്കാന്‍ കൂടുതല്‍ സമയം നല്‍കണം. കളിക്കാനും മറ്റു പ്രവര്‍ത്തികള്‍ക്കും ഉള്ള സമയവും നിര്‍ണ്ണയിക്കുക. ഉറങ്ങാനും ഉണരുവാനുമുള്ള സമയവും രേഖപ്പെടുത്തണം. ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുവാന്‍ കുറച്ചു സമയം അനുവദിക്കുക.
എല്ലാവരുടെയും ഫോണ്‍ ഭവനത്തില്‍ ഒരു പൊതുവായ സ്ഥലത്ത് സൂക്ഷിക്കുവാനുള്ള ക്രമീകരണം ചെയ്യുന്നത് നന്നായിരിക്കും.
ഉറങ്ങുന്നതിനു മുന്‍പ് എല്ലാവരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അവിടെ വെയ്ക്കുക.
രാത്രി പത്തരയ്ക്കും പതിനൊന്നിനും ഇടയ്ക്ക് മൊബൈല്‍ ഫോണിന്റെ ഉപയോഗം അവസാനിപ്പിച്ച് പൊതുവായ സ്ഥാനത്ത് വെയ്ക്കുക. ഇത് ഭവനത്തിലെ എല്ലാവരുടെയും സഹകരണത്തോടെ നടപ്പില്‍ വരുത്തുക. രാത്രിയിലുള്ള മൊബൈല്‍ ഫോണിന്റെ ഉപയോഗം ഇങ്ങിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുക.
ഭവനത്തിലെ ജോലികളും ചുമതലകളും എല്ലാവര്‍ക്കുമായ് വീതിച്ചു കൊടുക്കുക. ഭക്ഷണം പാകം ചെയ്യുക, വീട്ടിലേക്കുള്ള സാധങ്ങള്‍ വാങ്ങുക, ചെടി നനക്കുക, പാത്രങ്ങള്‍ കഴുകുക, സ്വന്തം വസ്ത്രങ്ങള്‍ കഴുകുക, എന്നിങ്ങിനെയുള്ള കാര്യങ്ങള്‍ ഒഴിവുള്ള ദിവസങ്ങളില്‍ കുട്ടികളെ കൊണ്ട് ചെയ്യിക്കുക. അങ്ങിനെ അവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ സമയ പരിധി കുറയ്ക്കാം.
തയ്യാറാക്കിയത്: ബോബന് കൊക്കാപ്പുഴ
(കേരള കൗണ്‍സിലേഴ്സ് & ട്രെയ്നേഴ്സ് ട്രേഡ് യൂണിയന് സംസ്ഥാന സെക്രട്ടറി)
