താമരശ്ശേരി ചുരം വൃത്തിയാക്കി താമരശ്ശേരി രൂപത


താമരശ്ശേരി രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള നാനൂറില്‍ പരം ആളുകള്‍ ഒന്ന് ചേര്‍ന്ന് താമരശ്ശേരി ചുരം വൃത്തിയാക്കി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിലാണ് ചുരം വൃത്തിയാക്കിയത്. അടിവാരം മുതല്‍ ലക്കിടി വരെയുള്ള ചുരം റോഡില്‍ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്കും ചില്ലുകുപ്പികളും അടക്കം മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്തു.

ശേഖരിച്ച മാലിന്യങ്ങള്‍ പുതുപ്പാടി പഞ്ചായത്ത് അധികാരികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി ഏറ്റെടുത്തു. താമരശ്ശേരി രൂപതയുടെ സ്ഥാപനത്തിന്റെ നാല്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പരിസ്ഥിതി സംരക്ഷണ നടപടികളാണ് രൂപത ആവിഷ്‌കരിച്ചിരിക്കുന്നത്.

കര്‍ഷകര്‍ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നവരാണെന്നു ആരോപിക്കുന്നവര്‍ പരിസ്ഥിതി ശുചീകരണത്തിനായി നേരം പുലരും മുന്‍പേ വയനാട് ചുരത്തിലെത്തിയെ കര്‍ഷകരെ കാണണമെന്നും അവര്‍ പരിസ്ഥിതി സംരക്ഷകരാണെന്നു തിരിച്ചറിയണമെന്നും മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

മനുഷ്യന്‍ സൃഷ്ടിച്ചതല്ലാത്ത ഒരു മാലിന്യങ്ങളും താമരശ്ശേരി ചുരത്തിലോ കേരളത്തിലെ വഴിയോരങ്ങലളിലോ ഇല്ല. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് നാണക്കേടായി നമ്മുടെ നാട്ടിലെ മാലിന്യക്കൂമ്പാരങ്ങള്‍ മാറിയെന്നും മാലിന്യ സംസ്‌കരണം ഓരോ മനുഷ്യന്റെയും സമൂഹത്തോടുള്ള ഉത്തരവാദിത്തമാണെന്നും ബിഷപ് ഓര്‍മിപ്പിച്ചു.

ജൂണ്‍ മാസത്തില്‍ രൂപതയിലെ മുഴുവന്‍ കുടുംബങ്ങളിലും ഓരോ വൃക്ഷത്തൈ നടാനും മാലിന്യങ്ങള്‍ വേര്‍തിരിച്ചു ശേഖരിക്കുന്ന സമ്പ്രദായം എല്ലാ ഭവനങ്ങളിലേക്കും വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. രാവിലെ ആറു മണിക്ക് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉച്ചയോടെ സമാപിച്ചു.

താമരശ്ശേരി രൂപത റൂബി ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോണ്‍ ഒറവങ്കര, ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍, ഫാ. ജോണ്‍ ഒഎഫ്എം, ഫാ. ജില്‍സണ്‍ തയ്യില്‍, ഫാ. ജോര്‍ജ് വെള്ളാരംകാലയില്‍, ഫാ. ജോബിന്‍ തെക്കേക്കരമാറ്റം, ഫാ. ജിയോ കടുകന്മാക്കല്‍, കെസിവൈഎം, മിഷന്‍ ലീഗ് ഭാരവാഹികള്‍ എന്നിവര്‍ ശുചീകരണപ്രവര്‍ത്തങ്ങള്‍ക്കു നേതൃത്വം നല്‍കി.